തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിനെതിരെ സംസ്ഥാന സർക്കാർ. കേന്ദ്ര തീരുമാനം അശാസ്ത്രീയമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ആരോപിച്ചു. ഇത് പ്രായോഗികമല്ല. ചട്ടം കെഎസ്ആർടിസിയെ ബാധിക്കില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചു.

പൊളിക്കൽ നയം കുത്തകകളെ സഹായിക്കുന്നതാണ്. തലവേദന വന്നാൽ കഴുത്ത് വെട്ടുകയല്ല വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. വാഹനം പൊളിക്കൽ നയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഗുജറാത്ത് നിക്ഷേപ സംഗമത്തിൽ വച്ചാണ് നിർവഹിച്ചത്. കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് ആദ്യമായി നയം അവതരിപ്പിച്ചത്.

എല്ലാ വാഹനങ്ങൾക്കും നയം ബാധകമല്ല. കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിർബന്ധിത ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം. 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രമേ പുനർ രജിസ്റ്റ്രേഷൻ നൽകൂ.

ട്രാൻസ്പോർട്ട് ബസുകൾ ഉൾപ്പെടെയുള്ളവയ്ക്കും ഇതു ബാധകമാണ്. ഒരു വാഹനം ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ, പിന്നീട് റോഡിൽ ഓടാൻ കഴിയില്ല. ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചാലും, ഓരോ 5 വർഷത്തിലും വീണ്ടും ഫിറ്റ്നസ് ടെസ്റ്റ് നടത്തണമെന്നും നയത്തിൽ പറയുന്നു. ഹെവി വാണിജ്യ വാഹനങ്ങൾക്ക് 2023 മുതലും വ്യക്തിഗത വാഹനങ്ങൾക്ക് 2024 ജൂൺ മുതലും ഇതു ബാധകമാവും.