തിരുവനന്തപുരം: വളരും തോറും പിളരും.. പിളരും തോറും വളരും.. ഇതാണ് കേരളാ കോൺഗ്രസ് രാഷ്ട്രീയത്തെ കുറിച്ച് കെ എം മാണി കാലങ്ങളായി അഭിപ്രായപ്പെട്ടിരുന്ന കാര്യം. ഈ തിയറി ശരിയാണെന്ന് പലപ്പോഴും സീറ്റു വിഭജനത്തിന്റ കാര്യം വരുമ്പോൾ വ്യക്തമാകുന്ന കാര്യമാണ്. പി ജെ ജോസഫും ജോസ് കെ മാണിയും തദ്ദേശ തിരഞ്ഞെടുപ്പിൽ വേർപിരിഞ്ഞു മത്സരിച്ചപ്പോൾ കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ സാധിച്ചെന്നത് കേരളാ കോൺഗ്രസുകാരുടെ നേട്ടമായി മാറി. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പു അടുക്കുമ്പോഴും ഇപ്പോഴത്തെ പിളർച്ച കൊണ്ട് ഫലത്തിൽ രണ്ട് കക്ഷികൾക്കും ലാഭം മാത്രമേയുള്ളൂ.

സമ്മർദ്ദ തന്ത്രത്തിലൂടെ കൂടുതൽ സീറ്റുകൾ വാങ്ങിയെടുക്കാനുള്ള ശ്രമങ്ങൾ ഇരുകൂട്ടതും തുടങ്ങിക്കഴിഞ്ഞു. ജോസ് കെ മാണിക്ക് ഇക്കുറി സിപിഎമ്മിൽ നിന്നും നല്ലപരിഗണന തന്നെ ലഭിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തിൽ 12 മതുതൽ 15 സീറ്റുകൾ ജോസിന് ഇടതു മുന്നണി നൽകിയേക്കും. ഒരുമിച്ചു നിന്നപ്പോൾ യുഡിഎഫ് നൽകിയ 15 സീറ്റുകളാണ് നൽകിയിരുന്നത്. എന്നാൽ, പിളർന്നു മത്സരിക്കുമ്പോൾ കൂടുതൽ സീറ്റുകൾ ഇരുമുന്നണികൾക്കുമായി ലഭിക്കുന്ന സ്ഥിതിയാണുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചതോടെ തങ്ങളുടെ രാഷ്ട്രീയ മൂല്യം ഉയർന്നതായി കേരള കോൺഗ്രസ് (എം) അവകാശപ്പെടുന്നു. മറുഭാഗത്ത് യുഡിഎഫിനും ജോസഫ് വിഭാഗത്തിനും പ്രതീക്ഷിച്ച പ്രകടനം സാധിക്കാതെ പോയതിന്റെ പരുവക്കേടുണ്ട്. എങ്കിലും ജോസഫ് വിലപേശൽ ശക്തി കുറച്ചിട്ടില്ല.

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ഇടുക്കി, ചങ്ങനാശേരി സീറ്റുകൾ ജോസ് കെ മാണി ഉറപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ, പൂഞ്ഞാർ, റാന്നി, പിറവം, ചാലക്കുടി, പെരുമ്പാവൂർ, ഇരിക്കൂർ സീറ്റുകളിലും ഇവർ നോട്ടമിടുന്നു. ഈ സീറ്റുകൾ നൽകിയേക്കുമെന്നാണ് സൂചനയും. പേരാമ്പ്ര, കുറ്റ്യാടി, തിരുവമ്പാടി എന്നിവയിൽ ഒരു സീറ്റിലും ജോസ് കണ്ണുവെക്കുന്നു. പി.ജെ. ജോസഫിനെതിരെ തൊടുപുഴയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയെ നിർത്തണമെന്ന അഭിപ്രായം സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. 12-15 സീറ്റുകളാണു പാർട്ടിയുടെ പ്രതീക്ഷ. കെ.എം. മാണിയുടെ പാലായിൽ തന്നെ മത്സരിക്കുമെന്ന സൂചനയാണ് ജോസ് കെ. മാണി നൽകുന്നത്.

അതേസമയം 15 സീറ്റ് പി.ജെ. ജോസഫ് ആവശ്യപ്പെടുമ്പോൾ 7-8 സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. 2016 ൽ ജോസഫ് ഗ്രൂപ്പ് അംഗങ്ങൾ മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം എന്നിവ നൽകാമെന്നാണ് ഉറപ്പ്. തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട), ജോസഫ് എം.പുതുശേരി (തിരുവല്ല) എന്നിവർ മത്സരിച്ച സീറ്റുകൾക്കു വേണ്ടിയും ജോസഫ് വിഭാഗം പിടിമുറുക്കും. അങ്ങനെ 7 സീറ്റ് ഉറപ്പായും അവകാശപ്പെടാം. ഇടുക്കി, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളിൽ ഓരോ സീറ്റ്, മലബാറിൽ ഒരു സീറ്റ് എന്നിവയടക്കം ഏതു സാഹചര്യത്തിലും 10-11 സീറ്റ് ലഭിച്ചേ തീരൂവെന്ന് ജോസഫ് വിഭാഗം കരുതുന്നു.

എന്നാൽ, ജോസഫിനോട് അത്രയ്ക്ക് കരുണ കാണിക്കാൻ കോൺഗ്രസ് തയ്യാറായേക്കില്ല. കോൺഗ്രസിന് ഇവിടെ കൂടുതൽ സീറ്റുകളിൽ നോട്ടമുണ്ട്. മധ്യകേരളത്തിൽ കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. അതുകൊണ്ടു തന്നെ ജോസഫിന്റെ ആഗ്രഹം പൂർണമായും സാധിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇങ്ങനെ വരുമ്പോൾ ജോസഫ് വിഭാഗത്തിലെ സീറ്റു മോഹികൾ കലാപവുമായി രംഗത്തിറങ്ങുന്നത് യുഡിഎഫിന് തിരിച്ചടിയായേക്കും.