കൊച്ചി: കേരള ബാങ്കിന്റെ ഭൂരിഭാഗം ശാഖകളും ആർബിഐയുടെ ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് ആരോപണം. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലെ ഹർജി നിർണ്ണായകമാകും. കേരള ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ അനുമതി ഇല്ലെന്നും ഇരിട്ടി സ്വദേശികൾ നൽകിയ ഹർജിയിൽ പറയുന്നു. അതുകൊണ്ട് തന്നെ ഹൈക്കോടതി തീരുമാനം നിർണ്ണായകമാകും. കേസിൽ ആർ ബി ഐ എടുക്കുന്ന നിലപാടാകും ശ്രദ്ധേയം.

ബാങ്കിങ് നിയന്ത്രണ നിയമ പ്രകാരം 20 ശാഖകളുടെയും 3 റീജനൽ ഓഫിസുകളുടെയും പ്രവർത്തനത്തിനു മാത്രമാണു ബാങ്കിന് ആർബിഐയിൽ നിന്നു ലൈസൻസ് ലഭിച്ചിട്ടുള്ളത്. ബാങ്കിന്റെ ഇരിട്ടി സായാഹ്ന ശാഖയിൽ അക്കൗണ്ടുള്ള ബ്രിജിത് കൃഷ്ണ, വായ്പയെടുത്ത ഷാജി പുതിയവീട്ടിൽ എന്നിവരാണു ഹർജിക്കാർ.

കേരള ബാങ്കിനു കണ്ണൂർ ജില്ലയിൽ മാത്രം 66 ശാഖകളുണ്ടെന്നും ഇരിട്ടി ശാഖയും സായാഹ്ന ശാഖയും ബാങ്കിങ് നിയന്ത്രണ നിയമം ലംഘിച്ചാണു പ്രവർത്തിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. ആകെ 749 ശാഖകൾ ബാങ്കിനുണ്ട്. നിയമലംഘനം സംബന്ധിച്ച് ആർബിഐക്കു പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. ലൈസൻസില്ലാത്ത ശാഖകൾ പൂട്ടിയെന്ന് ഉറപ്പാക്കാൻ ആർബിഐക്കു നിർദ്ദേശം നൽകണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു.

'ദ് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്' എന്ന പേര് ഉപയോഗിക്കാനാണ് ആർബിഐ അനുമതി നൽകിയതെന്നും കേരള ബാങ്ക് എന്ന പേരിടാനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.