തിരുവനന്തപുരം: ടിപിആർ അഞ്ചിന് താഴെയാകാതെ സ്‌കൂളുകൾ തുറക്കുന്നത് വമ്പൻ പ്രതിസന്ധിയാകുമെന്ന് വിദഗ്ദ്ധർ. കേരളത്തിൽ ഈ അധ്യയന വർഷവും സ്‌കൂളുകളിലെ പഠനം ഓൺലൈനാക്കണമെന്നാണ് ഉയരുന്ന നിർദ്ദേശം. കഴിഞ്ഞ അധ്യയന വർഷത്തിന്റെ അവസാനം കുട്ടികൾ സ്‌കൂളുകളിലെത്തി. അതിന് ശേഷമാണ് കേരളത്തിൽ രണ്ടാം തരംഗം അതിശക്തമായത്. കോവിഡ് വൈറസിന്റെ നിശബ്ദ വാഹകരായി കുട്ടികൾ മാറുമെന്നാണ് വിലയിരുത്തൽ.

കോവിഡിലെ പുതിയ വകഭേദങ്ങൾ കുട്ടികൾക്കും വെല്ലുവിളിയാണ്. രാജ്യത്തെ പല സംസ്ഥാനത്തും സ്‌കൂളുകൾ തുറന്നിട്ടുണ്ട്. പ്രതിദിന കേസുകളിലെ കുറവും താഴ്ന്ന കോവിഡ് സ്ഥിരീകരണ നിരക്കുമാണ് വിവിധ സംസ്ഥാനങ്ങൾക്ക് സ്‌കൂളുകൾ തുറക്കാൻ കരുത്തായത്. എന്നാൽ, ഈ 2 ഘടകങ്ങളും കേരളത്തിന് ആശങ്കയാണ്. ടിപിആർ 15 ശതമാനത്തിന് മുകളിലാണ് കേരളത്തിൽ സ്ഥിരമായി. അതുകൊണ്ട് തന്നെ സ്‌കൂൾ തുറക്കുന്നത് വെല്ലുവിളിയാണ്.

മിക്കവാറും സംസ്ഥാനങ്ങളിൽ സ്‌കൂൾ തുറന്നിട്ടും കേരളത്തിൽ സ്‌കൂൾ തുറന്നില്ല. ഇത് സർക്കാരിന്റെ അവകാശ വാദങ്ങൾക്ക് തിരിച്ചടിയാണ്. ഇത്തരം ചർച്ചകൾക്കിടെ സ്‌കൂളുകൾ എങ്ങനേയും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. മന്ത്രി വി ശിവൻകുട്ടിയും ഈ സൂചനകൾ നൽകിയിരുന്നു. എന്നാൽ ഇത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് പൊതു വിലയിരുത്തൽ.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുപ്രകാരം കേരളം സമൂഹ പ്രതിരോധത്തിലേക്ക് (ഹേർഡ് ഇമ്യൂണിറ്റി) എത്താറായിട്ടില്ല. കോവിഡ് ബാധിച്ചോ വാക്‌സീനെടുത്തോ ലഭിക്കുന്ന പ്രതിരോധ ശേഷിയുടെ കാര്യത്തിൽ കേരളം പിന്നിലാണെന്നായിരുന്നു ഐസിഎംആർ ജൂലൈയിൽ പുറത്തുവിട്ട സിറോ സർവേയിലെ കണ്ടെത്തൽ.

ഇതുവരെ കോവിഡ് വന്നുപോയവരുടെയും ഒരു ഡോസെങ്കിലും വാക്‌സീൻ ലഭിച്ചവരുടെയും കണക്കെടുത്താൽ കേരളത്തിനു മറ്റു സംസ്ഥാനങ്ങളെക്കാൾ മികച്ച പ്രതിരോധ ശേഷി ലഭിക്കേണ്ടതാണ്. പക്ഷേ അതുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്ന രോഗ വ്യാപനത്തിന്റെ സാധ്യത കൂട്ടും. അതുകൊണ്ട് തന്നെ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ തീരുമാനം എടുക്കൂ.

വൈറസ് ബാധയും വാക്‌സീനും വഴി ജനസംഖ്യയുടെ 70% പേർക്കും പ്രതിരോധ ശേഷി ലഭിച്ചിരിക്കാമെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നു വാക്‌സീൻ വിതരണം പൂർത്തിയാക്കുന്നതാണു കേരളത്തിന്റെ പ്രധാന നേട്ടം. മരണനിരക്ക് ഉയരാതെ തന്നെ കൂടുതൽ പേർക്കു കോവിഡ് വന്നു പോകുന്നതും പ്രതിരോധ ശേഷി വർധിപ്പിക്കും. ഇത് ഉറപ്പിച്ച ശേഷം സ്‌കൂൾ തുറക്കും. ഈ അധ്യയന വർഷത്തിന്റെ അവസാനം ക്ലാസുകൾ തുറക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

60% പേർക്കും വാക്‌സീനെടുത്തോ വൈറസ് ബാധയുണ്ടായോ പ്രതിരോധ ശേഷി ലഭിച്ചാൽ ഹേർഡ് ഇമ്യൂണിറ്റിയാകും എന്നായിരുന്നു നേരത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ 80-90% പേർക്കും പ്രതിരോധ ശേഷി കൈവന്നാലേ സുരക്ഷിതം എന്നു പറയാനാകു. ഈ രീതിയിൽ ലഭിക്കുന്ന പ്രതിരോധ ശേഷിയുടെ കാര്യത്തിൽ കേരളത്തെക്കാൾ പിന്നിലുള്ള 19 സംസ്ഥാനങ്ങൾ സ്‌കൂളുകൾ തുറന്നു കഴിഞ്ഞു. അതിന് കാരണം കോവിഡ് വ്യാപന കണക്കിലെ കുറവാണ്.

ഇന്ത്യയിൽ 18 വയസ്സിനു താഴെയുള്ളവർക്ക് ഇതുവരെ വാക്‌സീൻ കൊടുത്തു തുടങ്ങിയിട്ടില്ല. കോവിഡ് വൈറസ് കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. എന്നാൽ മുതിർന്നവർക്ക് വേഗത്തിൽ വാക്‌സീൻ വിതരണം നടത്തുന്ന സംസ്ഥാനങ്ങൾക്കു സ്‌കൂളുകൾ തുറക്കാമെന്ന സൂചന ഐസിഎംആറും കേന്ദ്ര സർക്കാരും നൽകിയിരുന്നു.

കേരളത്തിൽ 80% അദ്ധ്യാപകർക്കും ഭാഗികമായെങ്കിലും വാക്‌സീൻ കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്‌കൂൾ തുറക്കാമെന്ന നിലപാട് എടുക്കുന്നവരും വിദ്യാഭ്യാസ വകുപ്പിലുണ്ട്. ആരോഗ്യ വിദഗ്ധരുടെ നിലപാടാകും ഇനി നിർണ്ണായകമാകുക.