കോഴിക്കോട്: 2022ലെ ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നടക്കുന്ന ജനറേഷൻ അമേസിംഗിന്റെ മാസ്റ്റർ കോച്ച് ഹമദ് അബ്ദുൽ അസീസിനും ഇന്ത്യയിലെ ജി.എ വർകേഴ്സ് അംബാസിഡർ സാദിഖ് റഹ്മാൻ സി.പിക്കും വെറ്റിലപ്പാറ ഗവൺമെന്റ് സ്‌കൂളിന്റെ നേതൃത്വത്തിൽ ജനകീയ വരവേൽപ്പ് നൽകി. വെറ്റിലപ്പാറ അങ്ങാടിയിൽ നിന്നും ബാന്റ്വാദ്യങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളും നാട്ടുകാരും ഇവരെ സ്‌കൂളിലേക്ക് സ്വീകരിച്ചാനയിച്ചു.

രണ്ടു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ജനറേഷൻ അമേസിങ് (ജി.എ) ഫുട്ബാൾ കോച്ചിംഗിൽ പങ്കെടുക്കുന്നവർക്കും, കോച്ചുമാർക്ക് പരിശീലനം നൽകാനുമാണ് ഇവർ കേരളത്തിലെത്തിയത്. കേരളത്തിലെ മുഴുവൻ ജി.എ കോച്ചുമാരും തെരട്ടമ്മലിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്തു.

സ്‌കൂൾ അങ്കണത്തിൽ നടന്ന സ്വീകരണയോഗത്തിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ ശൗകത്തലി അധ്യക്ഷത വഹിച്ചു. മാസ്റ്റർ കോച്ച് ഹമദ് അബ്ദുൽ അസീസ് അൽ മുഹമ്മദ്, സി.പി സാദിഖ് റഹ്മാൻ, ഹെഡ്‌മാസ്റ്റർ എൻ.മോഹൻദാസ്, സാദിഖലി സി, വാർഡ് മെമ്പർമാരായ ബെന്നി പോൾ, സുനിത, തണൽ ജി.എ കോഡിനേറ്റർ സാലിം ജീറോഡ്, യു.എ മുനീർ, പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യൻ, ജോഷി ജോസഫ്, അബ്ദുമാസ്റ്റർ ചാലിൽ എന്നിവർ സംസാരിച്ചു. റോജൻ പി.ജെ സ്വാഗതവും അലി അക്‌ബർ നന്ദിയും പറഞ്ഞു. ജനറേഷൻ അമേസിംഗിന്റെ ഭാഗമായി വെറ്റിലപ്പാറ ഗവൺമെന്റ് സ്‌കൂളിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്താൽ തെരട്ടമ്മൽ, കിണറടപ്പൻ, വിളക്കുപറമ്പ് എന്നിവിടങ്ങളിൽ ജനകീയമായി നിർമ്മാണം പുരോഗമിക്കുന്ന മൂന്ന് വീടുകളിൽ സ്‌കൂൾ അധികൃതരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ഇവർ സന്ദർശനം നടത്തി. രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി രണ്ടു പേരും ശനിയാഴ്ച രാത്രി ഖത്തറിലേക്ക് മടങ്ങി.