കോഴിക്കോട്: ബൈക്ക് തടഞ്ഞുനിർത്തിയ പൊലീസിനുമുന്നിൽ ബ്ലേഡുകൊണ്ട് കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച് യുവാവിന്റെ ആത്മഹത്യശ്രമം. ചോരവാർന്ന യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ താമരശ്ശേരി ചുങ്കം ജങ്ഷനുസമീപത്താണ് ആത്മഹത്യാശ്രമം അരങ്ങേറിയത്.

പുതുപ്പാടി നെരൂക്കുംചാൽ പുത്തലത്ത് അബ്ദുസലാം (43) ആണ് കഴുത്തിൽ ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. കഴുത്തിലെ മുറിവ് സാരമുള്ളതല്ല.

അപകടകരമായ വിധത്തിൽ ഒരാൾ ബൈക്കോടിച്ചുവരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക് എസ്‌ഐ. പി. സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബൈക്ക് തടഞ്ഞുനിർത്തിയത്. അതിനിടെയാണ് നാടകീയസംഭവം അരങ്ങേറിയത്.

ചുങ്കം ജങ്ഷനുസമീപത്ത് വച്ച് ബൈക്ക് ചെറുത്ത് നിർത്തിയ പൊലീസ് വണ്ടി സിവിൽ സപ്ലൈസ് ഓഫീസിനുമുന്നിലേക്ക് ഒതുക്കി. മദ്യപിച്ച് കുഴഞ്ഞനിലയിൽ വാഹനമോടിക്കാൻ പറ്റില്ലെന്നും ബന്ധുക്കളാരെങ്കിലും വന്നാലേ വാഹനം വിട്ടുതരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ തൊട്ടടുത്ത കടയിലേക്കുപോയി രണ്ട് ബ്ലേഡുമായി തിരികെവന്ന അബ്ദുസലാം അതിലൊന്നുകൊണ്ട് കഴുത്തിൽ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. തുടർന്ന് ചെറിയതോതിൽ ചോരവാർന്ന നിലയിൽ ഇയാളെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ രാത്രി വൈകുംവരെ ചികിത്സയ്ക്കുവിധേയനാവാൻ ഇയാൾ സമ്മതിച്ചിട്ടില്ല. കുടുംബപ്രശ്നം കൊണ്ടുള്ള മാനസിക വിഷമം മൂലമാണ് സ്വയം മുറിവേൽപ്പിച്ചതെന്നാണ് അബ്ദുസലാം പറഞ്ഞത്.