കോഴിക്കോട് : ഡിസംബർ 31 വരെ വായ്പകളിലെ ജപ്തി നടപടികൾ തടഞ്ഞ് സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ ആനുകൂല്യം വിരലിലെണ്ണാവുന്ന വായ്പക്കാർക്കു മാത്രം.സഹകരണ ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾക്കു മൊറട്ടോറിയം ബാധകമാക്കാനായി രജിസ്റ്റ്രാർ ഉത്തരവിറക്കാത്തതാണ് സാധാരണക്കാർക്കു തിരിച്ചടിയാകുന്നത്. ആർബിഐ അനുമതിയില്ലാത്തതും, മൊറട്ടോറിയം കാലയളവിൽ കുടിശികയാകുന്ന പലിശ സഹകരണ ബാങ്കുകൾക്ക് ആരു നൽകുമെന്നതിൽ വ്യക്തതയില്ലാത്തതുമാണ് ഉത്തരവിറക്കാൻ തടസ്സമാകുന്നതെന്നാണ് വിശദീകരണം.

മഴക്കെടുതി മൂലമുള്ള കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്താണു ഡിസംബർ 31 വരെ ജപ്തി നടപടികൾക്കു സംസ്ഥാന സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. റവന്യു വകുപ്പ് ഒക്ടോബർ 22ന് ഇതിന്റെ ഉത്തരവിറക്കുകയും ചെയ്തു. സർക്കാർ ഏജൻസികൾക്കും സ്ഥാപനങ്ങൾക്കുമൊപ്പം സഹകരണ ബാങ്കുകളിൽ നിന്നെടുത്ത വായ്പയ്ക്കും മൊറട്ടോറിയം നൽകുമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ഉത്തരവു പ്രകാരം വായ്പകൾക്കു മൊറട്ടോറിയം നൽകാനാകില്ലെന്നു സർവീസ് സഹകരണ ബാങ്കുകൾ നിലപാടെടുത്തു.

സംസ്ഥാനത്തെ കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട സംരംഭകർ അടക്കമുള്ള ഒട്ടേറെ പേർ വായ്പ എടുത്തിരിക്കുന്നതു പ്രാദേശിക സർവീസ് സഹകരണ ബാങ്കുകളിൽ നിന്നാണ്. ഇവർക്ക് ആനുകൂല്യം ലഭിക്കണമെങ്കിൽ സഹകരണ രജിസ്റ്റ്രാർ ഉത്തരവിറക്കണം. എന്നാൽ ഇത്തരമൊരു ഉത്തരവ് ഇറക്കാൻ സഹകരണ വകുപ്പു തയാറല്ലെന്നാണു വിവരം. കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾക്കും വാണിജ്യ ബാങ്കുകൾക്കും റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ മൊറട്ടോറിയം നൽകാൻ കഴിയില്ല.