തിരുവനന്തപുരം: ജനുവരി ഒന്ന് മുതൽ സ്‌കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്ന് നിർദ്ദേശം. വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.)യാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചത്. എണ്ണം സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്നും ക്യു.ഐ.പി യോഗത്തിൽ തീരുമാനമായി. ഇതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്‌കൂളുകൾക്ക് നൽകുമെന്നും യോഗം അറിയിച്ചു.

ഇതിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി സ്‌കൂൾതലത്തിൽ പി.ടിഎ യോഗങ്ങൾ ഒരാഴ്ചക്കുള്ളിൽ ചേരും. വെെറസ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് ഓരോ വിഷയത്തിന്റെയും ഊന്നൽ മേഖലകൾ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തൽ സമീപനം നിർണ്ണയിക്കുന്നതിനും എസ്.ഇ.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി. 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അധിക‌ൃതർ വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുടെ ഏകോപനത്തോടെ, വിദ്യാർത്ഥികൾക്ക് പഠനപിന്തുണയും ആവശ്യമായ കൗൺസിലിംഗും നൽകും. സ്‌കൂൾ തുറക്കുന്നത്,പരീക്ഷകൾ, എന്നിവ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിസ്വീകരിക്കുമെന്നും അധിക‌ൃതർ പറഞ്ഞു. ജനുവരി 1 മുതൽ 10, 12 ക്ലാസ്സുകളിലെ കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കുളുകളിൽ എത്താവുന്നതാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്‌കൂളുകൾ തുറക്കാൻ ധാരണയായത്. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് യോഗത്തിൽ പങ്കെടുത്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കും. മാർച്ച് 17 മുതലാണ് പരീക്ഷകൾ ആരംഭിക്കുക. മാർച്ച് 30 വരെയുള്ള ദിവസങ്ങളിൽ പരീക്ഷ പൂർത്തിയാക്കണം. ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് ഭാഗികമായി സ്‌കൂളുകൾ പ്രവർത്തിച്ചു തുടങ്ങും. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താം.

ഒൻപത് മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്. എസ്എസ്എൽസി പരീക്ഷയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകൾക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും.

പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർക്കുള്ള ക്ലാസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കും. ജൂൺ ഒന്നു മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതൽ സ്‌കൂൾ തലത്തിൽ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കുന്നതിനുള്ള കൗൺസലിങ്ങും സ്കൂൾതലത്തിൽ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രക്ഷകർത്താക്കളുടെ സമ്മതത്തോടെ സ്കൂളിൽ പോകാം. നിലവിലുള്ള അദ്ധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങൾ നിർവഹിക്കും. സ്കൂൾ, ഹയർസെക്കൻഡറി തലത്തിലെ എല്ലാ ക്ലാസുകളും കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്നു മുതൽ ഓൺലൈനായി നടക്കുകയാണ്. അതു സാധാരണ നിലയിൽ തുടരാം.

കോളേജ് തലത്തിൽ അവസാന വർഷ ബിരുദ ക്ലാസുകളും ബിരുദാനന്തര ബിരുദ ക്ലാസുകളും ജനുവരി ആദ്യം മുതൽ ആരംഭിക്കും. പകുതി വീതം വിദ്യാർത്ഥികളെവച്ചാണ് ക്ലാസുകൾ നടത്തുക. ആവശ്യമെങ്കിൽ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കും. കാർഷിക സർവകലാശാലയിലെയും ഫിഷറീസ് സർവകലാശാലയിലെയും ക്ലാസുകളും വിദ്യാർത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കൽ കോളേജുകളിൽ രണ്ടാം വർഷം മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.

ഒൻപത് വരെയുള്ള ക്ലാസുകളുടെ കാര്യം പിന്നീടേ തീരുമാനിക്കൂ. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണ് സൂചന. ഒൻപത് വരെയുള്ള ക്ലാസുകളിൽ എല്ലാവർക്കും ഓൾപാസ് നൽകിയേക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒൻപതാം ക്ലാസ് വരെയുള്ളവർക്ക് സ്‌കൂളുകളിൽ അധ്യയനം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തൽ.