ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹി മെട്രോ തുറക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രോഗവ്യാപനം അതിശക്തമായിരുന്ന സമയത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഇടപെടലിലൂടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഡൽഹിയിൽ ചെറുത്ത് നിൽപ്പ് സാധ്യമായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.

അതേസമയം, ഈ മാസത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,450പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എന്നാൽ പരിഭ്രാന്തി ആവശ്യമില്ലെന്നും വലിയ തോതിലുള്ള വ്യാപനം ഇനി ഡൽഹിയിൽ സംഭവിക്കില്ലെന്നുമാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറയുന്നത്. ഇന്ന് 1,250പേർ രോഗമുക്തരായിട്ടുണ്ട്. 16പേരാണ് മരിച്ചത്. 1,61,466പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,45,388പേർ രോഗമുക്തരായി. 11,788പേരാണ് ചികിത്സയിലുള്ളത്. 4,300പേർ ആകെ മരിച്ചു. മരണസംഖ്യ കുറയ്ക്കുന്നതിലും സംസ്ഥാനം വിജയിച്ചിട്ടുണ്ട്.