സർക്കാർ അനുമതി ലഭിച്ചാൽ ജനുവരിയിൽ കേരളത്തിലെ തിയറ്ററുകൾ തുറക്കാനാകുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റും നിർമ്മാതാവുമായ ലിബർട്ടി ബഷീർ, ദ ക്യു'വിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേ​ഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇനിയും തിയറ്ററുകൾ അടച്ചിട്ട് മുന്നോട്ട് പോകാനാകില്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

നികുതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് മുന്നിൽ സമർപ്പിച്ച ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സിനിമാ വ്യവസായത്തിന് മുന്നോട്ട് പോകാനാകൂ എന്നും ലിബർട്ടി ബഷീർ വ്യക്തമാ്. ചലച്ചിത്ര നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുമായി ഇക്കാര്യത്തിൽ സംയുക്ത തീരുമാനം എടുക്കേണ്ടി വരുമെന്നും ലിബർട്ടി ബഷീർ. വിജയ് ചിത്രം റിലീസ് ചെയ്യുന്ന കാര്യം കേരളത്തിലെ തിയറ്ററുകൾ ആലോചിച്ചുണ്ട്. മുൻകാലങ്ങളിൽ വിജയ് സിനിമകൾക്ക് കിട്ടുന്ന ഓപ്പണിംഗും, സ്വീകാര്യതയും പരിഗണിച്ചാണ് മാസ്റ്റർ റിലീസ് ആലോചിച്ചിരിക്കുന്നത്.

സർക്കാർ സഹായമില്ലാതെ തിയറ്ററുകൾ തുറന്നാൽ വൻ നഷ്ടത്തിലേയ്ക്ക് പോകും. പൊങ്കലിന് വിജയ് ചിത്രം റിലിസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. വിജയ് ചിത്രങ്ങൾക്ക് കിട്ടുന്ന സ്വീകാര്യത നോക്കിയാണ് സർക്കാർ അനുമതിയോടെ കേരളത്തിലും മാസ്റ്റർ റിലീസിനൊപ്പം തിയറ്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ ആലോചിക്കുന്നത്. അപ്പോഴും പ്രശ്നം തുറന്ന് പ്രവർത്തിക്കുമ്പോഴുള്ള നഷ്ടമാണ്. ഞങ്ങൾ കുറച്ച് ആവശ്യങ്ങൾ സർക്കാരിന് മുമ്പിൽ വച്ചിട്ടുണ്ട്. അതൊക്കെ അംഗീകരിച്ചാൽ മാത്രമേ തീയറ്ററുകൾ തുറക്കുന്നതുകൊണ്ട് കാര്യമുള്ളു. അഡീഷണൽ മുനിസിപ്പൽ ടാക്സ്, കറന്റ് ചാർജ്ജ് ,ഫിക്സഡ് ചാർജ്ജ് എന്നിവ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തിയറ്ററുടമകൾ ഉന്നയിച്ചിരിക്കുന്നത്. പക്ഷേ ഇത് നടപ്പിലാകണമെങ്കിൽ സർക്കാർ ഓർഡിനൻസ് ഇറക്കേണ്ടിവരും. എന്നാൽ ഇത് അസംബ്ലിയിൽ പാസായാൽ മാത്രമേ സാധ്യമാകൂ. നിലവിലത്തെ സാഹചര്യത്തിൽ അത് പ്രായോഗികമല്ല. തെരഞ്ഞെടുപ്പിന്റെ സമയമായതിനാൽ അത് ഇപ്പോഴൊന്നും നടക്കില്ല.

പിന്നെ സാധ്യമാകുന്നത് വിതരണക്കാരിൽ നിന്നും നിർമ്മാതാക്കളിൽ നിന്നുമുണ്ടാകേണ്ട തീരുമാനമാണ്. ജനുവരിയിൽ തീയറ്ററുകൾ തുറന്നാൽ പുതിയ റിലീസുകൾ നൽകാനുള്ള സാധ്യത പരിശോധിക്കണം. പുതിയ സിനിമകളെത്തിയാൽ മാത്രമേ പ്രദർശനം മുന്നോട്ട് കൊണ്ട് പോകാനാകൂ. ഏതെങ്കിലും ചിത്രം ഇറങ്ങിയാൽ കാര്യമില്ല. നിലവിൽ വിജയുടെ തമിഴ് ചിത്രം മാത്രമാണ് തീരുമാനമായിരിക്കുന്നത്.ആ ചിത്രമിറങ്ങി തീയറ്ററുകളിൽ ഒരു മാറ്റം വന്നാൽ പിന്നെ സാധാരണപോലെ ആകുമെന്ന് കരുതാം. സാധാരണഗതിയിൽ വിജയ് ചിത്രമൊക്കെ ധാരാളം തീയറ്ററുകൾ തികയ്ക്കുന്നവയാണ്. അതുകൊണ്ട് വിജയ് പടം അത്യാവശ്യം ഓടുമെന്നും എല്ലാം സാധാരണ നിലയിലേയ്ക്ക് വരുമെന്നുമാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഇപ്പോൾ തിയറ്ററുടമകൾ കടുത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വീണ്ടും തീയറ്ററുകൾ തുറക്കുമ്പോൾ സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിച്ചില്ലെങ്കിൽ കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി.

2021 ജനുവരിയിൽ വിജയ് ചിത്രം 'മാസ്റ്റർ' റിലീസിനൊപ്പം കേരളത്തിലെ തിയറ്ററുകൾ തുറക്കുമെന്ന പ്രചരണം ശക്തമായിരുന്നു. നിർമ്മാതാക്കളും വിതരണക്കാരും ഇക്കാര്യത്തിൽ വ്യത്യസ്ഥമായ അഭിപ്രായത്തിലാണ്. കോവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തിക നഷ്ടത്തെ അതിജീവിക്കാനുള്ള കൈത്താങ്ങ് സർക്കാരിൽ നിന്ന് ലഭിക്കുന്നതിനൊപ്പം മാത്രമേ തിയറ്ററുകൾക്ക് സിനിമ നൽകാനാകൂ എന്നാണ് ചലച്ചിത്ര സംഘടനകൾ വ്യക്തമാക്കുന്നത്.