കോട്ടയം: കേരളാ കോൺഗ്രസ് ജോസഫിൽ പൊട്ടിത്തെറി. സീറ്റ് മോഹിച്ച് ജോസഫിനൊപ്പം കൂടിയ ഡസനോളം നേതാക്കൾ നിരാശയിലാണ്. പിജെ ജോസഫും മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും ഫ്രാൻസിസ് ജോർജും മാത്രമാണ് സീറ്റ് ഉറപ്പിക്കുന്നത്. ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ലെന്നാണ് സൂചന.

കേരള കോൺഗ്രസ് (ജോസഫ്) പ്രാഥമിക സ്ഥാനാർത്ഥിപട്ടിക പുറത്തു വന്നതോടെയാണ് ചർച്ചകൾക്ക് പുതിയ തലത്തിലെത്തുന്നത്. മണ്ഡലം കമ്മിറ്റികൾ തയാറാക്കിയ പട്ടിക പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് അംഗീകാരത്തിനായി സമർപ്പിച്ചു. യുഡിഎഫിൽ ധാരണയായ 9 സീറ്റുകളിലേക്കാണ് പട്ടിക. ഈ സീറ്റുകൾ മാത്രമേ കേരളാ കോൺഗ്രസിന് യുഡിഎഫ് കൊടുക്കൂ. പത്താം സീറ്റായി കാഞ്ഞങ്ങാട് നൽകാമെന്ന് കോൺഗ്രസ് അറിയിച്ചു. വിട്ടു കൊടുക്കുന്ന പേരാമ്പ്രയ്ക്കു പകരം തിരുവമ്പാടിയോ മുവാറ്റുപുഴയോ വേണമെന്നാണ് ജോസഫിന്റെ ആവശ്യം. കഞ്ഞാങ്ങാട് ജയസാധ്യത കുറവാണ്. അതുകൊണ്ട് തന്നെ നേതാക്കൾക്ക് വലിയ പ്രതീക്ഷ ഈ സീറ്റിൽ ഇല്ല.

ഏറ്റുമാനൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിയിൽ തർക്കമുണ്ട്. പ്രിൻസ് ലൂക്കോസിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർത്ത് യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്‌സ് കോൺഗ്രസും രംഗത്തെത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന് സ്ഥാനാർത്ഥിത്വം നൽകണമെന്നാണ് ആവശ്യം. എന്നാൽ ഇതിന് സാധ്യത കുറവാണ്. പ്രിൻസ് ലൂക്കോസിന് വേണ്ടിയാണ് ഏറ്റുമാനൂർ കോൺഗ്രസിൽ നിന്ന് ചോദിച്ച് വാങ്ങുന്നത്. ഇതോടെ സജിക്ക് സീറ്റ് കിട്ടില്ലെന്ന് ഉറപ്പായി. എൽഡിഎഫിൽ ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്ന ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫ് പി.ജെ. ജോസഫ് വിഭാഗത്തിൽ ചേരുമെന്ന് സംസാരമുണ്ട്. എന്നാൽ, ചർച്ചകൾ നടന്നിട്ടില്ലെന്ന് ഡോ. കെസി പറഞ്ഞു.

തൊടുപുഴയിൽ പി.ജെ. ജോസഫ്, കടുത്തുരുത്തിയിൽ മോൻസ് ജോസഫ്, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ, ഇടുക്കിയിൽ കെ. ഫ്രാൻസിസ് ജോർജ്, കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാട് ജേക്കബ് ഏബ്രഹാം എ്ന്നിവരാണ് സീറ്റ് ഉറപ്പിച്ചത്. ചങ്ങനാശേരി.ിൽ വി.ജെ. ലാലി, സാജൻ ഫ്രാൻസിസ്, കെ.എഫ്. വർഗീസ് എന്നിവരെ പരിഗണിക്കുന്നു. തിരുവല്ലയിൽ ജോസഫ് എം. പുതുശേരി, വിക്ടർ ടി. തോമസ്, കുഞ്ഞുകോശി പോൾ, വർഗീസ് മാമ്മൻ എന്നിവരുടെ പേരാണുള്ളത്. ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ, മൈക്കിൾ ജയിംസ് എന്നിവരും. ഇതോടെയാണ് പൊട്ടിത്തെറിക്ക് തുടക്കമാകുന്നത്. സീറ്റ് കിട്ടിയേ തീരൂവെന്ന നിലപാടിലാണ് സജി.

കേരളാ കോൺഗ്രസിൽ പിളർപ്പുണ്ടായപ്പോൾ സീറ്റ് മോഹിച്ചാണ് ജോസ് കെ മാണിയെ സജി അടക്കമുള്ളവർ തള്ളി പറഞ്ഞത്. തിരുവല്ലയും ചങ്ങനാശേരിയും കിട്ടില്ലെന്ന് കരുതി പുതുശേരിയും കളമാറി. എന്നാൽ ഇടതു മുന്നണി ജോസ് കെ മാണിക്ക് വാരിക്കോരി കൊടുത്തു. ഇപ്പോൾ ജോസഫ് പക്ഷത്ത് പ്രതിസന്ധിയിൽ ആയവർക്ക് പോലും ജോസ് കെ മാണിക്കൊപ്പം നിന്നിരുന്നുവെങ്കിൽ സീറ്റ് കിട്ടുമായിരുന്നു. അനൂപ് ജേക്കബിനെ വിട്ടെത്തിയ ജോണി നെല്ലൂരും പ്രതിസന്ധിയിലായി. ജോസ് കെ മാണിക്ക് ഇടതുപക്ഷത്ത് കിട്ടിയ പരിഗണനയും നിരാശ കൂട്ടുന്നു.

ഏറ്റുമാനൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലും വൻ പൊട്ടിത്തെറിയാണ്. ഈ സീറ്റിൽ ലതികാ സുഭാഷ് മത്സരിക്കുമെന്നാണ് കരുതിയത്. എന്നാൽ അപ്രതീക്ഷിത തീരുമാനമാണ് പിന്നീട് ഉണ്ടായത്. ജോസഫ് വിഭാഗത്തിന് ഈ സീറ്റ് നൽകാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം. ജോസഫിനെ അനുനയിപ്പിക്കാനായിരുന്നു ഈ നീക്കം. കോൺഗ്രസ് മണ്ഡലത്തിൽ കേരള കോൺഗ്രസുമായി നിസ്സഹകരിക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ കെപിസിസി നേതൃത്വത്തെ അറിയിച്ചു. ഇതോടെ മണ്ഡലത്തിൽ തോൽവി ഉറപ്പാണെന്ന് വരെ നേതാക്കൾ പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കിട്ടാൻ ഏറ്റുമാനൂർ വിട്ടുകൊടുക്കുകയായിരുന്നു കോൺഗ്രസ്. കോൺഗ്രസിലെ ഈ പ്രശ്‌നവും ജോസഫിന് വിനയാകും.

ഏറ്റുമാനൂർ അടക്കമുള്ള സീറ്റുകളിൽ മത്സരിക്കാനുള്ള കോൺഗ്രസ് മോഹമാണ് ജോസ് കെ മാണിയുടെ പുറത്തു പോകലിന് വഴിവച്ചത്. ജോസഫിനെ ഇടുക്കിയിൽ തളയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ ജോസഫ് 15 സീറ്റ് വേണമെന്ന് കടുംപിടിത്തം പിടിച്ചു. തനിക്കൊപ്പം എത്തിയ മാണി ഗ്രൂപ്പുകാരെ കാട്ടിയായിരുന്നു ഇത്. എന്നാൽ കോൺഗ്രസ് അവകാശ വാദം തള്ളി 9 സീറ്റ് നൽകി. അപ്പോഴും കോൺഗ്രസിൽ നിരാശയാണ്. ഇതെല്ലാം കോട്ടയത്ത് യുഡിഎഫിന് തിരിച്ചടിയുണ്ടാകാൻ സാധ്യത കൂട്ടുന്നു.