തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം കേരളം ആരുഭരിക്കുമെന്ന് തീരുമാനിക്കാൻ ജനം പോളിങ് ബൂത്തിലേക്ക്. കേരളത്തിൽ ഉടനീളം വോട്ടർമാരുടെ നീണ്ട നിരയാണ്. ഇതോടെ പ്രചരണത്തിലെ ആവേശം വോട്ടർമാരിലും എത്തിയെന്ന് വ്യക്തമായി. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടുതുടങ്ങി. പ്രമുഖരായ പല നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

മന്ത്രി ഇ.ചന്ദ്രശേഖരൻ, മന്ത്രി ഇ.പി.ജയരാജൻ, മന്ത്രി സി.രവീന്ദ്രനാഥ് എന്നിവർ വോട്ട് രേഖപ്പെടുത്തി. പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ കാനാട്ടുപാറ ഗവ.പോളിടെക്നിക്കിലും കൽപ്പറ്റ എൽഡിഎഫ് സ്ഥാനാർത്ഥി എം വിശ്രേയാംസ്‌കുമാർ എസ്‌കെഎംജെ സ്‌കൂളിലും കെ.ബാബു തൃപ്പൂണിത്തുറയിലും വോട്ട് രേഖപ്പെടുത്തി. നൂറു സീറ്റ് കിട്ടുമെന്നാണ് ജയരാജന്റെ പ്രതികരണം. എൺപത് മുതൽ സീറ്റ് യുഡിഎഫിന് കിട്ടുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. 35 സീറ്റ് കിട്ടി ഭരണത്തിലെത്തുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞു. പാലായിൽ കടുത്ത മത്സരമില്ലെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം.

പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർത്ഥി ഇ. ശ്രീധരൻ പ്രതികരിച്ചു. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും. അതിൽ സംശയമില്ലെന്നും ഇ. ശ്രീധരൻ പ്രതികരിച്ചു. പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ താൻ വിജയിക്കും. ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം പാർട്ടിക്ക് വ്യത്യസ്തമായൊരു ചിത്രം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ.ശ്രീധരൻ. കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

തുടർ ഭരണമുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. യുഡിഎഫ് തരംഗമുണ്ടാകുമെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പറയുന്നത്. യുഡിഎഫിന് വലിയ പ്രതീക്ഷയുണ്ടെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ ഇടത് വലതു സഖ്യമുണ്ടെന്ന് കെ സുരേന്ദ്രനും പറഞ്ഞു. കേരളത്തിൽ ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും പ്രതികരിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ സജ്ജീകരിച്ച 40,771 ബൂത്തുകളിലും രാവിലെ ആറുമണിയോടെ മോക് പോളിങ് ആരംഭിച്ചു. സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു മോക് പോളിങ്. മോക് പോളിങ്ങിൽ പത്തിൽതാഴെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്‌കൂളിലെ 107-ാം നമ്പർ ബൂത്ത്, കാസർകോട് കോളിയടുക്കം ഗവ.യുപി സ്‌കൂളിലെ 33-ാം നമ്പർ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സികെഎംഎൽ എൽപി സ്‌കൂളിൽ 95-ാം ബൂത്ത് എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തി. വിവിപാറ്റ് മെഷീനാണ് തകരാറിലായത്. തൃപ്പൂണിത്തുറ പാലസ് സ്‌കൂളിൽ വൈദ്യുതി തടസ്സം മൂലം മോക് പോളിങ് പോളിങ് വൈകി.

നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. വൈകുന്നേരം ഏഴുവരെ തുടരും. 957 സ്ഥാനാർത്ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.

സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. പ്രശ്നബാധിത കേന്ദ്രങ്ങളിൽ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആൾമാറാട്ടവും തടയാൻ പ്രത്യേക നടപടികളും സ്വീകരിക്കും. കോവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്കും നിരീക്ഷണത്തിലുള്ളവർക്കും വൈകുന്നേരം അവസാന മണിക്കൂറിൽ വോട്ടുചെയ്യാൻ പ്രത്യേക സജ്ജീകരണമുണ്ട്. മെയ്‌ രണ്ടിനാണ് വോട്ടെണ്ണൽ.