തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്താൻ സജ്ജമല്ലെന്ന് കേരള സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് സംസ്ഥാന സർക്കാർ കത്തയച്ചു. ചീഫ് സെക്രട്ടറി മുഖേനയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് കത്തുനൽകിയത്. ഓഗസ്റ്റ് 21 ന് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നത് നാളെ ഉപതിരഞ്ഞെടുപ്പ് വിഷയത്തിൽ സർവകക്ഷിയോഗം ചേരാനിരിക്കേയാണ്.

കോവിഡ് സാഹചര്യത്തിൽ സാമൂഹ്യഅകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുക ദുഷ്‌കരമെന്നാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കത്തിൽ സൂചിപ്പിക്കുന്നു. നാലു മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടാണ് ഇടതുമുന്നണിക്കും സർക്കാരിനും. ഉപതിരഞ്ഞെടുപ്പിനെതിരായ നിലപാട് ബിജെപിയും പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ യുഡിഎഫിന്റെ പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിക്കുകയും ചെയ്തു. എന്നാൽ ഉപതിരഞ്ഞെടുപ്പ് മാത്രമായി മാറ്റിവയ്ക്കുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്നാണ് യുഡിഎഫ് നിലപാട്.

കോവിഡ് വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ തദ്ദേശ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കണമെന്നും അങ്ങനെയെങ്കിൽ മാത്രം ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കാമെന്നുമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിച്ചത്. നിർദ്ദേശം ചർച്ച ചെയ്ത സർക്കാർ ഇത് അംഗീകരിക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഇടതുമുന്നണിയുടെ കൂടി അംഗീകാരത്തോടെ നാളത്തെ സർവ്വകക്ഷി യോഗത്തിൽ സമവായമുണ്ടാക്കാനാണ് നീക്കം.

ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികൾ നിലവിൽ വരും വിധമുള്ള തിരഞ്ഞെടുപ്പ് പുനക്രമീകരണത്തെ കുറിച്ചാണ് ആലോചന. എന്നാൽ ഉപതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്ന കാര്യത്തിൽ ഇടതുമുന്നണി ഘടകകക്ഷികളിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. ഇതിന് നിയമസാധുത ഉണ്ടാകുമോ അതിന് സ്വീകരിക്കേണ്ട നടപടികൾ എന്നിവയും സംസ്ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും പരിഗണിക്കും. അതേസമയം കോവിഡ് എപ്പോൾ കുറയുമെന്നോ വീണ്ടും രോഗവ്യാപനം കൂടുമെന്നോ പറയാനാവില്ലെന്നും തിരഞ്ഞെടുപ്പ് മുൻ നിശ്ചയിച്ച പ്രകാരം നടത്തണമെന്നുമാണ് ബിജെപിയുടെ അഭിപ്രായം.

വീഡിയോ കോൺഫറൻസിലൂടെയാണ് സർവകക്ഷി യോഗം ചേരുന്നത്. കുട്ടനാട്ടിലും ചവറയിലും നടക്കുന്ന ഉപതിരഞ്ഞെടുപ്പ് നടത്തണമോയെന്ന കാര്യത്തിൽ ഏകാഭിപ്രായം രുപീകരിക്കുകയാണ് പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 18 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും യോഗം വിളിച്ചിട്ടുണ്ട്. ഇവിടെ സർക്കാരും പ്രതിപക്ഷവും തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നു ഏകാഭിപ്രായത്തിലെത്തിയാൽ കമ്മിഷനും അനുകൂലിച്ചേക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്. പ്രചാരണത്തിന് വെറും 15 ദിവസങ്ങൾ മതി. കോവിഡ് വ്യാപനം രൂക്ഷമാകുമെന്നതെല്ലാം പല കോണുകളിൽ നിന്ന് ഉയർന്നുവരുന്ന അഭിപ്രായങ്ങൾ മാത്രമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയത്. അതേസമയം, കോവിഡ് വ്യാപനം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുംഎന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഈ മാസം 21ാം തിയ്യതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ വ്യക്തമാക്കി. രോഗികൾ കൂടുന്നതോടെ വെന്റിലേറ്ററിന് ക്ഷാമം വരും. പ്രായമുള്ളയാളുകളിലേക്ക് രോഗം പടർന്നാൽ വെന്റിലേറ്റർ തികയാതെ വരുമെന്ന് കെകെ ശൈലജ പറഞ്ഞു. ഏത്ര രോഗികൾ വന്നാലും റോഡിൽ കിടക്കേണ്ടുന്ന അവസ്ഥയുണ്ടാകരുത്. കോളനികളിലേക്ക് രോഗം വരാതിരിക്കാൻ എംഎൽഎമാർ ജാഗ്രതയോടെ ഇടപെടണം. ആർക്കെങ്കിലും രോഗം വന്നാൽ ഉടനെ ആശുപത്രിയിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.