കൊല്ലം: വനിത മതിലിനെതിരെ പ്രതിഷേധം ഉയർത്തുന്നവരെ വിമർശിച്ച് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ. പരിഭ്രാന്തി മൂത്താണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വർഗീയ മതിലെന്ന് പുലമ്പുന്നതെന്നും പ്രതിപക്ഷ നേതാവിന് ചരിത്രം മാപ്പു കൊടുക്കില്ലെന്നും മന്ത്രി പറഞ്ഞു. എൻഎസ് എസ് സമുദായ സംഘടനയാണെങ്കിലും അതിൽ വിവിധ പാർട്ടിക്കാരുണ്ട്. എൻഎസ്എസ്സിൽ നിന്ന് ഒരു വലിയ വിഭാഗം വനിതാ മതിലിൽ പങ്കെടുക്കുന്നുണ്ട്. നേതൃവിഭാഗം നിലപാടെടുത്തെന്ന് കരുതി എല്ലാവരും അത് പിന്തുടരണമെന്നില്ല. എൻഎസ് എസ് തന്നെ സമദൂരമാണ് പറയുന്നത്. എല്ലാ ജാതിമത വിഭാഗത്തിൽ പെട്ടവരും ഇതിൽ പങ്കെടുക്കുന്നുണ്ട്.

ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായത്. സുപ്രീം കോടതി വിധി അവസരമായി കണ്ട് കേരളത്തിലെ ഫാസിസ്റ്റ് ശക്തികൾ ജനങ്ങളെ വർഗ്ഗീയമായി ചേരിതിരിക്കാൻ ശ്രമിച്ചു. അതിനാൽ വനിതാ മതിലിന്റെ പശ്ചാത്തലം ശബരിമല തന്നെയാണ്. സവർണ്ണ അവർണ്ണ വ്യത്യാസം മതിലിനില്ല. ശബരിമല വിധിയെ ചോദ്യം ചെയതുകൊണ്ട് വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ ഹിന്ദു ഏകീകരണമാണ് കൊണ്ടു വന്നത്. ആ ഹിന്ദു ഏകീകരണത്തെയാണ് നവ്വോത്ഥാന പ്രസ്ഥാനങ്ങൾ ചോദ്യം ചെയ്തത്. 194 സമുദായ സംഘടനകൾ ഫാസിസ്റ്റ് ശക്തികളുടെ ഈ ഐക്യത്തെ ചോദ്യം ചെയ്തു കൊണ്ടാണ് വനിതാ മതിലിനൊപ്പം കൂടിയത്. അതോടെ ഹിന്ദു ഐക്യമെന്ന വാദം പൊളിഞ്ഞു. അത് മറയ്ക്കാനുള്ള ജാള്യതയാണ് 'വർഗ്ഗീയത, വിഭാഗീയത' എന്ന വാദത്തിനു പിന്നിൽ.

'വനിതാ മതിൽ ഒരു ചരിത്ര സംഭവമാണ്. പരശുരാമൻ മഴു എറിഞ്ഞതല്ല കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം. അത് 200 വർഷം മുമ്പ് നവ്വോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും പല മഹത്വ്യക്തികളുടെ ത്യാഗത്തിലൂടെയും രൂപപ്പെട്ടതാണ്. ഈ ചരിത്ര സംഭവത്തിൽ കണ്ണിയാകാൻ കഴിഞ്ഞ അഭിമാനത്തിലാണ് ഞാൻ. ഇന്ത്യയിൽ മാത്രമല്ല ലോക ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാകാം ഇത്. 652 കിലോ മീറ്ററിൽ ലക്ഷക്കണക്കിന് സ്ത്രീകൾ അണിനിരക്കുന്ന വനിതാ മതിൽ കേരളത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യത്തെ സംരക്ഷിക്കാനുള്ളതാണ്.

ഇനി ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളെ ക്ഷണിച്ചിരുന്നങ്കിൽ അവരെന്ത് പറയുമായിരുന്നു. ശബരിമലയിൽ കയറാൻ മറ്റു സമുദായങ്ങളെ സർക്കാർ ക്ഷണിച്ചു വരുത്തുന്നു എന്ന പറഞ്ഞേനേ. ഈ അപവാദങ്ങളെയെല്ലാം പ്രതിരോധിക്കാനുള്ള ശേഷിയും കരുത്തും കേരളത്തിനുണ്ട്. വിശ്വാസത്തിന്റെ മറപിടിച്ച സ്ത്രീകളെ അവഹേളിക്കുന്ന ഒരു ശക്തിക്കും കേരളം മാപ്പു കൊടുക്കില്ലെന്നും വനിതാ മതിൽ നൽകുന്ന പാഠമാണതെന്നും മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.