സന്നിധാനം: ശ്രീലങ്കൻ യുവതിയുടെ ദർശനത്തിന് പിന്നാലെ 'ശുദ്ധിക്രിയ' നടത്തുന്നില്ലെന്ന് പറഞ്ഞ് തന്ത്രി കണ്ഠരര് രാജീവര്. ഇതിനെക്കുറിച്ച് സ്ഥിരീകരണം ഇല്ലാത്തതിനാലാണ് വേണ്ടെന്ന് വെച്ചതെന്നാണ് തന്ത്രിയുടെ വാദം. വേണ്ടിവന്നാൽ മകരവിളക്കിന് മുന്നോടിയായിട്ടുള്ള പൂജകൾക്കൊപ്പം നടത്തുമെന്നും രാജീവര് പറഞ്ഞു. ശബരിമലയിൽ ബിന്ദുവും കനകദുർഗയും സന്ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി നടയടച്ച് ഒരുമണിക്കൂറോളം നടത്തിയ 'ശുദ്ധിക്രിയ' നടത്തിയ തന്ത്രിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി എസ് സുനിൽകുമാർ, മന്ത്രി ജി സുധാകരൻ എന്നിവർ 'ശുദ്ധിക്രിയ' നടത്തിയ തന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി അനുസരിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നും ഇല്ലെങ്കിൽ തന്ത്രി സ്ഥാനമൊഴിയണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സ്ത്രീ കയറിയതിനെ തുടർന്ന് 'ശുദ്ധിക്രിയ' നടത്തിയ തന്ത്രി മനുഷ്യനാണോ എന്നാണ് മന്ത്രി സുധാകരൻ ചോദിച്ചത്. തന്ത്രി ബ്രാഹ്മണ രാക്ഷസനാണെന്നും സുധാകരൻ വിമർശിച്ചു.

തന്ത്രിക്ക് അയ്യപ്പനോട് സ്നേഹമില്ല. സ്ത്രീ കയറിയപ്പോൾ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ. തന്ത്രിയെ മാറ്റുന്നതിന് ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും ജി.സുധാകരൻ പ്രതികരിച്ചു. തന്ത്രിയെ മാറ്റുന്നത് അടക്കമുള്ള തീരുമാനം എടുക്കാൻ ദേവസ്വം ബോർഡിനാണ് അധികാരമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടൻ മാറ്റണമെന്ന് മന്ത്രി സുനിൽകുമാർ ആവശ്യപ്പെട്ടിരുന്നു. 'ശുദ്ധിക്രിയ' നടത്താൻ തന്ത്രിക്ക് എന്തവകാശമാണ് ഉണ്ടായിരുന്നതെന്നാണ് മന്ത്രിയുടെ ചോദ്യം. ദേവസ്വം ബോർഡ് ഇടപെട്ട് തന്ത്രി സ്ഥാനത്ത് നിന്നും രാജീവരെ മാറ്റണം. യുവതീ പ്രവേശനത്തെ തുടർന്ന് നടയടച്ച തന്ത്രി കണ്ഠരര് രാജീവരുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് സുനിൽകുമാറും ഉയർത്തിയത്.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് 'ശുദ്ധികലശം' നടത്തിയതിന് എതിരെ സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്സ് രംഗത്തുവന്നിരുന്നു. ഭരണഘടനാ വിരുദ്ധമായ അയിത്താചരണത്തിന് എതിരെ ശക്തമായ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൺവീനർ അഡ്വ. കെവി ഭദ്രകുമാരി പറഞ്ഞിരുന്നു. ശുദ്ധികലശം ലിംഗസമത്വവും തുല്യനീതിയും ഉറപ്പു വരുത്തിയ സുപ്രീം കോടതിയുടെ ലംഘനമാണ്.