തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും. കടുത്തുരുത്തിയിൽ മത്സരിക്കണമെന്ന ആവശ്യം പ്രാദേശികമായി ഉയരുന്നുണ്ടെങ്കിലും പാലായിൽ തന്നെ മാണിയുടെ മകൻ മത്സരിക്കും. ജോസ് കെ.മാണി രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിനു തന്നെ കൈമാറും. സീറ്റിന്റെ കാര്യത്തിൽ എൽഡിഎഫ് യോഗം തീരുമാനമെടുക്കുന്ന രീതിയാണ് അവലംബിക്കുന്നത് എന്നതിനാൽ കൂടുതൽ ചർച്ച വേണ്ടിവരും. വിജ്ഞാപനം വന്ന ശേഷമേ കൂടിയാലോചന നടക്കൂ. എന്നാൽ സീറ്റ് കേരളാ കോൺഗ്രസിന് തന്നെയെന്ന ഉറപ്പ് സിപിഎം നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് ജോസ് കെ മാണി രാജി വച്ചത്.

ഏപ്രിലിൽ 3 ഒഴിവുകൾ ഒരുമിച്ചു വരുന്നുമുണ്ട്. ജോസ് ഒഴിഞ്ഞ സീറ്റിലേക്കു മാത്രമായി തിരഞ്ഞെടുപ്പ് നടക്കുമോ അതോ നാലും ഒരുമിച്ചാക്കുമോ, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി എല്ലാ ഒഴിവുകളും നികത്തുമോ എന്നതെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിക്കും. കക്ഷികൾ മുന്നണി വിട്ടതു മൂലം യുഡിഎഫിനു തുടർച്ചയായി രണ്ടാം രാജ്യസഭാ സീറ്റാണ് നഷ്ടപ്പെടുന്നത്.

നേരത്തെ യുഡിഎഫ് വിട്ടുവന്ന എംപി.വീരേന്ദ്രകുമാർ ഒഴിഞ്ഞ രാജ്യസഭാ സീറ്റ് ആ പാർട്ടിക്കു നൽകിയ കീഴ്‌വഴക്കം തുടരുമെന്നാണ് കേരള കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. മുതിർന്ന നേതാക്കളിൽ ആർക്കെങ്കിലും സീറ്റ് കൈമാറാനാണ് സാധ്യത. പി.ടി. ജോസ്, പ്രഫ. കെ.ഐ. ആന്റണി, മുൻ എംഎൽഎമാരായ സ്റ്റീഫൻ ജോർജ്, പി.എം. മാത്യു എന്നിവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്. സിപിഎമ്മിനോടു കൂടി അഭിപ്രായം ആരാഞ്ഞുള്ള തീരുമാനത്തിനാണ് സാധ്യത. അവശേഷിക്കുന്ന 4 വർഷം പുതിയ അംഗത്തിനു ലഭിക്കും.

വയലാർ രവി, കെ.കെ. രാഗേഷ്, പി.വി.അബ്ദുൽ വഹാബ് എന്നിവർ ഏപ്രിലിൽ കാലാവധി പൂർത്തിയാക്കും. ഈ നിയമസഭാ സമ്മേളന കാലത്ത് തന്നെ 3 ഒഴിവുകൾ നികത്തിയാൽ 2 സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് യുഡിഎഫിനും ലഭിക്കും. അതിനു ശേഷം ആയാൽ നിയമസഭയിലെ അംഗബലത്തെ ആശ്രയിച്ചിരിക്കും. അതിനിടെ രാജ്യസഭാംഗത്വം രാജിവച്ചതു രാഷ്ട്രീയ ധാർമികതയുടെ പേരിലാണെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചു. പാലാ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും ഇടതു മുന്നണിയിൽ ഇതു വരെ നടന്നിട്ടില്ല. ആരു മത്സരിക്കുമെന്നു തീരുമാനിക്കുന്നതു പാർട്ടിയായതിനാൽ വ്യക്തിപരമായ അഭിപ്രായത്തിനു പ്രസക്തിയില്ലെന്നും ജോസ്.കെ. മാണി പറയുന്നു.

ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ച ഒഴിവിലേക്ക് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാവും കെ.എം. മാണിയുടെ വിശ്വസ്തനുമായിരുന്നു പി.ടി. ജോസ്. എന്നാൽ രാജ്യസഭാ സീറ്റിനെക്കുറിച്ച് എൽ.ഡി.എഫ്. പോലും ചർച്ച ചെയ്തിട്ടില്ലെന്ന് പി.ടി. ജോസ് പറഞ്ഞു രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിനാണോ എന്ന കാര്യത്തിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് ജോസ് കെ. മാണിയും പറഞ്ഞു. സീറ്റ് കേരളാ കോൺഗ്രസിനാണെങ്കിൽ അതിനായി കോട്ടയത്തെ ചില നേതാക്കളും ചരടുവലി നടത്തുന്നുണ്ട്. പി.ടി. ജോസ് നേരത്തെ പേരാമ്പ്ര, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കഴിഞ്ഞ 20 വർഷമായി ഇടുക്കിയെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിൻ തുടർച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് ഇക്കുറിയും രംഗത്തുണ്ടാകും. എന്നാൽ പകരം മത്സരിക്കുന്ന ആളിൽ യുഡിഎഫിൽ ധാരണയൊന്നുമില്ല. നേരത്തെ ഇടുക്കിയിൽ നിന്ന് റോഷി പാലായിൽ എത്തി മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്നതിനാൽ അത് നടക്കില്ല. ഈ സാഹചര്യത്തിലാണ് റോഷി അഗസ്റ്റിൻ ഇടുക്കി ഉറപ്പിക്കുന്നത്.

പാർട്ടി അനുവദിച്ചാൽ വീണ്ടും ഇടുക്കിയിൽ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ ഉറപ്പിക്കുന്നു. ഇടുക്കി തനിക്ക് ഹൃദയ വികാരമാണ്. സ്വന്തം വീട് പോലുള്ള മണ്ഡലം വിട്ട് എവിടേക്കുമില്ല. പക്ഷേ അപ്പോഴും പാർട്ടി തീരുമാനം അനുസരിക്കുമെന്ന് റോഷി പറയുന്നു. കടുത്തുരുത്തിയിൽ കേരളാ കോൺഗ്രസ് എമ്മിന് വേണ്ടി സ്റ്റീഫൻ ജോർജോ മറ്റൊരു ക്‌നാനായ നേതാവോ മത്സരിക്കാനാണ് സാധ്യത.