തിരുവനന്തപുരം: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനിൽ (കെസിഎ) നിന്നു പുറത്താക്കും. ബിനീഷിനെതിരെ നടപടിയെടുക്കാൻ താര സംഘടനയായ അമ്മ തീരുമാനിച്ചതാണ് ഇതിന് കാരണം. ഇതോടെ ബിനീഷിനെ പുറത്തായില്ലെങ്കിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ക്രിക്കറ്റിന് നേരെയും തിരിയും. അതിനിടെ ഇടുക്കിയിലെ പീഡന പരാതി ഒതുക്കി തീർത്തതും ബിനീഷാണെന്ന ചർച്ച ക്രിക്കറ്റുകാർക്കിടയിൽ സജീവമാകുകയാണ്.

താരസംഘടനയായ അമ്മയിലെ അംഗമാണ് ബിനീഷ്. കേസിൽ സംശയ നിഴലിലായ ബിനീഷിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ അമ്മ തീരുമാനിച്ചിട്ടുണ്ട്. അമ്മയുടെ പ്രസിഡന്റായ മോഹൻലാൽ ഇതിനുള്ള നിർദ്ദേശം കൊടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ കെസിഎയിൽ ബിനീഷിനെ നിലനിർത്തുന്നത് വലിയ വിവാദമാകും. കെസിഎയിൽ ബനീഷിനുള്ള ഇടപാടുകൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലാണ്. അതുകൊണ്ട് തന്നെ ബിനീഷിനെതിരെ നടപടി എടുക്കാനാണ് കെസിഎയിലെ പുതിയ നീക്കം.

ബിനീഷിനെ പുറത്താക്കണമെന്ന വിവാദം ആളികത്തുമ്പോൾ വിഷയം ചർച്ച ചെയ്യാൻ ജനറൽ ബോഡി വിളിക്കും. ഈ മാസം തന്നെ യോഗം ചേരുമെന്നു കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായർ അറിയിച്ചു. മറ്റന്നാൾ പ്രത്യേക നിർവാഹക സമിതി ചേരുന്നുണ്ടെങ്കിലും ചട്ടപ്രകാരം നേരത്തേ നിശ്ചയിച്ച അജൻഡ മാത്രമേ ചർച്ച ചെയ്യാനാവൂ. ഈ യോഗത്തിൽ അനൗദ്യോഗിക ചർച്ചകൾ നടത്തും. അതിന് ശേഷം അന്തിമ തീരുമാനവും എടുക്കും. കണ്ണൂർ ജില്ലാ സെക്രട്ടറി അനസ് വലിയപറമ്പലിനോടും രാജിവയ്ക്കാൻ ആവശ്യപ്പെടും. രഞ്ജി താരം ജാഫർ ജമാലിന്റെ ബൈക്ക് മയക്കുമരുന്ന് മാഫിയാ തലവന്റെ ഹോട്ടലിൽ നിന്ന് ഇഡി കണ്ടെത്തിയത് അതീവ നിർണ്ണായകമാണ്.

അതിനിടെ എസ് ബി ഐയിലെ ചില മാനേജർമാരെ ഉപയോഗിച്ച് നോട്ട് നിരോധന കാലത്ത് ചിലർ പണം മാറ്റിയെടുത്തുവെന്ന ആരോപണവും ശക്തമായി കെസിഎയിൽ ചർച്ചയാണ്. ഇതിന് കൂട്ടു നിന്നവർക്ക് കെസിഎ ഉന്നത പദവികൾ നൽകിയെന്നാണ് ആരോപണം. ഈ വിഷയവും കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. തലസ്ഥാനത്തെ പ്രധാന എസ് ബി ഐ ശാഖയിലെ നോട്ട് നിരോധന കാലത്ത് നടന്ന ഇടപാടുകൾ പരിശോധിക്കും. ആദായ നികുതി വകുപ്പിലും കെസിഎയിലെ പ്രമുഖർക്ക് ചാരന്മാരുണ്ട്. ഇതെല്ലാം പരിശോധനാ വിഷയമാകും. വിരലിൽ എണ്ണാവുന്ന രഞ്ജി മത്സരങ്ങൾ കളിച്ചവർ ഉന്നത അംഗീകാരങ്ങൾ നേടുന്നതും പരിശോധിക്കുന്നുണ്ട്.

കേരളത്തിലെ വനിതാ ക്രിക്കറ്റിൽ പിടിമുറുക്കാനും കെസിഎ ശ്രമിച്ചിരുന്നു. ഇതിന് വേണ്ടി ശ്രമങ്ങൾ നടത്തിയതും മുൻ താരമാണ്. ഇതും ബിനീഷിന്റെ നിർദ്ദേശ പ്രകാരമാണെന്ന സൂചനകളുണ്ട്. ടിസി മാത്യുവിനെ പുറത്താക്കിയതിന് ശേഷം ബിനീഷ് കേരളാ ക്രിക്കറ്റിൽ പിടിമുറുക്കുകയായിരുന്നു. എല്ലാ കരാറുകളും ബിനീഷ് സ്വന്തമാക്കി. ഇതെല്ലാം അഴിമതിയാണെന്ന വാദം ശക്തമാണ്. ഇതിനിടെയാണ് ബിനീഷിനെ പുറത്താക്കാനുള്ള ചർച്ച സജീവമാകുന്നത്.

കെസിഎയുടെ ജനറൽ ബോഡി അംഗമാണു ബിനീഷ്. ജസ്റ്റിസ് ലോധ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ പരിഷ്‌കരിച്ച നിയമാവലി അനുസരിച്ച് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ കുറ്റപത്രം കോടതി സ്വീകരിച്ചാലാണ് ഉന്നത കമ്മിറ്റിയിലുള്ള ഒരു അംഗത്തെ പുറത്താക്കാനാവുക. ഇതനുസരിച്ച് പെട്ടെന്നു ബിനീഷിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്നു കെസിഎ സെക്രട്ടറി ശ്രീജിത്ത് നായർ പറയുന്നു.

ബെംഗളൂരു ലഹരി മരുന്ന് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആറാം പ്രതിയാക്കുകയും മുഖ്യ കണ്ണിയെന്നു പ്രഖ്യാപിക്കുകയും ചെയ്ത ബിനീഷിനെതിരെ കുറ്റപത്രം വരുമെന്നുറപ്പാണ്. അതു കോടതി അംഗീകരിച്ചാൽ ബിനീഷ് സ്വാഭാവികമായും കെസിഎയ്ക്കു പുറത്താകും. ബിനീഷിനെ കെസിഎയിൽ നിന്നു പുറത്താക്കണമെന്നു ബിജെപിയും യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, ബിനീഷിന്റെ ബിസിനസ് പങ്കാളിയായ കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വി.പി.അനസിനെതിരെയും ഇഡി അന്വേഷണം നടത്തുന്നുണ്ട്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ 42 അംഗ ജനറൽ ബോഡിയിൽ അംഗം മാത്രമാണ് ബിനീഷ് കോടിയേരി. എന്നാൽ അതിനപ്പുറമായിരുന്നു ബിനീഷിന്റെ ഇടപെടൽ. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന 3 രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിലും റിസപ്ഷൻ കമ്മിറ്റി ചെയർമാനായിരുന്നു ബിനീഷ്. കണ്ണൂരിൽ ബികെ 55 എന്ന ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചാണ് ബിനീഷ് ക്രിക്കറ്റ് അസോസിയേഷനിൽ എത്തുന്നത്. 2017ൽ നടന്ന കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബിനീഷിന്റെ ബിസിനസ് പങ്കാളിയായ വി.പി. അനസ് ആണു സെക്രട്ടറിയായത്. 3 വർഷം ജില്ലാ ജനറൽ ബോഡിയിൽ പങ്കെടുത്തയാൾക്കേ കെസിഎ പ്രതിനിധിയാവാൻ കഴിയുകയുള്ളൂ. അതിനാൽ ബിനീഷിന് കെസിഎയിലേക്ക് എത്താൻ ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. കണ്ണൂരിൽ നിന്നുള്ള കെസിഎ പ്രതിനിധിയെ രാജിവയ്പിച്ചാണ് 2018 ൽഅംഗമാവുന്നത്.

കാര്യവട്ടത്തു നടന്ന രാജ്യാന്തര മത്സരങ്ങളുടെ നടത്തിപ്പിൽ സർക്കാരുമായുള്ള ഇടനിലക്കാരൻ എന്ന നിലയിലാണ് ബിനീഷ് മുഖ്യസംഘാടകനായത്. എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി സമ്മാനദാനത്തിലും പങ്കാളിയായി. പവലിയനുകളിലെ ഭക്ഷണ വിതരണ കരാറുകളിലൊന്നു നേടിയതു ബിനീഷിനു പങ്കാളിത്തമുള്ള തലസ്ഥാനത്തെ ഹോട്ടലാണ്. കളിക്കാർക്കു സഞ്ചരിക്കാനുള്ള ബസുകൾ ബിനീഷിന്റെ ഏറ്റവും അടുപ്പക്കാരനായ വ്യക്തി നടത്തുന്ന ട്രാവൽസിന്റേതായിരുന്നു.

ഇതെല്ലാം ക്വട്ടേഷൻ ക്ഷണിച്ചാണു നൽകിയതെന്നാണ് കെസിഎ നിലപാട്. എന്നാൽ എല്ലാം തട്ടിപ്പാണെന്നതാണ് വസ്തുത. ഈ ക്വട്ടേഷനുകളും ഇഡി പരിശോധിക്കുമെന്നാണ് സൂചന.