തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഇന്ത്യയിലെ ആകെ കോവിഡ് വ്യാപനത്തിന്റെ പകുതിയിൽ ഏറെയും കേരളത്തിൽ നിന്നാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. കോവിഡ് മരണ നിരക്കും ഉയർന്നു തന്നെ നിലനില്ക്കുന്നു. എന്നിട്ടും സംസ്ഥാനത്ത് കോവിഡ് ചികിത്സയിൽ ഹോമിയോ വിഭാഗക്കാരെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. ഇത് സംബന്ധിച്ച് നേരത്തെ സുപ്രീംകോടതി വിധി ഉണ്ടായിട്ടും സംസ്ഥാനത്ത് നടപ്പിലാക്കാത്ത സാഹചര്യം നിലനിന്നിരുന്നു. എന്നിട്ടും സർക്കാർ മുഖം തിരിക്കുകയാണ് ഉണ്ടായത്.

ഇപ്പോൾകോവിഡ് ചികിത്സക്ക് കേരളത്തിലെ ഗവൺമെന്റ് ഹോമിയോപ്പതി സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരിക്കയാണ്. 28 ദിവസത്തിനം ഹോമിയോപ്പതിയിൽ കോവിഡ് ചികിത്സിക്കാൻ അവസരം ഒരുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 13നാണ് ഹൈക്കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപ്പതി കേരള നൽകിയ ഹർജിയിലാണ് ഉത്തരവുണ്ടായിരിക്കുന്നത്. ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് അടക്കം കോടതി വിധി നടപ്പിലാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

നേരത്തെ ഗുരുതരമല്ലാത്ത കോവിഡ് രോഗികൾക്കു ഹോമിയോപ്പതി ചികിത്സ നൽകാമെന്ന് കേന്ദ്രം നിർദ്ദേശിക്കുകയും കോടതി ഉത്തരവുകൾ വരികയും ചെയ്‌തെങ്കിലും കേരളത്തിൽ മാത്രം അനുമതി നൽകിയിരുന്നില്ല. മറ്റു പല സംസ്ഥാനങ്ങളും കേന്ദ്രനിർദ്ദേശം അനുസരിച്ച് ഹോമിയോ ചികിത്സ കൂടി നടത്തുന്നുണ്ട്. എന്നാൽ ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ള കേരളത്തിൽ ഇതിന് അനുമതി നൽകാത്തതിൽ വൈരുധ്യം ഉണ്ടെന്നു ഹോമിയോ ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ഹോമിയോ ഡോക്ടർമാർ കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലി ഉത്തരവ് പുറപ്പെടുവിച്ചത്.

ക്വാറന്റൈനിൽ ഉള്ളവരേയും നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരെയും ചികിത്സിക്കാൻ സർക്കാർ അനുവദിക്കണമെന്നാണ് ഹോമിയോ ഡോക്ടർമാരുടെ സംഘടന നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഹോമിയോ ഡോക്ടർമാരെ മാറ്റി നിർത്തുന്നത് നീതിനിഷേധമാണെന്നാണ് ഇവരുടെ പരാതി. കോവിഡ് തീവ്രവ്യാപനം സംസ്ഥാനത്ത് ശക്തമാകുമ്പോൾ സന്നദ്ധരായ ഹോമിയോ ഡോക്ടർമാരെ മാറ്റി നിർത്തുന്നതായാണ് ഇവരുടെ പരാതി. 2020 ഡിസംബറിൽ പ്രതിരോധത്തിനും, ഗുരുതരമല്ലാത്ത അവസ്ഥയിലുള്ള കോവിഡ് രോഗികളെയും ചികിത്സിക്കാൻ ഹോമിയോ ഡോക്ടർമാരെ അനുവദിക്കണമെന്ന് ആയുഷ് വകുപ്പിന് സുപ്രീം കോടതി നിർദ്ദേശം നൽകിയത്.

എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും ഹോമിയോ ഡിസ്‌പെൻസറികളുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിലായി പതിനായിരത്തോളം ഹോമിയോ ഡോക്ടർമാരും. എന്നാൽ, ഇവിടങ്ങളിൽ സൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറാകാതിരിക്കുകയായിരുന്നു. രോഗമില്ലാത്തവർ സ്ഥിരമായി ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചാൽ രോഗവ്യാപനം കുറയ്ക്കാം. ഒരിക്കൽ കോവിഡ് വന്നവർക്ക് വീണ്ടും വരാതിരിക്കാനും ഇതുപയോഗിക്കാം. കൊവിഡിന്റെ രണ്ടാംഘട്ടം രൂക്ഷമായ സർക്കാറിന് ഹോമിയോ ചികിത്സയും പരീക്ഷിക്കാൻ സാധിക്കുമായിരുന്നു.

എല്ലാതലത്തിലും ഹോമിയോപ്പതി ചികിത്സ ഉറപ്പാക്കാൻ തമിഴ്‌നാട് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, കേരളത്തിലെ രണ്ട് ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ ഇപ്പോൾ അലോപ്പതി സി.എഫ്.എൽ.ടി.സികളായാണ് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഡിസ്പെൻസറികളിലെ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർമാർ അലോപ്പതി സി.എഫ്.എൽ.ടി.സികളിലും ജോലി ചെയ്യുന്നു. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങളും ഡോക്ടർമാരുടെ സേവനവും ഹോമിയോ ചികിത്സയ്ക്കായി തന്നെ പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് ഹോമിയോ ഡോക്ടർമാർ ശക്തമായി ഉന്നയിക്കുന്നത്. കോടതി വിധി നടപ്പിലാക്കണമെന്നും ഡോക്ടർമാർ ശക്തിയുക്തം വാദിക്കുന്നു.

കൊവിഡിന്റെ ഒന്നാംഘട്ടത്തിൽ ഹോമിയോപ്പതിക് ഇമ്യൂൺ ബൂസ്റ്റർ മരുന്നുകൾ ഉപയോഗിച്ചവരിൽ രോഗം മൂർച്ഛിച്ചത് വളരെക്കുറവാണെന്ന് സി.സി.ആർ.എച്ച് പഠനം വ്യക്തമാക്കിയിരുന്നു. ശ്വസനപ്രക്രിയയെ ഉത്തേജിപ്പിച്ച് ശരീരത്തിലെ ഓക്സിജൻ അളവ് ക്രമപ്പെടുത്താനും ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയെ ചെറുക്കാനും മരുന്നുകൾ ഹോമിയോപ്പതിയിലുണ്ടെന്നും ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഐ.എച്ച്.എം.എ വ്യക്തമാക്കുന്നു.