കോട്ടയം: കേരളാ കോൺഗ്രസ് പിജെ ജോസഫിനെ രാഷ്ട്രീയമായി തകർക്കാൻ ഇടതുപക്ഷത്ത് ആക്ഷൻ പ്ലാൻ. കോൺഗ്രസിലെ അസംതൃപ്തരിൽ ചിലർ എൻസിപിയിലൂടെ ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. ഈ തന്ത്രം കോട്ടയത്തും തുടരാനാണ് നീക്കം. കോട്ടയത്ത് കേരളാ കോൺഗ്രസ് ജോസ് വിഭാഗമാകും ഈ ഓർപ്പറേഷന് നേതൃത്വം നൽകുക. കോട്ടയത്തെ കോൺഗ്രസ് നേതാക്കളേയും ഇടതുപക്ഷത്തേക്ക് അടുപ്പിക്കാൻ ശക്തമായ നീക്കം ജോസ് കെ മാണി നടത്തും. കേരളാ കോൺഗ്രസ് എമ്മിനെ കൂടുതൽ ശക്തമാക്കുന്ന തരത്തിലാകും ഇടപെടൽ.

ഭരണത്തിന്റെ പിൻബലത്തിൽ പ്രതിപക്ഷ പാർട്ടികളിൽനിന്നു നേതാക്കളെ ആകർഷിക്കുകയാണ് തന്ത്രം. കേരള കോൺഗ്രസിനെ (എം) മുൻനിർത്തി മധ്യ തിരുവിതാംകൂറിൽ യുഡിഎഫിനെ ശിഥിലമാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. ഇതിലൂടെ ഭരണത്തിൽ ഹാട്രിക് നേട്ടത്തിൽ സിപിഎമ്മിനെ എത്തിക്കാനാണ് ശ്രമം. കോൺഗ്രസിലെയും ജോസഫ് വിഭാഗം കേരള കോൺഗ്രസിലെയും അസംതൃപ്തരായ നേതാക്കളെയാണ് നോട്ടമിടുന്നത്. എംഎൽഎ സീറ്റ് മോഹിച്ച് കേരളാ കോൺഗ്രസ് ജോസഫിൽ എത്തിയ നിരവധി നേതാക്കളുണ്ട്. ഇവർക്കൊന്നും ജോസഫ് സീറ്റ് നൽകിയില്ല. ജോസഫിന്റെ ഇഷ്ടക്കാരായി മത്സരിച്ചവരെല്ലാം തോൽക്കുകയും ചെയ്തു. ജോണി നെല്ലൂർ, ജോസഫ് എം പുതുശ്ശേരി തുടങ്ങിയ നേതാക്കൾ ഇതിൽ തീർത്തും അസംതൃപ്തരാണ്.

ഇതിനൊപ്പം കേരളാ കോൺഗ്രസിൽ മോൻസ് ജോസഫുണ്ടാക്കുന്ന മുൻതൂക്കവും ജോസഫിനൊപ്പമുള്ള നേതാക്കളെ അസ്വസ്ഥമാക്കുന്നുണ്ട്. ഫ്രാൻസിസ് ജോർജ്ജ് ഇക്കാര്യത്തിൽ തീർത്തും നിരാശനാണ്. ഇതിനൊപ്പം കോൺഗ്രസിലെ പ്രമുഖരേയും ജോസ് കെ മാണി നോട്ടമിടുന്നത്. കേരള കോൺഗ്രസിന് (എം) ലഭിക്കാനിടയുള്ള ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിൽ കണ്ണുവച്ചാണ് പ്രതിപക്ഷത്തെ പല നേതാക്കളും പാർട്ടി മാറാൻ തയാറാകുന്നതും. മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ സമീപിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

പി.ജെ.ജോസഫിന്റെ കേരള കോൺഗ്രസിൽനിന്നും മറ്റു കേരള കോൺഗ്രസുകളിൽനിന്നും ഏതാനും മുതിർന്ന നേതാക്കൾ ജോസ് കെ.മാണിയുമായി ചർച്ച നടത്തിയിട്ടുണ്ട്. അനൂപ് ജേക്കബിന്റെ കേരളാ കോൺഗ്രസ് ജേക്കബിനെ ഇടതുപക്ഷത്ത് എത്തിക്കാനും സിപിഎമ്മിന് താൽപ്പര്യമുണ്ട്. യാക്കോബായ സഭയുടെ പിന്തുണ ഉറപ്പിക്കാൻ വേണ്ടി കൂടിയാണ് ഇത്. കേരളാ കോൺഗ്രസ് ജോസഫ് പക്ഷത്തെ പല പ്രമുഖരും കളം മാറുമെന്നാണ് സൂചന.

കേരള കോൺഗ്രസിൽ ഡപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിക്കുന്നവരാണ് ജോസ് കെ മാണിയുമായി ചർച്ച നടത്തിയത്. കേരള കോൺഗ്രസിലെ മൂന്നു ജില്ലാ പ്രസിഡന്റുമാരും പാർട്ടി മാറാൻ തയാറാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ നേതാവും ചർച്ച നടത്തുന്നുണ്ട്. പാർട്ടി മാറുന്നവർക്കു ലഭിക്കുന്ന സ്ഥാനങ്ങൾ സംബന്ധിച്ചാണ് ഇപ്പോൾ തർക്കം. പാർട്ടി മാറി വരുന്നവരെ സ്വീകരിക്കുന്നതിൽ കേരള കോൺഗ്രസിലെ (എം) രണ്ടാം നിര നേതാക്കൾക്ക് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ അനുനയിപ്പിക്കാൻ ജോസ് കെ മാണി ശ്രമം നടത്തുന്നുണ്ട്.

പി.സി.ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷനായതോടെ കോൺഗ്രസിൽനിന്ന് ഒരു വിഭാഗം നേതാക്കൾ എൻസിപിയിലേക്കു മാറുന്നുണ്ട്. ഇങ്ങനെ മാറുന്നവരിൽ ഒരു വിഭാഗം നേതാക്കളെ കേരള കോൺഗ്രസിൽ (എം) ചേർക്കാനും ആലോചനയുണ്ട്. കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റിയിൽ മറ്റു പാർട്ടികളിൽനിന്നു വരുന്നവരുമായി ചർച്ച നടത്താൻ ജോസ് കെ.മാണിയെ ചുമതലപ്പെടുത്തി. ഇതര പാർട്ടി നേതാക്കളുടെ വരവ് മുന്നിൽക്കണ്ട് ജില്ലാ കമ്മിറ്റികളുടെയും സംസ്ഥാന കമ്മിറ്റിയുടെയും പുനഃസംഘടന നീട്ടാനും തീരുമാനിച്ചു. മുതിർന്ന നേതാക്കൾക്ക് അർഹമായ സ്ഥാനം നൽകും.

മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസിനെയും (എം) മലബാറിൽ ഐഎൻഎല്ലിനെയും മുൻനിർത്തിയാണ് യുഡിഎഫ് ക്യാംപിലെ നേതാക്കളെ സിപിഎം ലക്ഷ്യമിടുന്നത്. കോൺഗ്രസ് പാരമ്പര്യം കാത്തു സൂക്ഷിക്കാൻ എ്ൻസിപിയും ഇവർക്ക് മുമ്പിലുണ്ട്.