കോട്ടയം: കേരളാ കോൺഗ്രസ്സ് (എം) പാർട്ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും പാർട്ടിയുടെ ബഹുജനഅടിത്തറ വർദ്ധിപ്പിക്കുന്നതിനുമായി പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാൻ പാർട്ടി സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയർമാൻ ജോസ് കെ.മാണി.

കൂടുതൽ ജനവിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈനായി സ്വീകരിക്കാവുന്ന സാധാരണ അംഗത്വം കൂടുതൽ കേഡർമാരെ കണ്ടെത്തുന്നതിനായി സജീവ അംഗത്വം എന്നീ സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് മെമ്പർഷിപ്പിൽ വരുത്തിയ ഭേദഗതിയാണ് ഏറ്റവും പ്രധാനം. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള കേരളാ കോൺഗ്രസ്സ് (എം) അനുഭാവികൾക്ക് ഓൺലൈനായി സാധാരണ അംഗത്വം കരസ്ഥമാക്കാവുന്നതാണ്. സജീവ അംഗത്വമുള്ളവർക്ക് മാത്രമെ പാർട്ടിയുടെ സംഘടനാ തെരെഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനും, മത്സരിക്കാനും, ഭാരവാഹി ആകുവാനും അവകാശം ഉണ്ടായിരിക്കുകയുള്ളൂ.

കെ.എം മാണി സ്മൃതി ദിനമായ എല്ലാ വർഷവും ഏപ്രിൽ 9 കാരുണ്യദിനമായി ആചരിക്കും. താഴെ തട്ട് മുതലുള്ള പാർട്ടി കമ്മറ്റികളെ ചലനാത്മകമാക്കുന്നതിനും, പാർട്ടി ഭാരവാഹികൾക്ക് സംഘടനാപരമായി കൂടുതൽ ഉത്തരവാദിത്വം നൽകുന്നതിനും ഭരണഘടനാ ഭേഗഗതി ലക്ഷ്യമിടുന്നു. വാർഡ് കമ്മറ്റി മുതൽ സംസ്ഥാന ഉന്നതാധികാര സമിതി വരെയുള്ള വിവിധ പാർട്ടി ഘടകങ്ങളിലെ അംഗങ്ങളുടെയും, ഭാരവാഹികളുടെയും എണ്ണം മുമ്പുണ്ടായിരുന്നതിൽ നിന്നും കുറയക്കുന്നതിനും തീരുമാനിച്ചു.

നിലവിൽ 111 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയിൽ ഇനി 91 പേർ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ എണ്ണം 25 ൽ നിന്നും 15 ആയി കുറയ്ക്കുവാനും സംസ്ഥാന എക്സിക്യൂട്ടീവിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് എന്നാക്കുവാനും തീരുമാനിച്ചു.

അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം പാർട്ടിയിൽ ഉറപ്പുവരുത്തുന്നതിനായി വാർഡ് തലം മുതൽ ഭാരവാഹികളിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തും. കൂടുതൽ സ്ത്രീകളെ സംഘടനാരംഗത്തുകൊണ്ടുവരുന്നതിനായി വിവിധ കമ്മറ്റികളിൽ വനിതാ പ്രതിനിധ്യം ഉറപ്പുവരുത്താനും തീരുമാനമായി.

കേരളാ കോൺഗ്രസ്സ് (എം) ൽ സംഘടനാ തെരെഞ്ഞെടുപ്പ് ആരംഭിക്കും. മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തിയാകുന്ന മുറയ്ക്ക് വാർഡ് തലം മുതലുള്ള സംഘടനാ തെരെഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ഇടയിൽ പ്രവർത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂടുതൽ പോഷകസംഘടനകളും, ഫോറങ്ങളും രൂപീകരിക്കും. സംസ്‌ക്കരവേദി, കേരളാ കോൺഗ്രസ്സ് പ്രഫഷണൽസ് ഫോറം, കേരള പ്രവാസി കോൺഗ്രസ്സ് (എം), എക്സ് സർവ്വീസ്മെൻ ഫോറം, കേരള സഹകാരി ഫോറം എന്നിവ പുതുതായി രൂപീകരിക്കും.

പാർട്ടി ചെയർമാനായിരുന്ന കെ.എം മാണി സാറിന്റെ പേരിൽ സാമൂഹിക ജലസേചന പദ്ധതി പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാരിനെയും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനേയും യോഗം അഭിനന്ദിച്ചു. കേരളത്തിൽ കോവിഡ് വാക്സിൻ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫലപ്രദമായി വാക്സിൻ വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമ്പോഴും കേരളത്തിന് ആവശ്യമായ വാക്സിനൻ നൽകാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ നടപടിയെ യോഗം അപലപിച്ചു.

ചെയർമാൻ ജോസ് കെ.മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, തോമസ് ചാഴിക്കാടൻ എംപി, സ്റ്റീഫൻ ജോർജ്, എംഎ‍ൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.