തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു. സിപിഐയും സിപിഎമ്മും തമ്മിൽ ഏകദേശ ധാരണയാക്കിയതിന് പിന്നിലായൊണ് ഇപ്പോൾ മറ്റു കക്ഷികളുമായുള്ള ചർച്ചകളിലേക്ക് സിപിഎം കടന്നിരിക്കുന്നത്. മന്ത്രിസഭാ രൂപീകരണത്തെ കേരള കോൺഗ്രസ് മാണി വിഭാഗം, എൻസിപി. ജെഡിഎസ് എന്നീ മൂന്ന് കക്ഷികളുമായുള്ള ചർച്ച സിപിഐഎം പൂർത്തിയാക്കി.

ആദ്യം നടന്ന കേരള കോൺഗ്രസ് എം ചർച്ചയിൽ രണ്ട് മന്ത്രി സ്ഥാനം ആവശ്യുപ്പെട്ടു. എന്നാൽ നിലവിലെ സാഹചര്യത്തിൽ രണ്ട് മന്ത്രി സ്ഥാനം നൽകുന്നതിലെ ബുദ്ധിമുട്ട് സിപിഎം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് ജോസ് കെ മാണിയും കൂട്ടരുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.

ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും എന്ന നിലയിലാവും കേരള കോൺഗ്രസ് മാണി വിഭാഗത്തെ പരിഗണിക്കുക. ചീഫ് വിപ്പ് സ്ഥാനമാകും കേരളാ കോൺഗ്രസിന് ലഭിക്കുക എന്നതാണ് പുറത്തുവരുന്ന സൂചനകൾ. അതേസമയം അനുകൂലപ്രതികരണമാണ് ചർച്ചയിൽ ലഭിച്ചതെന്നും ചർച്ച തുടരുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

ജെഡിഎസ് ഒരു മന്ത്രി സ്ഥാനം ആവശ്യപ്പെട്ടു. എന്നാൽ എൽജെഡിയും ജെഡിഎസും ഒന്നിക്കുക എന്ന നിർദ്ദേശമാണ് സിപിഐഎം മുന്നോട്ട് വെച്ചത്. നേരത്തെ സീറ്റ് വിഭജന ചർച്ചകൾക്കിടയിൽ തന്നെ സിപിഐഎം ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ എൽജെഡിയുടെ എതിർപ്പാണ് ഇതിന് തടസ്സമെന്ന് ജെഡിഎസ് അറിയിച്ചു. എൻസിപിയും ഒരു മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ എൽജെഡിയുമായി ചർച്ച പുരോഗമിക്കുകയാണ്. ലയനം എന്ന ആവശ്യം എൽജെഡിക്ക് മുന്നിലും സിപിഐഎം മുന്നോട്ട് വെക്കും.

അതേസമയം ആന്റണി രാജുവിനും കെ ബി ഗണേശ് കുമാറിനും മന്ത്രിസ്ഥാനം ലഭിക്കുമെന്ന സൂചനകളുമുണ്ട്. എന്നാൽ ഒരാൾ മാത്രം ജയിച്ച ചെറുകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചാൽ ഇവരുടെ സാധ്യത അടയും. കോൺഗ്രസ് എസിന് ഇത്തവണ മന്ത്രിസ്ഥാനം ഉണ്ടാവില്ല എന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്. സിപിഐ നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും കൈവശം വെച്ച് ചീഫ് വിപ്പ് സ്ഥാനം വിട്ടുകൊടുക്കുമെന്നാണ് സൂചന. സിപിഎമ്മിന് കഴിഞ്ഞ തവണ 13 മന്ത്രിസ്ഥാനങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ അത് 12 ആയി കുറയും.

ഇന്നും നാളെയുമായി മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 17ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ മന്ത്രിസ്ഥാനം സംബന്ധിച്ച അവസാന തീരുമാനം ഘടകക്ഷികളെ അറിയിക്കും. തുടർന്ന് 18 ന് എല്ലാ പാർട്ടികളുടേയും നേതൃയോഗം ചേർന്ന് മന്ത്രിമാരെ തീരുമാനിക്കും. ഇതിന് ശേഷം എൽ ഡി ഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പിണറായി വിജയനെ നേതാവായി തെരഞ്ഞെടുക്കും. ഇരുപതാം തീയതിയാണ് സത്യപ്രതിജ്ഞ.