തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ കുത്തനെ ഉയരവേ സീറോ സർവേ നടത്താൻ സർക്കാർ തീരുമാനം. എത്ര പേർക്ക് കോവിഡ് ബാധിച്ചെന്നു കണ്ടെത്തുകയാണു ലക്ഷ്യം. ഗർഭിണികൾ, കുട്ടികൾ, ചേരികളിലും തീരപ്രദേശങ്ങളിലുമുള്ളവർ തുടങ്ങിയവരെ പരിശോധിക്കും. കേന്ദ്രം നടത്തിയ സർവേയിൽ ജനസംഖ്യയിൽ വലിയൊരു ഭാഗവും രോഗബാധിതർ ആയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.

അതുകൂടാതെ ആളുകളുടെ പ്രായം അനുസരിച്ച് വേർതിരിച്ചതും പഠനങ്ങൾ നടത്തും. 18ന് മുകളിൽ പ്രായം ഉള്ളവർ, 18ന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, 5 - 17 വയസ് പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിങ്ങനെ തരാം തിരിച്ചായിരിക്കും പഠനം നടത്തുകയെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ രോഗബാധ വർധിക്കുന്ന സഹവചര്യത്തിൽ സർവ്വേയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.

ഐസിഎംആർ നടത്തിയ സെറോ സർവയലൻസ് പഠനമനുസരിച്ച് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 42.7 ശതമാനം ആളുകൾക്ക് മാത്രമേ രോഗം വന്നോ വാക്സിനെടുത്തോ ആന്റിബോഡി കൈവരിച്ചിട്ടുള്ളു.

അതേസമയം, കേരളം കോവിഡ് പ്രതിരോധത്തിൽ പരാജയമെന്ന വാദം തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തി. മറ്റേതു സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ രോഗികളെ കണ്ടെത്തുന്നതു കൊണ്ടാണു രോഗബാധിതരുടെ എണ്ണം മറ്റിടങ്ങളേക്കാൾ ഉയർന്നു നിൽക്കുന്നതെന്നു മന്ത്രി പറഞ്ഞു. രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തു ഞായറാഴ്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു.

അതിനിടെ സമ്പൂർണ വാക്‌സീനെടുത്ത് 15 ദിവസം പിന്നിട്ടവർക്കു രോഗലക്ഷണങ്ങളില്ലെങ്കിൽ രാജ്യത്തെവിടെ സഞ്ചരിക്കാനും വാക്‌സീൻ സർട്ടിഫിക്കറ്റ് മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനാന്തര യാത്രയ്ക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കുന്നത് ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിക്കുന്നതു പരിഗണിച്ചാണ് കേന്ദ്ര ഇടപെടൽ.

കേരളം ഉൾപ്പെടെ കോവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങൾക്ക് സ്വന്തം സാഹചര്യങ്ങൾക്കനുസരിച്ചു കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താമെങ്കിലും സംസ്ഥാനാന്തര യാത്ര പൂർണതോതിൽ നടക്കണമെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. വിമാനം, റെയിൽ, ജലമാർഗം, ബസ് തുടങ്ങി ഏതു മാർഗത്തിലും ബാധകമാകുന്ന പൊതു യാത്രാനിബന്ധനകളുമായി മാർഗരേഖയും ആരോഗ്യമന്ത്രാലയം പുറത്തിറക്കി.

മാസ്‌ക്കും ഫെയ്‌സ്ഷീൽഡും ഉപയോഗിക്കുന്നവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കാവു. അതും മൂക്കും വായും കൃത്യമായി മൂടിയിരിക്കണം. വിമാനയാത്രയിൽ അധികസുരക്ഷയ്ക്ക് വസ്ത്രത്തിനു മുകളിൽ ധരിക്കുന്ന ഗൗൺ (കവർഓൾ, ഏപ്രൺ), പിപിഇ കിറ്റ് തുടങ്ങിയവ ഇനി ആവശ്യമില്ലെന്നും മാർഗരേഖ വ്യക്തമാക്കുന്നു.