ന്യൂഡൽഹി: രാജ്യത്തെ വികസന സൂചിക വ്യക്തമാക്കുന്ന നീതി ആയോഗിന്റെ റിപ്പോർട്ടിൽ കേരളം സുസ്ഥിര വികസന സൂചികയിൽ മുന്നിൽ. എസ്ഡിജിയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി. ബിഹാർ ആണ് ഏറ്റവും ഒടുവിലത്തെ സ്ഥാനത്ത്. വ്യാഴാഴ്ചയാണ് നിതി ആയോഗ് റിപ്പോർട്ട് പുറത്തുവിട്ടത്. സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മാനദണ്ഡങ്ങളാണ് എസ്ഡിജി റിപ്പോർട്ടിൽ പരിഗണിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ 79 പോയിന്റുമായി ചണ്ഡീഗഡാണ് മുമ്പൽ.

75 പോയിന്റാണ് കേരളത്തിനുള്ളത്. രണ്ടാം സ്ഥാനത്തു വന്ന ഹിമാചൽപ്രദേശിനും തമിഴ്‌നാടിനും 74 പോയിന്റുണ്ട്. ബിഹാർ, ജാർഖണ്ഡ്, അസം, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങൾ. വൈസ് ചെയർമാൻ രാജീവ് കുമാറാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്.

അതേസമയം ലിംഗസമത്വം, വ്യാവസായിക വളർച്ച, സാമ്പത്തിക വളർച്ച തുടങ്ങിയ മേഖലകളിൽ കേരളം പിന്നിലാണ്. നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവർ ചേർന്ന് സൂചിക പ്രകാശനം ചെയ്തു. കാലങ്ങളായി സുസ്ഥിര വികസന സൂചകയിൽ കേരളം മുന്നിലാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിലുമാണ് കേരളം കാലങ്ങളായി മുന്നിൽ നിൽക്കാറുള്ളത്.

ദാരിദ്ര്യനിർമ്മാർജനം, അസമത്വം ഇല്ലാതാക്കൽ എന്നിവ ലക്ഷ്യമാക്കിയാണ് നിതി ആയോഗ് എസ്ഡിജി സൂചികകൾ 2018 മുതൽ അവതരിപ്പിച്ചത്. 17 ലക്ഷ്യങ്ങളും 115 സൂചികകളുമാണ് ഇതിന്റെ ഭാഗമായി ഈ വർഷം പരിശോധിച്ചത്. സൂചികയുടെ മൂന്നാം പതിപ്പാണ് നിതി ആയോഗ് പുറത്തിറക്കിയത്.