തിരുവനന്തപുരം: കുട്ടികൾ പ്രതിയാകുന്ന കേസുകളിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ വൈകരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. മുതിർന്നവർ കൂടി ഉൾപ്പെട്ട കേസുകളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നീണ്ടു പോകുന്നത് കുട്ടിയുടെ ഉത്തമതാത്പര്യത്തിന് എതിരാകുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ബാലനീതി നിയമം അനുസരിച്ച് കുട്ടികൾക്കെതിരായ കേസിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിനാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കേണ്ടത്. ബോർഡിന് മുമ്പാകെ കുറ്റപത്രം സമ‍ർപ്പിക്കുന്നതിനുള്ള നടപടികൾ പൊലീസ് യഥാസമയം സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പ് വരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.