തിരുവനന്തപുരം: ചില നിബന്ധനകൾ സർക്കാറിന് തന്നെ വെല്ലുവിളിയാകാറുണ്ട്.അത്തരത്തിൽ ഒരു നിബന്ധനയിൽ കുടങ്ങി വലയുകയാണ് വനംവകുപ്പ്.കേസുകളിൽ പിടിച്ചെടുത്തും പലവിധ കാര്യങ്ങളിലുടെ ചരിഞ്ഞതുമൊക്കെയായി സർക്കാറിന്റെ ശേഖരത്തിലേക്കെത്തിയ ആനക്കൊമ്പുകലാണ് ഇപ്പോൾ വകുപ്പ് തലവേദനയാകുന്നത്.ആനക്കൊമ്പുകൾ കൂമ്പാരം കൂടി ഇപ്പോൾ ശേഖരിച്ച് വെക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.അനൗദ്യോഗിക കണക്കുകൾ പ്രകാരം 13 ടൺ ആനക്കൊമ്പുകളാണ് വനം വകുപ്പിന്റെ പക്കലുള്ളത് എന്നാണു വിവരം.

ആനക്കൊമ്പ് വിൽക്കുന്നതിന് വിലക്കുള്ളതിനാൽ വനം വകുപ്പിന്റെ വിവിധ സ്‌ട്രോങ് റൂമുകളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. കാട്ടാനകളോ നാട്ടാനകളോ ചരിഞ്ഞാൽ കൊമ്പുകളും നഖവും മറ്റും സർക്കാരിലേക്കു മുതൽക്കൂട്ടണമെന്നതാണു വ്യവസ്ഥ. സംസ്ഥാനത്ത് ചരിഞ്ഞ ആനകളുടെ കണക്കുണ്ടെങ്കിലും ഇവയിൽനിന്നു ശേഖരിച്ച കോടിക്കണക്കിനു രൂപ വില വരുന്ന ആനക്കൊമ്പുകളുടെ കണക്കുകൾ ക്രോഡീകരിച്ചിട്ടില്ലെന്നാണ് വനം വകുപ്പ്. അത്‌കൊണ്ട് തന്നെ എത്ര രൂപയുടെ ആനക്കൊമ്പുകളാണ് ഉള്ളതെന്ന് വ്യക്തമല്ല.സുരക്ഷാ കാരണങ്ങളാലാണ് യഥാർത്ഥ കണക്കുകൾ പുറത്ത് വിടാത്തതെന്നാണ് സർക്കാർ വിശദീകരണം.

കാട്ടാനകളും നാട്ടാനകളും ഉൾപ്പെടെ ഒരു വർഷം അറുപതിൽപ്പരം ആനകൾ കേരളത്തിൽ ചരിയുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇതിലേറെയും കാട്ടാനകളാണ്. ഒരു വർഷം 2022 വരെ നാട്ടാനകൾ ചരിയുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. ആനകളുടെ മരണത്തിൽ 80% സ്വാഭാവിക മരണവും ബാക്കി വൈദ്യുതാഘാതമേറ്റും ആനകൾ തമ്മിലുള്ള സംഘർഷത്തിലും കൃഷി സംരക്ഷണത്തിനായുള്ള വേട്ടയാടലിലുമാണ്.

വനം കയ്യേറ്റം, ആനത്താരകൾ മുറിച്ചു കടക്കുന്ന റെയിൽവേ ലൈനുകൾ, ദേശീയ പാതകൾ, സമീപത്തെ ഖനന മേഖലകൾ എന്നിവ ആനകളുടെ സ്വസ്ഥ ജീവിതത്തിനും സഞ്ചാരത്തിനും ഭീഷണി ഉയർത്തുന്നു. 2019ൽ 19 നാട്ടാനകളും കഴിഞ്ഞ വർഷം 22 ഉം ഈ വർഷം ഇതുവരെ 9 കാട്ടാനകളും ചരിഞ്ഞു.2016നും 2020നുമിടയിൽ 22 ആനകളെ വേട്ടക്കാർ കൊന്നൊടുക്കിയത് സംസ്ഥാനത്ത് ഇപ്പോഴും ആനവേട്ട നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ്. വളർച്ചയെത്താത്ത ആനകളുടെ തേറ്റ കടത്തിയ സംഭവവും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. എന്നാൽ ആനകളുടെ അസ്വാഭാവിക മരണങ്ങളിൽ കാര്യമായ അന്വേഷണം നടക്കാറില്ല.

ചരിയുന്ന ആനകളിൽനിന്നു ശേഖരിച്ചതും പിടിച്ചെടുത്തതുമായ ആനക്കൊമ്പുകൾ വനം വകുപ്പിന്റെ പക്കൽ കൂമ്പാരമായതോടെ കത്തിച്ചു കളയണമെന്നു കേന്ദ്ര വനംവന്യജീവി വകുപ്പ് 10 വർഷം മുൻപു സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനോടു നിർദേശിച്ചിരുന്നു.പക്ഷെ വിവാദം ഭയന്ന് സർക്കാർ ഇതു തള്ളിക്കളയുകയായിരുന്നു.