കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചതായി സംശയം. മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാൽ മുതിർന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാരുടെ നിരീക്ഷണം. സംശയം ഉയർന്ന സാഹചര്യത്തിൽ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.

ഇതേത്തുടർന്ന് പ്രദേശത്ത് വീണ്ടും തെരച്ചിൽ നടത്താൻ തീരുമാനിച്ചു. നേരത്തെ, രക്ഷാപ്രവർത്തകർ ഇവിടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഉരുൾപ്പൊട്ടലിൽ പ്ലാപ്പള്ളി മേഖലയിൽ നാല് പേരാണ് മരിച്ചതെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. സോണിയ (46 ) , അലൻ . പന്തലാട്ടിൽ സരസമ്മ മോഹനൻ (58 ), റോഷ്നി (50 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ഇവരിൽ അലന്റെ മൃതദേഹവുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉണ്ടായത്. ഈ മേഖലയിൽ കല്ലും മറ്റും വീണ് മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ മണ്ണിനടിയിൽ നിന്നും ശേഖരിച്ചാണ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്കായി എത്തിച്ചത്.

ഇതിനിടയിലാണ് 12 വയസുകാരന്റെ മൃതദേഹത്തിന് ഒപ്പമുള്ള കാല് മുതിർന്ന വ്യക്തിയുടേതാണെന്ന് ഡോക്ടർമാരുടെ സംഘം കണ്ടെത്തുന്നത്. എന്നാൽ ഇങ്ങനെ ഒരാളെ കാണാതായതായി നിലവിൽ റിപ്പോർട്ടുകളില്ല.

കൂട്ടിക്കലിൽ നിന്ന് പതിമൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 9 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും രണ്ടുപേരെ കാണാതായെന്നും ജില്ലാഭരണകൂടം അറിയിച്ചു.

അതേസമയം, കൊക്കയാറിൽ നിന്ന് കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങൾ തീരാ വേദനയായി. പരസ്പരം കെട്ടിപ്പിടിച്ച നിലയിലാണ് രണ്ടുകുട്ടികളുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത്. ഒരുകുട്ടിയുടേത് തൊട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ഒരു കുടുംബത്തിലെ അഞ്ചുപേർ മണ്ണിടിച്ചിലിൽ മരിച്ചു. ഭാര്യയും രണ്ട് മക്കളുമടക്കം ഉറ്റവരായ അഞ്ചുപേരെ നഷ്ടമായ സിയാദ് ദുരന്ത ഭൂമിയിലെ നീറുന്ന കാഴ്ചയായി.

ബന്ധുവിന്റെ വിവാഹത്തിന് ഭാര്യവീട്ടിൽ എത്തിയ സിയാദിന്റെ ഭാര്യ ഫൗസിയയും മക്കളായ പത്തുവയസുകാരൻ അമീനും 7വയസുകാരി അംനയും സഹോദരന്റെ മക്കളായ അഫ്‌സാനയും അഫിയാനെയുമാണ് സിയാദിന് ദുരന്തത്തിൽ നഷ്ടമായത്

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മണ്ണിൽ പുതഞ്ഞ കുട്ടികളുടെ മൃതദേഹങ്ങൾ ഓരോന്നായി പുറത്തെടുക്കുമ്പോൾ 2കുട്ടികൾ പരസ്പരം കെട്ടിപ്പുണർന്ന നിലയിലും ഒരാൾ തൊട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.