തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യങ്ങളിൽ മിനി ലോക്ഡൗൺ തുടരും. സംസ്ഥാനത്തു നിലവിലെ സാഹചര്യങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഉണ്ടാകില്ലെന്നാണ് സൂചന. വോട്ടെണ്ണൽ ദിനവും ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാനാണ് സാധ്യത. കഴിഞ്ഞ രണ്ട് ദിവസത്തെ പ്രതിരോധ മാതൃക വിജയമായിരുന്നു. രണ്ട് ദിവസവും ആരും പുറത്തിറങ്ങാതെ പരമാവധി ശ്രദ്ധിച്ചു. പൊലീസ് പരിശോധന കുറവായിരുന്നിട്ടും ജനങ്ങൾ സഹകരിച്ചുവെന്നതാണ് യാഥാർത്ഥ്യം.

കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ ശനി, ഞായർ ദിവസങ്ങളിൽ മിനി ലോക്ഡൗൺ തുടരാനാണ് സർക്കാർ തീരുമാനം. മറ്റു ദിവസങ്ങളിൽ ജനങ്ങളുടെ ജോലി മുടങ്ങാത്ത രീതിയിലുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തീവ്ര കോവിഡ് വ്യാപനമുള്ള മേഖലകളിൽ സോണൽ ലോക്ഡൗണിനും സാധ്യതയുണ്ട്. ഇന്നു ചേരുന്ന സർവകക്ഷി യോഗത്തിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. വോട്ടെണ്ണൽ ദിനത്തിലെ വിജയാഹ്ലാദം ഈ യോഗം പ്രത്യേകമായി ചർച്ച ചെയ്യും.

മെയ്‌ രണ്ടിനാണ് വോട്ടെണ്ണൽ. അതായത് അടുത്ത ഞായറാഴച. അതുകൊണ്ട് തന്നെ ഈ ദിനവും സ്വാഭാവികമായി മിനി ലോക്ഡൗണുണ്ടാകും. എറണാകുളത്ത് അടുത്ത ഞായറാഴ്ച വരെ കടുത്ത നിയന്ത്രണങ്ങളാണ്. കോഴിക്കോടും മലപ്പുറത്തുമെല്ലാം വ്യാപനം അതിരൂക്ഷമാണ്. ആവശ്യമുണ്ടെങ്കിൽ ഇവിടേയും എറണാകുളത്തിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തും.

പൂർണ ലോക്ഡൗൺ തൊഴിൽനഷ്ടത്തിനും കൂടുതൽ സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കും. പ്രതിപക്ഷത്തിനും പൂർണ ലോക്ഡൗൺ വേണ്ടെന്ന അഭിപ്രായമാണ്. വിനോദ പരിപാടികൾക്കു കൂടുതൽ നിയന്ത്രണം വന്നേക്കും. ആരാധനാലയങ്ങളിലും കൂടുതൽ നിയന്ത്രണം വന്നേക്കും. തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വകഭേദം കണ്ടെത്തിയ മേഖലകളിൽ ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇക്കാര്യങ്ങളിലെ അന്തിമ തീരുമാനം ഹൈക്കോടതിയെ അറിയിക്കും. ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു.

ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളോട് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങൾ വേണമെന്നതാണ് ഇടതുമുന്നണിയുടെ അഭിപ്രായമെങ്കിലും പൂർണമായ അടച്ചിടലിനോട് എൽ.ഡി.എഫും യോജിക്കില്ല. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏതുരീതിയിൽ വേണമെന്നത് ചർച്ചചെയ്യാനും പ്രതിരോധനടപടികൾ ഊർജിതമാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചത്. കോവിഡ് വ്യാപനം ഇനിയും കൂടിയാൽ കടുത്ത നിയന്ത്രണത്തിലേക്ക് പോകുമെന്നും സൂചനയുണ്ട്.

നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3,883 പേർക്കെതിരെ കേസെടുത്തു, 1,145 പേരെ അറസ്റ്റ് ചെയ്തു, 100 വാഹനങ്ങൾ പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെയാണു ഭൂരിഭാഗം കേസുകളും. മുഴുവൻ വാഹനങ്ങളും പരിശോധിച്ച ശേഷമാണു പൊലീസ് കടത്തി വിട്ടത്. ഞായറാഴ്ചയായതിനാൽ വിവാഹഗൃഹ പ്രവേശ ആവശ്യത്തിനായിരുന്നു കൂടുതൽ പേരും ഇന്നലെ നിരത്തിലിറങ്ങിയത്. ക്ഷണക്കത്തിലെ തീയതിയും സത്യപ്രസ്താവനയും ഉൾപ്പെടെ പരിശോധിച്ച ശേഷമാണു വാഹനങ്ങൾ കടത്തി വിട്ടത്.

കണ്ടെയ്ന്മെന്റ് സോണിൽ നിയന്ത്രണങ്ങൾ ലംഘിച്ചു വിവാഹം നടത്തിയവരെ അറസ്റ്റ് ചെയ്തു. വടക്കേക്കര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള പള്ളിയിലാണു വിവാഹം നടന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പഞ്ചായത്ത് മുഴുവൻ കണ്ടെയ്ന്മെന്റ് സോൺ ആണ്. കണ്ടെയ്ന്മെന്റ് സോണുകളിൽ നടക്കുന്ന വിവാഹങ്ങൾക്ക് 20 പേർ മാത്രമേ പങ്കെടുക്കാവൂ. നൂറിലേറെ പേർ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. പള്ളി അധികാരികളെയും വധൂവരന്മാരുടെ ബന്ധുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീടു ജാമ്യത്തിൽ വിട്ടു.

ഏതുസാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമായതിനാൽ അടച്ചിടൽ ഒഴിവാക്കാമെന്ന വിലയിരുത്തലാണ് ഇതുവരെയുള്ളത്. ഇന്നലെ 4 പേരിൽ കൂടുതൽ സഞ്ചരിച്ച കാറുകൾ തടഞ്ഞു. കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർ കുറവായിരുന്നു ഇന്നലെ 1334 സർവീസുകളാണ് കെഎസ്ആർടിസി നടത്തിയത്. ഹോട്ടലുകളും അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും മാത്രമാണു തുറന്നത്. മാസ്‌ക് ധരിക്കാത്തതിന് 19467 പേർക്കും ക്വാറന്റൈൻ ലംഘിച്ചതിന് 2 പേർക്കും എതിരെ കേസെടുത്തു.