ബംഗളൂരു: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ മോഹിനിയാട്ടം ശില്പശാല മൈസൂരു കേരള സമാജം ഹാളിൽ സംഘടിപ്പിച്ചു. ഇന്ത്യൻ ശാസ്ത്രീയ നൃത്തവേദിയിലെ സജീവ സാന്നിധ്യമായ കലാശ്രീ സുനന്ദ നായർ ശില്പശാലക്കു നേതൃത്വം നൽകി. കേരള സംഗീത നാടക അക്കാദമി പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന രണ്ടാമത്തെ മോഹിനിയാട്ടം ശില്പശാലയാണിത്. കഴിഞ്ഞയാഴ്ച ഭോപ്പാലിലായിരുന്നു ആദ്യ ശില്പശാല. മൈസൂരു കേരള സമാജം വൈസ് പ്രസിഡന്റ് പി. എസ്. നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സംഗീത നാടക അക്കാദമി ദക്ഷിണ മേഖല കോ-ഓർഡിനേറ്റർ റജികുമാർ മുഖ്യാതിഥിയായി. സമാജം ജനറൽ സെക്രട്ടറിഎ.ആർ.ജോസഫ്, ഡി.എസ്. സിറിൽ, ടി.ആർ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ശില്പ ശാലയിൽ നൂറോളം നർത്തകർ പങ്കെടുത്തു. 10 വയസിനു മുകളിൽ പ്രായമുള്ള രണ്ടു വർഷമെങ്കിലും നൃത്തപഠനം നടത്തിയവർക്കായിരുന്നു പ്രവേശനം. മലയാളികളെ കൂടാതെ കന്നഡ, തെലുങ്ക്, തമിഴ് ഭാഷക്കാരും മലയാളത്തിന്റെ തനതു കലാരൂപമായ മോഹിനിയാട്ടത്തിന്റെ ശാസ്ത്രീയ വശങ്ങൾ സ്വായത്തമാക്കാൻ എത്തിയതു ശ്രദ്ധേയമായി. മോഹിനിയാട്ടത്തിലെ നൃത്തത്തിനു പ്രാധാന്യം നൽകിയ ശില്പശാലയിൽ അടവുകളുടെ ൂതന വിദ്യകൾ നർത്തകർക്കു പകർന്നു നൽകി. ഒരു ദിവസം നീണ്ടുനിന്ന ശില്പശാലയിൽ ഡോ. കനക് റെലെ ചിട്ടപ്പെടുത്തിയ കാവാലം നാരായണപ്പണിക്കരുടെ 'മുഖചാലം' എന്ന നൃത്തരൂപം എല്ലാവരും ചേർന്ന് അവതരിപ്പിച്ചു. സ്വാതിതിരുനാളിന്റെ 'ചലിയേ കുഞ്ചനമോ' എന്ന നൃത്തരൂപം സുനന്ദ നായർ സ്‌റ്റേജിൽ അവതരിപ്പിച്ചതു ശ്രദ്ധേയമായി.

കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നടത്തുന്ന ശില്പശാല ഭോപ്പാൽ, മൈസൂരു, പൂണെ, ചിച്‌വാഡ്, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിലാണു സംഘടിപ്പിച്ചിരിക്കുന്നത്. വിശ്വപ്രസിദ്ധ നർത്തകി ഡോ. കനക് റെലെയുടെ ശിഷ്യയാണു കലാശ്രീ സുനന്ദ നായർ. ഇന്ത്യയിലെ പ്രശസ്ത നൃത്തോത്സവങ്ങളിലും യുഎസ്, ഉത്തരകൊറിയ, സിംഗപ്പൂർ, ബഹറിൻ, ദോഹ, അബുദാബി, മസ്‌കറ്റ്, ദുബായ്, ഓസ്‌ട്രേലിയ, മലേഷ്യ, യുഎസ്എസ്ആർ എന്നിവിടങ്ങളിൽ നൃത്തപരിപാടികൾ നടത്തിയിട്ടുണ്ട്.