കണ്ണൂർ: കേരള ബാങ്ക് രൂപീകരണത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടകളുടെ നിയന്ത്രണത്തിന് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളുടെ കോടികളുടെ വായ്പകൾ എഴുതിത്ത്തള്ളാനുള്ള നീക്കവുമായി സർക്കാർ. ആദ്യഘട്ടമായി, സംസ്ഥാന സഹകരണ ബാങ്കിനും ജില്ലാ ബാങ്കുകൾക്കുമായി മാർക്കറ്റ് ഫെഡ്, റബർ മാർക്ക്, റബ്‌കോ എന്നിവ തിരിച്ചടയ്ക്കാനുള്ള 306.47 കോടി രൂപ സർക്കാർ അടച്ചുതീർക്കും. കണ്ണൂർ കേന്ദ്രീകരിച്ചു സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന റബ്‌കോയ്ക്കാണ് ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്കിനും ജില്ലാ ബാങ്കുകൾക്കും കൂടി 408.97 കോടി രൂപ നൽകാനുള്ളതിൽ 238.35 കോടി രൂപ ഒറ്റത്തവണ തീർപ്പാക്കൽ എന്ന രീതിയിൽ സർക്കാർ അടച്ചുതീർക്കും.

ഇതിനുപുറമേ, ക്രമരഹിതമായി ചെലവഴിച്ചതായി സഹകരണ വകുപ്പിന്റെ ഓഡിറ്റിൽ കണ്ടെത്തുകയും തടഞ്ഞുവെക്കുകയും ചെയ്ത 330 കോടിയോളം രൂപ മുഴുവനായി കണക്കിൽനിന്ന് ഒഴിവാക്കും. ഇതിൽ, 140 കോടിരൂപ അനധികൃതമായി കെട്ടിടവും മറ്റും നിർമ്മിച്ച വകയിലുള്ളതാണ്. 190 കോടി അനർഹമായി ചെലവഴിച്ചതും. ഇവ ക്രമപ്പെടുത്തി, കണക്കിൽനിന്ന് മായ്ക്കാനാണ് നിർദ്ദേശം.

യുഡിഎഫിനു കീഴിൽ എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റബർ മാർക്കിനു വേണ്ടി 41.39 കോടി രൂപയും മാർക്കറ്റ്‌ഫെഡിനു വേണ്ടി 27.01 കോടി രൂപയും സർക്കാർ നൽകും. വർഷങ്ങൾക്കു മുൻപെടുത്ത വായ്പ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്നാണു വൻബാധ്യതയായി മാറിയത്. പ്രളയക്കെടുതിയെത്തുടർന്നുള്ള മോശം സാമ്പത്തികസ്ഥിതിക്കു പുറമേ 300 കോടിയിലേറെ രൂപയുടെ അധികബാധ്യതയാണ് ഇതുവഴി സർക്കാരിനു വരുന്നത്. സ്ഥാപനങ്ങൾക്കു വായ്പ നൽകിയ ബാങ്കുകളെ സംബന്ധിച്ചും നഷ്ടം ഭീമമാണ്. മുതലും പലിശയും ചേർത്തു 408.97 കോടി രൂപയ്ക്കു പകരം 306.47 കോടി രൂപ മാത്രമാണു ബാങ്കുകൾക്കു ലഭിക്കുക.

കേരള ബാങ്ക് രൂപീകരണത്തിനു മുൻപു സംസ്ഥാന സഹകരണ ബാങ്കിന്റെ കിട്ടാക്കടം പരമാവധി കുറയ്ക്കണമെന്നാണു റിസർവ് ബാങ്ക് നിർദ്ദേശം. ഇതിനു വേണ്ടിയാണു സ്ഥാപനങ്ങളുടെ ബാധ്യത സർക്കാർ ഏറ്റെടുത്തത്. കടം ഒറ്റയടിക്ക് എഴുതിത്ത്തള്ളുകയല്ല, വായ്പയായി നൽകുകയാണു ചെയ്യുന്നത്. സർക്കാരും സ്ഥാപനവും തമ്മിൽ ധാരണയുണ്ടാക്കി തിരിച്ചടയ്ക്കണം.സർക്കാർ നൽകിയ വായ്പകളൊന്നും ഒരു സ്ഥാപനവും അടച്ചുതീർക്കാറില്ല. ആദ്യഘട്ടത്തിൽ വായ്പയായി അനുവദിക്കുന്ന തുക പിന്നീടു ഭരണസമിതി നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ മൂലധന നിക്ഷേപമാക്കി മാറ്റുകയും ഫലത്തിൽ എഴുതിത്ത്തള്ളുകയും ചെയ്യും.റബ്കോയുടെ വായ്പയാണ് സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലെ വലിയ കുടിശ്ശിക. 93.97 കോടിയാണ് സംസ്ഥാന സഹകരണ ബാങ്കിന് റബ്കോ നൽകാനുള്ളത്. പല ജില്ലാബാങ്കുകൾക്കായി 144.38 കോടിരൂപയും. കൂടുതലും നൽകാനുള്ളത് എറണാകുളം ജില്ലാബാങ്കിനാണ്.