തിരുവനന്തപുരം: ന്യൂഡൽഹി കേരള ഹൗസിൽ ഡിഐജി റാങ്കിൽ ഒരു വർഷത്തേക്ക് ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി (ഒഎസ്ഡി) തസ്തിക സൃഷ്ടിച്ചു. തൃശൂർ പൊലീസ് അക്കാദമിയിലെ ഡിഐജി(ട്രെയ്‌നിങ്) നീരജ് കുമാർ ഗുപ്തയെ പുതിയ തസ്തികയിൽ നിയമിച്ചു.

കേരള ഹൗസിന്റെ സുരക്ഷ ശക്തമാക്കാനാണ് നടപടിയെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഭരണനേതൃത്വത്തിലെ ചിലരുടെ രാഷ്ട്രീയ വ്യക്തി താൽപര്യങ്ങൾക്കാണു പുതിയ തസ്തികയെന്ന് ആക്ഷേപമുണ്ട്. സർക്കാർ ഏൽപിക്കുന്ന എന്തു ജോലിയും ഒഎസ്ഡി കൃത്യമായി ചെയ്ത് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ അറിയിക്കുകയും വേണം.

റസിഡന്റ് കമ്മിഷണറുടെ ഓഫിസിൽ 1,31,100 2,16,600 ശമ്പള സ്‌കെയിലിലാണു പുതിയ എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ചത്. നീരജ് കുമാർ ഗുപ്ത ഡൽഹിയിലേക്കു പോകുന്നതിനാൽ പരിശീലനത്തിന്റെ പൂർണ ചുമതല ഹെഡ്ക്വാർട്ടേഴ്‌സ് ഐജി പി.വിജയനു നൽകി.