കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനൊടുവിൽ പിശക് തുറന്ന് സമ്മതിച്ച് കെ സി ജോസഫും.ജോസ് കെ മാണിയെ പുറത്താക്കാൻ പിജെ ജോസഫിനൊപ്പം നടത്തിയ ശ്രമങ്ങൾ തെറ്റായിപ്പോയി എന്ന് തുറന്ന് സമ്മതിക്കലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രതികരണം.കേരള കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ പരോക്ഷമായി വിമർശിച്ചായിരുന്നു കെ സി യുടെ പ്രതികരണം.മറ്റുള്ളവരുടെ പറമ്പിലെ പുല്ലു കണ്ട് പശുവിനെ വളർത്താൻ പറ്റില്ലെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഘടകകക്ഷികൾ സീറ്റ് ചോദിക്കുമ്പോൾ അവരുടെ സ്വാധീനശക്തി കൂടി സ്വയം വിലയിരുത്തണം. വിജയസാധ്യത, മണ്ഡലങ്ങളിലെ സ്വാധീനശക്തി എന്നിവ മനസ്സിലാക്കണം. അല്ലാതെ വെറുതെ എണ്ണം കൂട്ടി വാങ്ങിയിട്ടു കാര്യമില്ല. ന്യായമായതു കോൺഗ്രസ് നിഷേധിക്കാറില്ല. രണ്ടില ചിഹ്നം കൈവിട്ടതു തന്നെ തിരിച്ചടിയായെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺഗ്രസുകാർ പരിചയപ്പെട്ടിരുന്ന ചിഹ്നം രണ്ടിലയാണ്. ട്രാക്ടർ ഓടിക്കുന്ന കർഷകൻ എന്ന ചിഹ്നം വോട്ടർമാരെ പരിചയപ്പെടുത്താൻ സമയം കിട്ടിയില്ലെന്നും കെ.സി.ജോസഫ് ചൂണ്ടിക്കാട്ടി.ഇതിനുപുറമെ കോൺഗ്രസ്സിൽ സമൂലമായ അഴിച്ചുപണി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോൺഗ്രസിൽ നേതൃമാറ്റം ഉമ്മൻ ചാണ്ടിയും ആഗ്രഹിക്കുന്നതായി മനസ്സിലാക്കുന്നു.നേതൃത്വത്തിലേക്കു വരാൻ ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹം മുന്നിലേക്കു വന്നിട്ടില്ല. അദ്ദേഹം ബോധപൂർവം പിന്നിലേക്കു മാറുകയായിരുന്നെന്നും കെ.സി.ജോസഫ് പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിൽ സമൂലമായ അഴിച്ചുപണി വേണമെന്നും കെ.സി.ജോസഫ് ആവശ്യപ്പെട്ടു. ആരുടെയും പേരെടുത്തു പറയുന്നില്ല. മികച്ചവർ കോൺഗ്രസിലുണ്ട്. ജംബോ കമ്മിറ്റികൾ ഇല്ലാതാകണം. ആളുകളെ കുടിയിരുത്താനുള്ള സമിതിയായി കോൺഗ്രസ് മാറരുതെന്നും അദ്ദേഹം പറഞ്ഞു.

തുറന്ന പ്രതികരണവുമായി കെസി ജോസഫ് എത്തിയതോടെ കോൺഗ്രസ്സിനകത്ത് പോരിലേക്ക് വഴിവെച്ചിട്ടുണ്ട്.കെ സിയുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിന് മറുപടിയുമായി കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് രംഗത്തെത്തി.അയൽപക്കത്തെ പുല്ലു കണ്ടല്ല, സ്വന്തം പറമ്പിലെ പുല്ലു കണ്ടാണു പശുവിനെ വളർത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒറ്റയ്‌ക്കൊറ്റയ്ക്കു സ്വന്തം പശുവും പുല്ലുമായി നിന്നാൽ കേരളത്തിൽ യുഡിഎഫുണ്ടോ? ഇത്രയധികം ആരോപണങ്ങളിലൂടെ കടന്നുപോയ എൽഡിഎഫ് സർക്കാരിനെ തോൽപിക്കാൻ സാധിക്കാത്തതിൽ ആദ്യം മറുപടി പറയേണ്ടതു കോൺഗ്രസാണെന്നും മോൻസ് കുറ്റപ്പെടുത്തി. കേരള കോൺഗ്രസിനും ഉത്തരവാദിത്തമുണ്ട്. കേരള കോൺഗ്രസ് പരാജയം പരിശോധിക്കുമെന്നും മോൻസ് പറഞ്ഞു.

ഇതിന് തൊട്ടുപിന്നാലെ കെസി ജോസഫിന് മറുപടിയുമായി പിജെ ജോസഫും രംഗത്ത് വന്നു. യുഡിഎഫിനേറ്റ കനത്ത തോൽവിയിൽ ഘടകകക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും പറഞ്ഞു. കോൺഗ്രസ് ഗ്രൂപ്പിന് അതീതമായി പ്രവർത്തിക്കണം. ഏറ്റുമാനൂരിൽ വിമത സ്ഥാനാർത്ഥിയാണു യുഡിഎഫിന്റെ തോൽവിക്കു കാരണമായതെന്നും പി.ജെ.ജോസഫ് തൊടുപുഴയിൽ പറഞ്ഞു.