കൽപ്പറ്റ: കൽപ്പറ്റയിൽ സീറ്റ് മോഹിച്ച കെസി റോസക്കുട്ടി. അവർക്ക് അതിനുള്ള അർഹതയുണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. പുതു തലമുറയ്ക്ക് വഴിമാറാൻ കോൺഗ്രസ് ഹൈക്കമാണ്ട് റോസക്കുട്ടിയോട് നിർദ്ദേശിച്ചപ്പോൾ അവർക്ക് അത് അംഗീകരിക്കാനായില്ല. അങ്ങനെ അവർ കളം മാറുകയാണ്. ഇനി സിപിഎമ്മുകാരിയാണ് വയനാട്ടിലെ ഈ വനിതാ കരുത്ത്. കൽപ്പറ്റയിൽ ടി സിദ്ദിഖിന് സീറ്റ് നൽകിയത് അംഗീകരിക്കാതെയുള്ള പടിയിറക്കം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് വയനാടിന്റെ എംപി. ഇനി രാഹുലിന്റെ കോൺഗ്രസിന്റെ തറപറ്റിക്കലാണ് ഈ പഴയ ഹെഡ്‌മിസ്ട്രസിന്റെ ദൗത്യം. സിപിഎമ്മിന് അത് പുതിയ പ്രതീക്ഷയാണ്. കൽപ്പറ്റയിൽ വീണ്ടും എൽഎൽഎ ആകാൻ പ്രചരണത്തിലുള്ള എൽജെഡിയുടെ ശ്രേയംസ് കുമാറിന് റോസക്കുട്ടിയുടെ ആശിർവാദവും ഇനിയുണ്ട്.

ഒരു വയനാടൻ ഗ്രാമത്തിൽ ജനിച്ച്, അദ്ധ്യാപികയായി ഔദ്യോഗിക ജീവിതമാരംഭിച്ച്, രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ പേരുറപ്പിച്ച വനിതാ നേതാവ്. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി എക്സിക്യൂട്ടീവ് അംഗം, എഐസിസി അംഗം, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. അങ്ങനെ എല്ലാം കോൺഗ്രസിൽ നിന്ന് നേടിയ വനിതാ നേതാവ്. വനതാ കമ്മിഷൻ മുൻ അധ്യക്ഷയും സുൽത്താൻ ബത്തേരി മുൻ എംഎൽഎയുമാണ് റോസക്കുട്ടി. ഇനി എൽഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് റോസക്കുട്ടി വ്യക്തമാക്കി. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങുമെന്ന് അവർ പറഞ്ഞു. അങ്ങനെ എല്ലാം കോൺഗ്രസിൽ നിന്ന് നേടിയവർ നിർണ്ണായക സമയത്ത് കോൺഗ്രസിനെ കൈവിടുന്നു.

ലതികാ സുഭാഷിന്റെ തല മുണ്ഡനം അനുകൂലമാക്കാൻ കൂടിയാണ് സിപിഎമ്മിന്റെ ശ്രമം. ജീവിതത്തിൽ ഒരിക്കൽ എംഎൽഎയാകണമെന്ന മോഹമാണ് ഏറ്റുമാനൂരിലെ നേതാവിനെ കൊണ്ട് പ്രതിഷേധിപ്പിച്ചത്. അവർ ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമ്പോഴും പ്രഖ്യാപിച്ചത് താൻ എന്നും കോൺഗ്രസ് നേതാവായിരിക്കുമെന്നാണ്. എന്നാൽ കൽപ്പറ്റ സീറ്റിന് വേണ്ടി അവസാനം വരെ ശ്രമിച്ച റോസക്കുട്ടി കോൺഗ്രസിനെ വിട്ട് സിപിഎമ്മിൽ ചേരുകയാണ്. മൂന്ന് പതിറ്റാണ്ടായി കോൺഗ്രസിലെ സജീവ പ്രവർത്തകയായ റോസക്കുട്ടി 91ൽ സുൽത്താൻ ബത്തേരിയിൽ നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതായത് നിയമസഭാ അംഗത്വം പോലും കോൺഗ്രസ് നൽകിയ വനിതാ നേതാവായിരുന്നു റോസക്കുട്ടി. പുതു തലമുറയ്ക്ക് വേണ്ടി വഴിമാറി പാർട്ടിയെ കരുത്തരാക്കാൻ ഹൈക്കമാണ്ട് നടത്തിയ ഇടപെടലിനെ തള്ളിപ്പറയുന്ന നേതാവും.

1983 ൽ വയനാട്ടിലെ പുൽപള്ളിയിൽ പഴശ്ശിരാജാ കോളജിനു സ്ഥലമെറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന സമരവും വെടിവയ്പുമാണ് റോസക്കുട്ടിക്കു സജീവ രാഷ്ട്രീയത്തിലേക്കു വഴിതെളിച്ചത്. അദ്ധ്യാപികയുടെ കുപ്പായത്തിൽനിന്ന് കെ.സി. റോസക്കുട്ടിയെ രാഷ്ട്രീയക്കാരിയാക്കി മാറ്റിയത് 1983 ൽ പുൽപള്ളിയിലുണ്ടായ പൊലീസ് വെടിവയ്പായിരുന്നു. കോട്ടയത്തെ ബിഎഡ് പഠനം കഴിഞ്ഞ് ഫലം വരുന്നതിനു മുമ്പുതന്നെ, സ്വന്തം ഇടവകയിൽ 1973 ൽ തുടങ്ങിയ സ്‌കൂളിൽ അദ്ധ്യാപികയായി കെ.സി. റോസക്കുട്ടി. മൂന്നു വർഷം കഴിഞ്ഞ് ഹൈസ്‌കൂൾ വന്നപ്പോൾ ഹെഡ്‌മിസ്ട്രസിന്റെ താൽക്കാലിക ചുമതലയും കിട്ടി. സ്‌കൂളിൽനിന്നു മികച്ച ജയവുമായി വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയപ്പോൾ ഉപരിപഠനത്തിനു കോളജുകളില്ലാത്തത് വലിയ പ്രതിസന്ധിയായി. അങ്ങനെ പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.യു. ജേക്കബിന്റെ നേതൃത്വത്തിൽ ഒരു സൊസൈറ്റി രൂപീകരിച്ചു. ഒരു കോളജ് തുടങ്ങുകയായിരുന്നു ലക്ഷ്യം. സൊസൈറ്റിയിലെ ഗവേണിങ് ബോഡി അംഗമായിരുന്നു കെ.സി. റോസക്കുട്ടി.

പുൽപ്പള്ളി വെടിവയ്‌പ്പിൽ താരമായത് റോസക്കുട്ടിയെന്ന ടീച്ചർ

പഴശ്ശിരാജ കോളജിന് അനുമതി ലഭിച്ചപ്പോൾ 25 ഏക്കർ സ്ഥലം നൽകാമെന്ന് പുൽപള്ളി ദേവസ്വം സമ്മതിച്ചു. പക്ഷേ ആ ഭൂമിക്ക് എസ്എൻഡിപി യൂണിയൻ അവകാശവാദമുന്നയിച്ചതോടെ തർക്കമുണ്ടായി. അതു കനത്തതോടെ കേസ് കോടതിയെത്തി. കോളജിനു ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള സമരവും അതിനോട് അനുബന്ധിച്ചുണ്ടായ ചില സംഭവങ്ങളുമായിരുന്നു പിന്നീട് പുൽപള്ളി വെടിവയ്പ് കേസിലേക്കു നയിച്ചത്. ഭൂമി പിടിച്ചെടുക്കുമെന്ന മുദ്രാവാക്യവുമായി പഴശ്ശിരാജ എജ്യുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സമരം വെടിവയ്‌പ്പിലും അക്രമത്തിലും കലാശിച്ചു. പ്രധാന അദ്ധ്യാപിക എന്ന നിലയിൽ തന്റെ കുട്ടികൾ സമരത്തിൽ പങ്കെടുക്കുന്നതിൽ റോസക്കുട്ടിക്ക് എതിർപ്പായിരുന്നു.

1983 ജൂലൈ 6 നാണ് അത് സംഭവിച്ചത്. സമരത്തിനു നേരേ വെടിവയ്പുണ്ടായെന്നറിഞ്ഞ് സ്‌കൂൾ വിടണമെന്ന് പുൽപള്ളി സ്‌കൂൾ ഹെഡ്‌മാസ്റ്ററുടെ അറിയിപ്പു വന്നു. ബെല്ലടിച്ച് സ്‌കൂൾ വിട്ട് കുട്ടികൾ പുറത്തേക്ക് ഇങ്ങുമ്പോൾ വലിയ വാനുകളിൽ പൊലീസുകാർ കൂട്ടമായി വന്നിറങ്ങി സ്‌കൂളിലേക്ക് ഇരച്ചു കയറുന്നു. ഇതേ സ്‌കൂളിൽ അദ്ധ്യാപകനായ സഹോദരൻ ഉൾപ്പടെയുള്ളവർക്കു പരുക്കേറ്റു. കെ. കരുണാകരനാണ് അന്ന് മുഖ്യമന്ത്രി.

കോളജിനു വേണ്ടി ആയിരുന്നതിനാൽ രാഷ്ട്രീയ ഭേദമില്ലാതെയായിരുന്നു സമരം. പുൽപള്ളിയിലാണ് നിരാഹാര സമരം. മുള്ളൻകൊല്ലിയിൽനിന്ന് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം നടക്കുന്നിടത്തേക്ക് ഒരു മാർച്ച് വരുന്നു. ഈ ജാഥ തടയുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. മുള്ളൻകൊല്ലിയിലേക്കു വരുന്നിടത്ത് 17 വിദ്യാർത്ഥികൾ മാത്രമുള്ള ഒരു പാരലൽ കോളജുണ്ടായിരുന്നു. സമരക്കാരെ തടയാൻ സ്ഥലത്ത് പൊലീസിനെ നിയോഗിച്ചിരുന്നു. പൊലീസ് വാഹനം വരുന്നതു തടയാൻ വിദ്യാർത്ഥികൾ വഴിയിൽ കല്ലു നിരത്തി. ഇതു മാറ്റാൻ പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും കുട്ടികൾ തയാറായില്ല. ഇതോടെ പൊലീസ് ലാത്തിച്ചാർജു തുടങ്ങി.

സ്‌കൂൾ വിദ്യാർത്ഥികളാണ് കല്ലെറിഞ്ഞത് എന്നു സംശയിച്ചായിരുന്നു സ്‌കൂളിലേക്കുള്ള പൊലീസ് ആക്രമണം. അന്നു സമരക്കാർക്കു നേരെയുണ്ടായ വെടിവയ്പിൽ മൂന്നു പേർ മരിച്ചു. തന്റെ സ്‌കൂളിൽ ഫിസിക്‌സ് പഠിപ്പിച്ചിരുന്ന കോട്ടയം ഏറ്റുമാനൂരുകാരനായ അദ്ധ്യാപകൻ ഇന്നും മിസിങ് ആണെന്ന് ടീച്ചർ പറയുന്നു. അന്നു രാത്രി പൊലീസിന്റെ താണ്ഡവമായിരുന്നു. നിരോധനാജ്ഞ നീട്ടി. സമരക്കാരെ തല്ലിയോടിച്ചു. രാഷ്ട്രീയക്കാരെയും നാട്ടുകാരെയും വിദ്യാർത്ഥികളെയുമെല്ലാം വീടുകയറി പിടിച്ചുകൊണ്ടുപോയി മർദിച്ചു. അന്ന് യുവതിയായിരുന്ന റോസക്കുട്ടി പിന്നീട് കോൺഗ്രസിന്റെ ശബ്ദമായി.

കോളേജിനു് വേണ്ടിയുള്ള നീക്കം തുടർന്നു. കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും വിധി സൊസൈറ്റിക്ക് പ്രതികൂലമായിരുന്നു. ഇതോടെ, വാടകക്കെട്ടിടത്തിലായിരുന്ന കോളജ് സ്വന്തം ഭൂമിയിൽ തന്നെ വേണമെന്ന് സൊസൈറ്റി ഭാരവാഹികൾ തീരുമാനിച്ചു. ഇതിനായി അംഗങ്ങളുടെ വീടും പുരയിടവുമെല്ലാം പണയപ്പെടുത്തി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് കോളജ് അവിടെ പ്രവർത്തിച്ചു തുടങ്ങി. ഇതോടെ സൊസൈറ്റി കടുത്ത സാമ്പത്തിക ബാധ്യതയിലായി. പിന്നീട് കോളജ് മലങ്കര കത്തോലിക്കാ സഭയ്ക്ക് വിൽക്കുകയായിരുന്നു. കോളജ് കൈമാറുമ്പോൾ ഒരേയൊരു കാര്യമാണ് സൊസൈറ്റി മുന്നോട്ടു വച്ചത്. അത് അംഗീകരിക്കപ്പെടുകയും ചെയ്തു.