ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതി അടിയന്തരമായി ഇടപെടണം എന്ന ആവശ്യവുമായി കേരളം. അണക്കെട്ടിൽ നിന്നും രാത്രിയിൽ ഏകപക്ഷീയമായി തമിഴ്‌നാട് വെള്ളം തുറന്ന് വിടുന്നതിനെതിൽ കോടതി ഉടൻ ഇടപെടണമെന്ന ആവശ്യപ്പെട്ട് കേരളം നാളെ പുതിയ അപേക്ഷ നൽകും. വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെടും. ബുധനാഴ്ച പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

അതിനിടെ, തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നെന്നു കാണിച്ച് ഹർജിക്കാരനായ ജോ ജോസഫ് സുപ്രീം കോടതിയിൽ അധിക സത്യവാങ്മൂലം. നൽകി. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കാൻ മേൽനോട്ടസമിതി നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.അധിക സത്യവാങ്മൂലത്തിൽ മുല്ലപ്പെരിയാറിലെ നിലവിലെ അവസ്ഥ സംബന്ധിച്ച് ജോ ജോസഫ് വിശദീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് ഒരു മുന്നറിയിപ്പുമില്ലാതെ സ്പിൽവേ ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിടുന്നു. ഇതുകാരണം ഡാം പരിസരത്തെ വീടുകളിൽ വെള്ളം കയറുകയും സമീപവാസികൾക്ക് വീടുവിട്ട് പോകേണ്ട സ്ഥിതിയുണ്ടാകുകയും ചെയ്യുന്നുവെന്നും ഭീതിജനകമായ അവസ്ഥയാണ് നിലവിലുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അതിനാൽ കോടതി ഇടപെട്ട് രാത്രി കാലങ്ങളിൽ ഡാം തുറക്കുന്ന തമിഴ്‌നാടിന്റെ പ്രവണത അവസാനിപ്പിക്കണമെന്നും ഡാമിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ മേൽനോട്ടസമിതി ദൈനംദിന പരിശോധന നടത്തണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നുണ്ട്.

രണ്ടുഷട്ടറുകൾ കൂടി തുറന്നു

അതേസമയം, മുല്ലപ്പെരിയാർ ഡാമിലെ രണ്ടു ഷട്ടറുകൾ കൂടി വൈകുന്നേരം അഞ്ചോടെ തുറന്നു.സെക്കൻഡിൽ 2099 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.141.95 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച രാത്രി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്‌നാട് തുറന്നിരുന്നു. 9 ഷട്ടറുകളാണ് ആദ്യം ഉയർത്തിയത്. ഇതോടെ കറുപ്പു പാലം, ഇഞ്ചിക്കാട്, വികാസ് നഗർ, വള്ളക്കടവ്, ആറ്റോരം തുടങ്ങിയ പ്രദേശങ്ങളിലെ നാൽപതോളം വീടുകളിൽ വെള്ളം കയറിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി. തേനി ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാറിൽ നിന്ന് കുടുതൽ വെള്ളം കൊണ്ടു പോയാൽ വൈഗയിൽ സംഭരിക്കാൻ തമിഴ്‌നാടിന് കഴിയാത്തതാണ് ഇത്തരം നടപടികൾക്ക് ഇടയാക്കുന്നത് എന്നാണു വിവരം.

സർക്കാർ നിഷ്‌ക്രിയമെന്ന് പ്രതിപക്ഷ നേതാവ്

മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും നിഷ്‌ക്രിയമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മേൽനോട്ട സമിതി യോഗം ചേരണമെന്നു പോലും ആവശ്യപ്പെടാത്ത കേരള സർക്കാർ കൈയുംകെട്ടി നോക്കിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി ആരുമായും ചർച്ച നടത്തുന്നില്ല. മിണ്ടാതിരുന്നു യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണ്. ജനങ്ങൾ ബുദ്ധിമുട്ടുന്‌പോഴും പിണറായി സർക്കാർ അരെയോ ഭയപ്പെടുന്നതു പോലെയാണ് പെരുമാറുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു മറുപടി നൽകാതെ ഒളിച്ചോടുന്ന മുഖ്യമന്ത്രി, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മുല്ലപ്പെരിയാർ വിഷയത്തിലെങ്കിലും തീരുമാനമെടുക്കണം. തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നത് വേദനാജനകമാണെന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന പരിഹാസ്യമാണ്.

വെള്ളം തുറന്നു വിടുന്നതു മുൻകൂട്ടി അറിയിക്കുമെന്നും രാത്രികാലങ്ങളിൽ ഷട്ടർ തുറക്കില്ലെന്നും കേരള- തമിഴ്‌നാട് പ്രതിനിധികൾ അംഗമായുള്ള ഡാം മേൽനോട്ട സമിതിയിൽ ധാരണയുണ്ട്. എന്നാൽ തുടർച്ചയായി രാത്രികാലങ്ങളിൽ തമിഴ്‌നാട് വെള്ളം തുറന്നുവിടുകയാണ്. അതിനെതിരെ പ്രതികരിക്കാനോ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കാനോ പിണറായി ഇതുവരെ തയാറായിട്ടില്ലെന്നും സതീശൻ പറഞ്ഞു