തിരുവനന്തപുരം: സ്ത്രീധന പ്രശ്‌നങ്ങൾ കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമർത്തപ്പെടുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമ്മുടെ മൂല്യങ്ങൾ നശിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പെൺകുട്ടികൾ സ്ത്രീധനത്തോട് നോ പറയണം. സ്ത്രീധനം ആവശ്യപ്പെട്ടു എന്നറിഞ്ഞാൽ പെൺകുട്ടികൾ വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്‌നങ്ങൾ. സ്ത്രീധനത്തിനെതിരെ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീസുരക്ഷക്കായി നടത്തുന്ന ഉപവാസ സമരം വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിരുദം നൽകുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണം. സ്ത്രീധന പരാതിയുയർന്നാൽ സർവകലാശാലകൾ ബിരുദം റദ്ദാക്കണമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. പുരുഷന്മാർക്ക് സഹാനുഭൂതി വേണം. വരന്മാരുടെ അമ്മമാരാണ് സ്ത്രീധനം തടയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ഉപവാസത്തിൽ രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കിയ ഗവർണർ സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണം തള്ളി. ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പരുത്. ഉപവാസം സർക്കാരിന് എതിരാണെന്ന പ്രചാരണം ശരിയല്ല. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ ബോധവൽക്കരണമാണ് ലക്ഷൃമിട്ടത്. സ്ത്രീ സുരക്ഷക്കായി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് ശക്തമായ നടപടികളാണെന്നും ഗവർണർ പറഞ്ഞു

പരിപാടിയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ഉപവാസത്തിന് സന്നദ്ധനായിരുന്നു. ഉപവാസം തീരുമാനിച്ചപ്പോൾ ഉമ്മൻ ചാണ്ടിയും കുമ്മനം രാജശേഖരനും ഗാന്ധിജിയുടെ പൗത്രിയും തന്നെ വിളിച്ച് പിന്തുണ നൽകി. മുഖ്യമന്ത്രി പിണറായി വിജയനും പൂർണ പിന്തുണ അറിയിച്ചെന്ന് ഗവർണർ പറഞ്ഞു. സ്ത്രീധനത്തിനെതിരെ ഇത്തരത്തിലുള്ള പ്രചാരണം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ ഉപവാസം സ്ത്രീധന വിഷയത്തിൽ മാത്രം ഊന്നിയെന്ന് ഗവർണർ കൂട്ടിച്ചേർത്തു.

തന്റെ ഉപവാസം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും സമാപനത്തിനിടെ തൈക്കാട് ഗാഡി സ്മാരക നിധിയിലെത്തിയ ഗവർണർ വ്യക്തമാക്കി. ജനപ്രതിനിധികൾ പങ്കെടുക്കുന്ന വിവാഹങ്ങളിൽ സ്ത്രീധനം ഇല്ലെന്ന് ഉറപ്പാക്കണം.

സംസ്ഥാന ചരിത്രത്തിലെ അസാധാരണ സമരത്തിനാണ് രാജ്ഭവൻ സാക്ഷിയായത്. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി ഭരണതലവനായ ഗവർണർ ഉപവാസമിരിക്കുന്നതിന് രാഷ്ട്രീയ വ്യഖ്യാനങ്ങൾക്കിടയാക്കി കഴിഞ്ഞു. കേരളം ദൈവത്തിന്റെ സ്വന്തം നാടാകണമെങ്കിൽ സത്രീധനം എന്ന വിപത്ത് ഒഴിവാക്കണമെന്ന് സ്ത്രീധനത്തോട് നോ പറയൂ എന്ന പൊലീസിന്റ ബോധവത്കരണ ക്യംപെയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവർണർ പറഞ്ഞു. ഗവർണർ സമരത്തിൽ അണിചേർന്നത് രാഷ്ട്രീയമാണെന്ന് വ്യാഖ്യാനം ഗാന്ധി സ്മാരക നിധി തള്ളി.