കണ്ണൂർ: കണ്ണൂർ പാനൂരിൽ തദ്ദേശസ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന തോടിന് പത്ത് വർഷമായിട്ടും ശാപമോക്ഷമില്ല. പാനൂർ പഞ്ചായത്തായിരുന്ന കാലഘട്ടത്തിൽ 13-ാം വാർഡിലെ പടിഞ്ഞാറെ റോഡ് മുതലുള്ള കേളോത്ത് തോടാണ് ഒരു പതിറ്റാണ്ടായി പണി മുടങ്ങിക്കിടക്കുന്നത്. പണിയിൽ പ്രാരംഭഘട്ടം മതൽ ക്രമക്കേടുകൾ കണ്ടെത്തിയത് മൂലം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് 2011 ൽ തോട് നിർമ്മാണം നിർത്തി വച്ചത്. എന്നാൽ ക്രമക്കേടുകൾ തിരുത്തി തോട് നിർമ്മാണം പുനരാരംഭിക്കാൻ ഇനിയും അധികൃതർ തയ്യാറായിട്ടില്ല.

കൂത്തുപ്പറമ്പ് ബ്ലോക്ക് പഞ്ചായത്താണ് കേളോത്ത് തോടിന്റെ 220 മീറ്റർ നവീകരിക്കാൻ ഫണ്ട് അനുവദിച്ചത്. നാട്ടുകാർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന 3 മീറ്റർ വീതിയുള്ള റോഡിന്റെ വശത്താണ് കേളോത്ത് തോട്. വർഷങ്ങൾക്ക് മുമ്പ് ഈ ഭാഗത്ത് ഉണ്ടായിരുന്ന കേളോത്ത് തോടിന്റെ ഭാഗങ്ങളൊക്കെ മണ്ണിട്ട് നികത്തപ്പെട്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ആ ഭാഗത്ത് കുഴിയെടുത്ത് പുതിയ തോട് നിർമ്മിക്കേണ്ടി വരും. മഴക്കാലത്ത് ഒഴുകിപ്പോകാൻ ഇടമില്ലാതെ വെള്ളം റോഡിലൂടെ ഒഴുകുന്ന ഈ പ്രദേശത്ത് തോട് വരുന്നത് ഗുണം ചെയ്യുമെന്നതിനാൽ നാട്ടുകാർ ഈ പദ്ധതിയെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

പാനൂർ ടൗണിൽ നിന്നും 500 മീറ്റർ അകലെയുള്ള കേളോത്ത് തോട് സൈഡ്‌വാൾ കെട്ടി സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനുമായാണ് ബ്ലോക്ക് പഞ്ചായത്ത് 8,80000 രൂപ ഫണ്ട് അനുവദിച്ചത്. എന്നാൽ പണി പകുതിയാകും മുമ്പുതന്നെ അനുവദിക്കപ്പെട്ട ഫണ്ടിൽ നിന്നും 8,79823 രൂപ വർക്കിന്റെ കൺവീനർ കൈപ്പറ്റിയിരുന്നു. പണി ടെൻഡറിൽ പറഞ്ഞിരിക്കുന്നത് പോലെ പൂർത്തിയായെന്ന് തദ്ദേശ സ്ഥാപനത്തിലെ എൻജിനിയർ നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്താലെ ഫണ്ട് അനുവദിക്കാവു എന്നതാണ് നിയമം. എന്നാൽ പണി പകുതി പോലും പൂർത്തിയാകുംമുമ്പ് പണം കൈപ്പറ്റിയത് ഗുരുതരമായ അഴിമതിയാണെന്ന് ആരോപിച്ച് നാട്ടുകാരിൽ ചിലർ വിജിലൻസിനെ സമീപിച്ചിരുന്നു.

വിജിലൻസ് അന്വേഷണത്തിൽ തോട് പണിയിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയിരുന്നെങ്കിലും പൂർണമായ നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല തോട് പണി പകുതിയോളമായപ്പോൾ ചില വസ്തു ഉടമകളെ സഹായിക്കുന്നതിന് നികത്തപ്പെട്ട തോടിൽ നിന്നും മാറി റോഡിന്റെ പകുതിയോളം സ്ഥലം കയ്യേറിയാണ് തോട് നിർമ്മിച്ചതെന്നും പരിസരവാസികൾ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പാനൂർ പൊലീസ് സ്‌റ്റേഷനിലും പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് കേസ് ഏറ്റെടുത്തതോടെ പൊലീസ് സ്‌റ്റേഷനിലെ പരാതി പിൻവലിക്കുകയായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് തോടിനുള്ള അളവ് നിർണയിച്ച് കൊടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും അവർ പറയുന്നു.

തോട് നിർമ്മാണത്തിന് വേണ്ടി റോഡിന്റെ പകുതിയോളം വെട്ടിക്കുഴിച്ചിട്ട നിലയിലാണ്. ഈ റോഡ് ഇതുവരെ തദ്ദേശസ്ഥാപനത്തിന് കൈമാറിയിട്ടില്ല. അതുകൊണ്ടുതന്നെ റോഡിൽ എന്ത് പണി നടന്നാലും നാട്ടുകാരുടെ അനുമതി ആവശ്യമാണ്. എന്നാൽ അനുമതിയാന്നും ഇല്ലാതെയാണ് തോടിന്റെ പേരിൽ റോഡിന്റെ പകുതിയോളം കുഴിച്ചിട്ടിരിക്കുന്നത്. നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച റോഡ് ഹെവി വാഹനങ്ങൾ കയറാൻ ബുദ്ധിമുട്ടുള്ള നിലയിലാണിപ്പോൾ. 2004- 2005 കാലഘട്ടത്തിൽ വാർഡ് മെമ്പറായിരുന്ന കെ.കെ. രാജന്റെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റി ചേർന്നായിരുന്നു ഈ റോഡ് നിർമ്മിച്ചത്. റോഡ് വെട്ടിക്കുഴിച്ചിട്ട് ഇപ്പോൾ റോഡുമില്ല തോടുമില്ലാത്ത അവസ്ഥയിലാണ്. ക്രമക്കേടുകൾ നാട്ടുകാർ കയ്യോടെ പിടികൂടിയതിലുള്ള വൈരാഗ്യമാണ് തോട് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

എന്നാൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് തോട് നിർമ്മാണം പാതിവഴിയിൽ നിലച്ചുപോയതെന്നാണ് മുൻ വാർഡംഗമായ സുധീർകുമാറിന്റെ വിശദീകരണം. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് തോട് നവീകരണം നടത്തിയത്. ആ പ്രദേശത്ത് വെള്ളപ്രശ്‌നം നിലനിന്നിരുന്നു. മാത്രമല്ല മഴ പെയ്താൽ റോഡിലൂടെ വെള്ളം ഒഴുകിപോകുന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിലാണ് തോട് നിർമ്മാണത്തിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. എന്നാൽ റോഡ് കൈയേറിയെന്ന ആരോപണത്തിൽ കഴമ്പില്ല. വിജിലൻസ് ക്രമക്കേടുകൾ കണ്ടെത്തിയതിനെ പറ്റി അറിയില്ലെന്നും അദ്ദേഹം അറിയിച്ചു.