തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ അന്വേഷണം വമ്പൻ സ്രാവുകളിലേക്ക് എത്തിക്കഴിഞ്ഞു. സ്വർണ്ണക്കടത്തും മറ്റു കേസുകളുമെല്ലാം ഉന്നതരെ ലക്ഷ്യമാക്കി എത്തിതോടെ സെക്രട്ടറിയേറ്റിന്റെ സുരക്ഷയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ജീവനക്കാർ അടക്കമുള്ളവർ സുരക്ഷ വർദ്ധിപ്പിച്ചപ്പോൾ അലയുന്ന ഘട്ടത്തിലാണ്.

സെക്രട്ടേറിയറ്റിന്റെ സുരക്ഷ സംസ്ഥാന വ്യവസായ സുരക്ഷാ സേന ഏറ്റെടുത്തത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ഇതോടെയാണ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കു കർശന പരിശോധന ഏർപ്പെടുത്തിയത്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണു സെക്രട്ടേറിയറ്റിലെ സുരക്ഷാ സന്നാഹങ്ങൾ സേനയ്ക്കു കൈമാറിയത്. സെക്രട്ടേറിയറ്റിലെ സിസിടിവികളുടെ ചുമതലയും സേന ഏറ്റെടുത്തു. ഇതുവരെ പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു സിസിടിവികളും കൺട്രോൾ സംവിധാനവും.

സെക്രട്ടേറിയറ്റിന്റെ കന്റോൺമെന്റ് ഗേറ്റ് മാത്രമേ ഇപ്പോൾ തുറക്കുന്നുള്ളൂ. അവിടെ തോക്കേന്തിയ ഇരുപതോളം വ്യവസായ സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. കാറിൽ എത്തുന്നവർ ഉൾപ്പെടെ എല്ലാ ജീവനക്കാരുടെയും തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ അകത്തേക്കു വിടുന്നുള്ളൂ.

പൊതുജനങ്ങൾക്കു സെക്രട്ടേറിയറ്റ് സന്ദർശിക്കുന്നതിനു മൂന്നു മുതൽ അഞ്ചു വരെ സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും മതിയായ രേഖകളുമായി എത്തുന്നവരുടെ കാര്യത്തിൽ എന്തു ചെയ്യണമെന്നു വ്യക്തതയില്ല. സുരക്ഷ കർശനമാക്കാൻ തിരക്കിട്ടു തീരുമാനിച്ചതിനാൽ ഇത്തരം കാര്യങ്ങളിൽ കൃത്യമായ നിർദ്ദേശം നൽകിയിട്ടില്ല.