കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്ന് മികച്ച സംരംഭകനുള്ള അവാർഡ് വാങ്ങിയ കെൻസ ഹോൾഡിംസിന്റെ ശിഹാബ് ഷാ വീണ്ടും തട്ടിപ്പുമായി രംഗത്ത്. മമ്മൂട്ടിക്കും കാവ്യാ മാധവനും സുനിൽ ഷെട്ടിക്കും ഒക്കെ നിക്ഷേപം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഗർഫ് മലയാളികളുടെ കോടികൾ തട്ടിയെടുത്ത തൃശൂർ സ്വദേശിയായ വില്ലൻ ഡോക്ടറാണ് വീണ്ടും ആളുകളെ കുപ്പിയിലാക്കാന് ഇറങ്ങിയിരിക്കുന്നത്. വയനാട് വൈത്തിരിയിൽ ബാണാസുരസാഗർ ഡാമിനോട് ചേർന്ന് റിസോർട്ട്, വില്ലകൾ എന്ന ആകർഷകമായ വാഗ്ദാനം നൽകി ഗൾഫ് മലയാളികളിൽ നിന്നും കോടികൾ അടിച്ചുമാറ്റിയതിന്റെ പേരിലായിരുന്നു കെൻസ ഹോൾഡിങ്സിനെതിരെയുള്ള പരാതി. ഇതേ വില്ലാ പ്രോജക്റ്റ് ഇപ്പോൾ കെൻസ വെൽനസ് ഹോസ്പിറ്റൽ എന്ന പേരിൽ പുതിയ കുപ്പിയിൽ പഴയവീഞ്ഞായി ഇറക്കിയിരിക്കുകയാണ് ശിഹാബ് ഷാ. തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ കോടതി അറ്റാച്ച് ചെയ്ത അതേ വസ്തു കാണിച്ചാണ് ഇയാൾ വീണ്ടും പണപ്പിരിവിന് ഇറങ്ങിയിരിക്കുന്നത്. വാചകമടിച്ച് ആളെ വീഴ്‌ത്താൻ മിടുക്കനായതുകൊണ്ട് തന്നെ പണം നഷ്ടമായി കഴിഞ്ഞ പാവം നിക്ഷേപകർ വിവരം അറിയുകയുള്ളു. ഇയാളുടെ ഡോക്ടർ ബിരുദവും വ്യാജമെന്ന് ആരോപണം ഉണ്ട്.

പഴയ തട്ടിപ്പ് ഇങ്ങനെ

നേരത്തെ ഉണ്ടായിരുന്ന പ്രോജക്റ്റ് തന്നെ നോക്കാം. 2016 ൽ പൂർത്തിയാകും എന്ന് പറഞ്ഞ 2015-ൽ തന്നെ മുഴുവൻ പണവും വാങ്ങിയ വില്ലാ-റിസോർട്ട് പ്രോജക്റ്റ് ആറു വർഷം കഴിഞ്ഞിട്ടും ഒന്നുമായില്ല. തങ്ങൾ പണം മുടക്കിയ പ്രോജക്റ്റ് മാറ്റി മറിച്ചും വേറെ നിക്ഷേപം ക്ഷണിച്ചും ശിഹാബ് ഷാ തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രവാസി മലയാളികൾ ആരോപിക്കുന്നത്.വയനാടൻ പ്രകൃതി ഭംഗി നുകർന്ന് മമ്മൂട്ടിക്കും കാവ്യാ മാധവനും സുനിൽ ഷെട്ടിക്കും ഒപ്പം അയൽക്കാരായി വില്ലകളിൽ താമസിക്കാം. 45 ലക്ഷം മുതൽ 75 ലക്ഷം വരെ മുടക്കി ഒരു വില്ല വാങ്ങിയാൽ വർഷം തോറും 15 ലക്ഷം വരുമാനം കിട്ടും എന്നൊക്കെയാണ് ദുബായിലെ മലയാളികൾക്ക് മുൻപിൽ തന്റെ വയനാട്ടിലെ വില്ലാ പ്രോജക്റ്റിനെക്കുറിച്ച് കെൻസ ഹോൾഡിങ്സിന്റെ ശിഹാബ് ഷാ പറഞ്ഞത്. ഓരോ വർഷവും നിങ്ങൾക്ക് 15 ദിവസം വില്ലയിൽ കുടുംബ സഹിതം ഫ്രീയായി താമസിക്കാം എന്ന് കൂടി പറഞ്ഞതോടെയാണ് കെൻസയുടെ വില്ലാ പ്രോജക്ടിൽ ഗൾഫ് മലയാളികൾ പണം മുടക്കിയത്. 2015-ൽ തുടങ്ങിയ റിസോർട്ട് വില്ലാ പ്രോജക്റ്റ് 2016 ൽ പൂർത്തിയാകും എന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് പ്രോജക്റ്റ് കൂടെക്കൂടെ മാറ്റുന്നതും ഇതേ പ്രോജക്ടിൽ കൂടുതൽ പേരിൽ നിന്നും ശിഹാബ് ഷാ നിക്ഷേപം ക്ഷണിക്കുന്നതുമാണ് നിക്ഷേപകർ കണ്ടത്.

20 വില്ലകൾ പിന്നീട് 48 വില്ലകൾ ആയി മാറുകയും റിസോർട്ട് പ്രോജക്റ്റ് വെൽനെസ് ആശുപത്രി പ്രോജക്റ്റ് ആവുകയുമൊക്കെ ചെയ്തു. 2016-ൽ പൂർത്തിയാക്കും എന്ന പറഞ്ഞ വില്ലാ പ്രോജക്ടിന്റെ വാലും തുമ്പും പോലും ഇതുവരെ ആയിട്ടുമില്ല. ഇതോടെയാണ് തട്ടിപ്പ് മനസിലാക്കി ഗൾഫ് മലയാളികൾ പരാതിയുമായി രംഗത്ത് വന്നത്. വില്ലാ പ്രോജക്ടിന്റെ പോഎരിൽ ഗൾഫ് മലയാളികളിൽ നിന്നും കോടികളാണ് സ്വപ്നങ്ങളുടെ ഈ വ്യാപാരി കവർന്നത്.തൃശൂരിൽ രൂപീകരിച്ച് ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കെൻസ ഹോൾഡിങ്സ്. വയനാട് വൈത്തിരിയിൽ ബാണാസുരസാഗർ ഡാമിനോട് ചേർന്ന് റിസോർട്ട്, വില്ലകൾ എന്ന ആകർഷകമായ വാഗ്ദാനം നൽകി ഗൾഫ് മലയാളികളിൽ നിന്നും കോടികൾ അടിച്ചുമാറ്റി എന്നാണ് കെൻസ ഹോൾഡിങ്സിനെതിരെയുള്ള പരാതി.

പുതിയ തട്ടിപ്പ്

കെൻസ വെൽനസ് ഹോസ്പിറ്റലിന്റെ പേരിൽ വയനാട്ടിൽ വൻ തട്ടിപ്പ് നടത്തുന്ന ശിഹാബ് ഷാക്കെതിരെ നിക്ഷേപകർ പരാതി നൽകിയിരിക്കുകയാണ്. കെൻസ ഹോൾഡിങ്‌സ് എന്ന സ്ഥാപനത്തിന്റെ ചെയർമാനായ ഷിഹാബ് ഷാ എന്ന മുഹമ്മദ് ഷിഹാബിന്റെ വാക് ചാതുരിയിൽ വീണാണ് ഇരകൾക്കു പണം നഷ്ടമായത്. ഷിഹാബ് തട്ടിപ്പ് തുടരുന്നതു തടയാൻ ഇരകൾ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

കേന്ദ്ര, സംസ്ഥാനമന്ത്രിമാർക്കൊപ്പവും സെലിബ്രിറ്റികൾക്കൊപ്പവും നിന്ന് പകർത്തിയ ചിത്രങ്ങൾ കാട്ടിയായിരുന്നു ഷിഹാബ് ഷായുടെ തട്ടിപ്പെന്ന് ഇരകൾ പറയുന്നു. ഇവർക്കാർക്കും തന്നെ ഷിഹാബ് ഷായുടെ പദ്ധതിയുമായി ബന്ധമുണ്ടായിരുന്നില്ലെങ്കിലും ഈ ഫോട്ടോകൾ ഇയാൾ തട്ടിപ്പിന് ഉപയോഗപ്പെടുത്തുകയായിരുന്നു.

ഒരേ ഇടം, രണ്ടു തട്ടിപ്പ് പദ്ധതികൾ

2015ൽ ദുബയിൽ വച്ച് പ്രഖ്യാപിച്ച Royal Meadows എന്ന പേരിൽ വില്ലാസ് റിസോർട്ട് പദ്ധതിയിലാണ് നിരവധി മലയാളികൾ ലക്ഷങ്ങൾ നിക്ഷേപിച്ചത്. വയനാട് ജില്ലയിലെ വൈത്തിരിയിലായിരുന്നു പദ്ധതി പ്രദേശം.

എന്നാൽ ഈ പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയായില്ല. എന്നുമാത്രമല്ല, 2019ൽ വില്ലാസ് റിസോർട്ട് പദ്ധതിക്കു ചൂണ്ടിക്കാണിച്ച ഭൂമിയിൽ തന്നെ ഇയാൾ കെൻസ വെൽനസ് സെന്റർ എന്ന പേരിൽ പുതിയ പദ്ധതിക്കു തുടക്കമിടകുയും ചെയ്തു. കെൻസ വെൽനസ് സെന്ററിനു വേണ്ടിയും ഷിഹാബ് ഷാ വൻതോതിൽ പണം സ്വരൂപിക്കുകയുണ്ടായി.

വില്ലകൾക്കു വേണ്ടി മുഴുവൻ പണവും കൈമാറി വർഷങ്ങൾ കഴിഞ്ഞിട്ടും ഇവയുടെ നിർമ്മാണം പൂർത്തീകരിച്ചു നൽകാതിരിക്കുകയും ചോദിക്കുമ്പോൾ ഭീഷണിസ്വരത്തിൽ സംസാരിക്കുകയും ചെയ്തതോടെയാണ് ഷിഹാബ് ഷാ തങ്ങളെ കബളിപ്പിക്കുകയാണെന്നു നിക്ഷേപകർക്കു ബോധ്യമാവുന്നത് .തുടർന്ന് നിക്ഷേപകർ പൊലീസിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും സമീപിച്ചു. പരാതിയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയുമുണ്ടായി.

തട്ടിപ്പ് കേന്ദ്രം കോടതി അറ്റാച്ച് ചെയ്തു

ഇതിനിടെ കോടതിയെ സമീപിച്ച ഇരകൾ തരിയോട് പഞ്ചായത്തിലെ ഷിഹാബ് ഷായുടെ വസ്തു കണ്ടു കെട്ടുന്നതിന് അനുകൂല ഉത്തരവ് നേടി. സുൽത്താൻ ബത്തേരി സബ് കോടതിയാണ് സന്തോഷ് കുമാർ, രാജൻ നമ്പ്യാർ, ലത്തീഫ് അബൂബക്കർ എന്നിവരുടെ പരാതിയിൽ ഷിഹാബിന്റെ കെട്ടിടവും ഇതു സ്ഥിതി ചെയ്യുന്ന സ്ഥലവും വസ്തുവകകളും കണ്ടുകെട്ടി ഉത്തരവിറക്കിയത്.

കൂടുതൽ പേർ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നു ഷിഹാബ് ഷായ്‌ക്കെതിരേ നിയമപോരാട്ടം നടത്തുന്ന ദുബയ് പ്രവാസികളായ സന്തോഷ് കുമാർ, ബൈജു നമ്പ്യാർ, ലത്തീഫ് അബൂബക്കർ, രാജൻ തയ്യുള്ളതിൽ, സബീർ അബൂബക്കർ, ബഷീർ അബ്ദുർറഹ്മാൻ, തോംസൺ കുണ്ടുകുളം എന്നിവർ വ്യക്തമാക്കി. ഇനിയാരും ഷിഹാബിന്റെ തട്ടിപ്പിന് ഇരകളാവാതിരിക്കാനാണ് തങ്ങൾ ഇക്കാര്യം പുറത്തുപറയുന്നതെന്നും അവർ വ്യക്തമാക്കി.

പടിഞ്ഞാറത്തറയിലെ കെട്ടിട നിർമ്മാണം പഞ്ചായത്തിന്റെ അനുമതിയില്ലാതെ

വൈത്തിരിയിൽ ഷിഹാബ് ഷാ നടത്തിയ കെൻസ വെൽനെസ് സെന്ററിന്റെ നിർമ്മാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് തരിയോട് പഞ്ചായത്ത് അധികൃതർ പറയുന്നു. വയനാട്ടിൽ ഈ പ്രദേശത്തു നാലുനിലക്കെട്ടിടമോ അല്ലെങ്കിൽ 9 മീറ്ററിലധികം ഉയരത്തിലോ കെട്ടിടം നിർമ്മിക്കാൻ അനുമതിയില്ല. എന്നാൽ ഷിഹാബ് ഷാ നാലുനിലക്കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്. ഇതിന് ഡിസാസ്റ്റർ മാനേജ്‌മെന്റ് അപ്രൂവൽ ആവശ്യമാണ്. എന്നാൽ ഇത്തരമൊരു അപേക്ഷ ബന്ധപ്പെട്ട ഓഫിസിൽ ഷിഹാബ് നൽകിയിട്ടുമില്ല. പരാതി വന്നപ്പോൾ അടിയിലെ ഒരു നിലമണ്ണിട്ടു നികത്തി മൂന്നുനിലയാക്കി കാണിച്ച് പഞ്ചായത്തിൽ നിന്ന് കെട്ടിടത്തിന് അനുമതി നേടാനായി പിന്നീട് ഇയാളുടെ ശ്രമം. മണ്ണിട്ട നിലയിൽ ഇപ്പോഴും അവിടെ കാണാം.

പഞ്ചായത്ത് അനുമതി നൽകിയത് 9 വില്ലകൾ പണിയാൻ

അതേസമയം 9 വില്ലകൾ പണിയാനുള്ള അനുമതി പഞ്ചായത്തിൽ നിന്ന് ഷിഹാബ് ഷായ്ക്ക് നേരത്തേ ലഭിച്ചിരുന്നു. ഈ വില്ലകൾക്കു വേണ്ടിയാണ് ഇയാൾ പ്രവാസി മലയാളികളിൽ നിന്ന് ആദ്യം പണം തട്ടിയത്. പിന്നീട് കെൻസ വെൽനസ് സെന്ററിനു വേണ്ടിയും കോടികൾ നിക്ഷേപമായി പലരിൽ നിന്നും കൈപ്പറ്റുകയായിരുന്നു.

നിർമ്മാണം പൊളിക്കാൻ നടപടി സ്വീകരിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി

നിയമവ്യവസ്ഥകൾ ലംഘിച്ച് ബാണാസുര ഡാം റിസർവോയറിന് അഭിമുഖമായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന ബഹുനിലകെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പറയുന്നു.

ഷിഹാബ് ഷയും പിതാവും തട്ടിപ്പ് കേസിലെ പ്രതികൾ

ഷിഹാബ് ഷായുടെ പിതാവ് ഷാഹുൽ ഹമീദിനെ വ്യാജ ആധാരം നൽകി കാൽകോടി രൂപ തട്ടിയ കേസിൽ പാവറട്ടി പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂർ സ്വദേശി ഇല്യാസിന്റെ പരാതിയിലായിരുന്നു നടപടി. നിക്ഷേപങ്ങൾ സ്വീകരിച്ചും ബ്ലാങ്ക് ചെക്കുകൾ വാങ്ങിയും ഷാഹുൽ ഹമീദ് അടങ്ങുന്ന സംഘം പണം തട്ടിയിട്ടുണ്ടെന്നും പാവറട്ടി പൊലീസ് പറഞ്ഞു.ഈ പ്രൊജക്റ്റ് തട്ടിപ്പ് സംബന്ധിച്ചു വിജിലൻസ് രേഖകൾ പിടിച്ചെടുത്തു.

അൻപത് ലക്ഷം നിക്ഷേപിച്ചാൽ അഞ്ച് വർഷം കഴിഞ്ഞാൽ ഒരു കോടിയാകും

സിനിമാ താരങ്ങളുടെ പേര് പറഞ്ഞു കബളിപ്പിച്ചാണ് ആദ്യം കോടികൾ തട്ടിയത്. സുനിൽ ഷെട്ടിയും ശിഹാബ് ഷായും മമ്മൂട്ടിയും ശിഹാബ് ഷായും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ ശിഹാബ് ഷാ പുറത്ത് വിടുകയും ചെയ്തിരുന്നു. നാൽപ്പത്തിയഞ്ചു ലക്ഷത്തിനു വില്ല വാങ്ങിയാൽ ആജീവാന്ത സമ്പാദ്യം.

പത്ത് വർഷത്തേക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. ഒരു വർഷം കഴിഞ്ഞു വില്ല പൂർത്തിയാകുമ്പോൾ 25000 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും. അഞ്ച് വർഷം കഴിഞ്ഞാൽ നിങ്ങളുടെ മുടക്ക് മുതൽ ഒരു കോടി രൂപയാകും. വില്ലകൾ ടൂറിസ്റ്റുകൾക്ക് നൽകും. നിങ്ങൾക്ക് വില്ലയിൽ വന്നാൽ ഭക്ഷണം ഉൾപ്പെടെ പതിനഞ്ചു ദിവസം താമസിക്കാം എന്നൊക്കെയുള്ള മോഹനവാഗ്ദാനമാണ് ശിഹാബ് ഷാ നിരത്തിയത്. പറഞ്ഞ പണം നൽകിയെങ്കിലും പിന്നീടൊന്നും നടന്നില്ല. പതിനഞ്ചു ലക്ഷം മുതൽ 60 ലക്ഷം വരെ കയ്യിൽ നിന്നും നഷ്ടമായവരുണ്ട്.