തിരുവനന്തപുരം: കേരളാ ഫുട്‌ബോൾ അസോസിയേഷനെ കേരളാ ക്രിക്കറ്റ് അസോസിയേഷന് തീറെഴുതാനുള്ള നീക്കത്തിനെതിരെ ഐഎം വിജയൻ അംബാസിഡറായ കളിക്കാരുടെ സംഘടന. ഇന്ത്യൻ ടീം ക്യാപട്‌നായിരുന്ന യു ഷറഫലിയും കേരള ഫുട്‌ബോളിലെ ഇതിഹാസ താരം സിവി പാപ്പച്ചനും ജോപോൾ അഞ്ചേരിയും നജുമുദ്ദീനും സേതുമാധവനും തോമിസായും അടക്കമുള്ളവർ രംഗത്തു വന്നു. സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടിയുള്ള കേരളാ ഫുട്‌ബോൾ അസോസിഷേഷനിലെ വാണിജ്യവത്കരണത്തിനെതിരെ കായികമന്ത്രി വി അബ്ദുറഹ്മാന് സന്തോഷ് ട്രോഫി പ്ലയേഴ്‌സ് വെൽഫയർ അസോസിയേഷൻ പരാതിയും നൽകി.

ചില തൽപര കക്ഷികളുടെ സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടിയാണ് ഫുട്‌ബോൾ അസോസിയേഷനെ വിൽക്കാൻ തീരുമാനിച്ചത്. കെ എഫ് എയിലെ ചില ഉന്നതരുടെ അധീനതയിലുള്ള സ്ഥാപനത്തിനാണ് നടത്തിപ്പ് അവകാശം കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ സംഘടന ശക്തമായി എതിർക്കുന്നു. നിലവിൽ ഉള്ള കളിക്കാരെ സംരക്ഷിക്കാനോ വളർന്നു വരുന്ന കളിക്കാരെ പ്രോത്സാഹിപ്പിക്കാനോ ഫുട്‌ബോൾ അസോസിയേഷന് താൽപ്പര്യമില്ല. കാര്യകാരണ സഹിതമാണ് മുൻതാരങ്ങൾ കെ എഫ് എയുടെ നീക്കത്തെ എതിർക്കുന്നത്. ഉത്തരവാദിത്തങ്ങൾ എറ്റെടുക്കാൻ സന്തോഷ് ട്രോഫി കളിക്കാരുടെ കൂട്ടായ്മ തയ്യാറാണെന്നും വിശദീകരിക്കുന്നു. കേരള സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെടുന്നു.

കേരളാ ഫുട്‌ബോൾ അസോസിയേഷനിലെ വാണിജ്യ വത്കരണ കരാർ നൽകുന്നത് ക്രിക്കറ്റ് അസോസിയേഷനെ നയിക്കുന്ന ബിസിസിഐ ജോയിന്റെ സെക്രട്ടറിയായ ജയേഷ് ജോർജിന്റെ ഭാര്യ ഡയറക്ടറായ കമ്പനിയാണ്. ഇതിൽ ഈസ്റ്റേൺ ഗ്രൂപ്പ് മുതലാളിയുടെ കമ്പനിയും പങ്കാളിയാണ്. ഈ കൺസോർഷ്യത്തിന് ഈ കരാർ ഏൽപ്പിക്കുമ്പോൾ കെ എഫ് എ സെക്രട്ടറി അനിൽകുമാറിന് കമ്പനിയിലുള്ള പങ്കും മറുനാടൻ പുറത്തു വിട്ടിരുന്നു. കേരളാ ഫുട്ബോൾ അസോസിയേഷനിലെ വാണിജ്യ പങ്കാളി കാരറിൽ പങ്കെടുക്കാനായി മീരാൻ സ്പോർട്സ് ആൻഡ്-സ്‌കോർലൈൻ കൺസോർഷ്യം നൽകിയത് തെറ്റായ വിരവങ്ങളായിരുന്നു. ഈ വിഷയം പൊലീസിന് മുന്നിലെത്തിയാൽ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കേസുകൾ വരും. ഇത് വലിയ പ്രതിസന്ധിയുമാകും.

സ്‌കോർലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിനെ സംബന്ധിച്ചാണ് വ്യാജ വിവരങ്ങൾ നൽകിയത്. ഇതോടെ ബിഡിനായി നൽകിയത് വ്യാജരേഖകളെന്നും വ്യക്തമാകുകയാണ്. ബിഡിൽ സമർപ്പിച്ച രേഖകൾ വച്ച് അസോസിയേഷൻ പൊലീസിൽ പരാതി കൊടുത്താൽ കൺസോർഷ്യത്തിലെ ഉന്നതർ അകത്താകും. എന്നാൽ കെ എഫ് എ നിയന്ത്രിക്കുന്നവർ തന്നെ കേസിൽ കുടുങ്ങുമെന്നതിനാൽ അതുണ്ടാകില്ലെന്നും വ്യക്തമാണ്. മീരാൻ സ്പോർട്സ് ആൻഡ്-സ്‌കോർലൈൻ കൺസോർഷ്യത്തിന് കേരള ഫുട്‌ബോളിനെ അടിയറവ് വെയ്ക്കാൻ കേരള ഫുട്‌ബോൾ അസോസിയേഷനിൽ(കെ.എഫ്.എ) വൻ ഗൂഢാലോചന തന്നെ നടന്നിരുന്നു. സ്‌കോർലൈൻ കമ്പനിയുടെ പ്രമോർട്ടർമാരുടെ വിവരമാണ് മനപ്പൂർവ്വം മറച്ചുവച്ചതെന്നാണ് സൂചന. കെ എഫ് എയുടെ എക്സിക്യൂട്ടീവ് കമ്പനിയുടെ അംഗങ്ങൾക്കായി തയ്യാറാക്കിയ രേഖയിൽ സ്‌കോർലൈൻ കമ്പനിയുടെ പ്രെമോർട്ടർമാർ നവാസ് മീരാനും ഫിറോസ് മീരാനുമാണ്. അതായത് ഇസ്റ്റേർ കമ്പനിയുടെ ഉടമസ്ഥർ. എന്നാൽ ഇത് വസ്തുകൾക്ക് വിരുദ്ധമാണ്.

സ്‌കോർലൈൻ കമ്പനിയുടെ പ്രമോർട്ടർമാർ യഥാർത്ഥത്തിൽ ജയേഷ് ജോർജും പി അനിൽകുമാറുമാണ്. കമ്പനികാര്യ വകുപ്പിന്റെ രേഖകളിൽ വ്യക്തമാണ്. എന്നാൽ കെ എഫ് എയുടെ ബിഡിൽ തെറ്റായ വിവരങ്ങൾ നൽകി വഞ്ചിക്കുകയാണ് കൺസോർഷ്യം ചെയ്തത്. ഇതിന് പിന്നിൽ പ്രമോർട്ടറായ അനിൽകുമാറിന് ഫുട്ബോൾ അസോസിയേഷനുമായുള്ള ബന്ധമാണ്. കെ എഫ് എയുടെ സെക്രട്ടറിയാണ് അനിൽകുമാർ. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ എല്ലാമെല്ലാമായ ജയേഷ് ജോർജാണ് രണ്ടാമത്തെ പ്രമോർട്ടർ.

ബിഡിന് പിന്നിലെ ഗൂഡലക്ഷ്യം കെ എഫ് എ അംഗങ്ങൾ അറിയാതിരിക്കാനാണ് ഈ കള്ളക്കളി നടന്നത്. ഈ ബിഡ് പരിശോധിച്ചവരിൽ അനിൽകുമാറും ഉണ്ട്. എന്നിട്ടും ബിഡ് തള്ളിക്കളഞ്ഞില്ല. ഇതിൽ നിന്ന് അനിൽകുമാറിന്റെ അറിവോടെയാണ് കബളിപ്പിക്കൽ നടന്നതെന്ന് വ്യക്തമാണ്. കരാറിൽ പങ്കെടുത്ത കൺസോർഷ്യൽ രണ്ട് കമ്പികൾ ഉണ്ട്, ഇതിന് പുറമേ ലേലത്തിൽ പങ്കെടുത്ത മറ്റൊരു കമ്പനിയിലും ഫിറോസ് മീരാൻ ഡയറക്ടറാണ്. ഇതിനൊപ്പം സ്‌കോർലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിലും തെളിയുന്നത് ചതിയുടെ ഫുട്‌ബോൾ കളിയാണ്. അതായത് ലേലത്തിൽ പങ്കെടുത്ത മൂന്ന് കമ്പനിയിലും ഫിറോസ് മീരാൻ ഡയറക്ടറാണ്.

ബിസിസിഐ ജോയിന്റെ സെക്രട്ടറി കൂടിയായ ജയേഷ് ജോർജിനൊപ്പം കേരളാ ഫുട്‌ബോളിലെ പ്രധാനിയും ചേർന്നുണ്ടാക്കിയതാണ് സ്‌കോർലൈൻ കമ്പനി. കമ്പനി കാര്യവകുപ്പിന്റെ രേഖകൾ മറുനാടൻ നേരത്തെ പുറത്തു വിട്ടിരുന്നു. അതായത് കേരളാ ഫുട്‌ബോളിനെ കുടുംബ സ്വത്താക്കാനുള്ള ഒരു ഭാരവാഹിയുടെ ശ്രമാണ് വാണിജ്യപങ്കാളി കരാർ. മറുനാടന്റെ രേഖകൾ പുറത്തായതോടെയാണ് കെ എഫ് എ എക്സിക്യൂട്ടീവ് അംഗങ്ങളെ തെറ്റിധരിപ്പിക്കാൻ രേഖയിൽ തെറ്റായ വിവരങ്ങൾ എഴുതി ചേർത്തതെന്ന് വ്യക്തമായത്.

കരട് കരാർ പുറത്തു കൊണ്ടുവന്നതോടെ ഫുട്‌ബോൾ മേഖലയിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ കരാറിന്റെ പകർപ്പ് ഡി.എഫ്.എകളിൽ ചർച്ച ചെയ്യാനായി നൽകിയിരിക്കുകയാണ്. സംസ്ഥാനത്ത് ഫുട്‌ബോൾ സമ്പൂർണമായും കച്ചവടവത്കരിക്കുന്നതോടെ അതിന്റെ ഇരകളായി മാറാൻ പോകുന്നത് താരങ്ങളും പരിശീലകരും റഫറിമാരും താഴെത്തട്ടിലെ ക്ലബുകളും അക്കാദമികളുമാണ്. നേട്ടം കേരളാ ഫുട്‌ബോളിനെ നയിക്കുന്ന പ്രഭാകരൻ അനിൽകുമാറിനും. സ്‌കോർലൈൻ എന്ന കമ്പനിയുടെ പ്രമോട്ടർമാരിൽ ഒരാളാണ് ഈ അനിൽകുമാർ. ഇതിൽ നിന്ന് തന്നെ ഈ വാണിജ്യകരാറിന് പിന്നിൽ വ്യക്തിതാൽപ്പര്യമാണെന്ന് വ്യക്തമാണ്.

കെ എഫ് എയുടെ സെക്രട്ടറിയുടെ നേതൃത്വത്തിൽ തുടങ്ങിയതാണ് സ്‌കോർലൈൻ എന്ന സ്പോർട്സ് കമ്പനി. 2017 ജനുവരിയിലാണ് കമ്പനിയുടെ തുടക്കം. ജയേഷ് ജോർജിനും അനിൽകുമാറിനും 500 വീതം ഓഹരികൾ. ഈ രണ്ടു പേരുമാണ് കമ്പനിയുടെ പ്രമോർട്ടർമാരും ആദ്യകാല ഡയറക്ടർമാരും. 2017ൽ അരുൺ എന്ന ആളും ജെയിംസ് എന്ന വ്യക്തിയും ഈ കമ്പനിയിൽ ഡയറക്ടർമാരായി. ഈ ഡയറക്ടർമാരുടെ വിലാസത്തിൽ നിന്ന് രണ്ടു പേരും ജയേഷും അനിൽകുമാറുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണെന്ന് മനസ്സിലാകും. ഇവർ ഡയറക്ടറായതിന് പിന്നാലെ ജയേഷും അനിൽകുമാറും കമ്പനി ഡയറക്ടർ പദം ഒഴിഞ്ഞു. ഇതിന് ശേഷം രണ്ട് കൊല്ലം കഴിയുമ്പോൾ കമ്പനിക്ക് പുതിയ ഡയറക്ടറെത്തി.

മിന്ന ജയേഷായിരുന്നു ആ ഡയറക്ടർ. ജയേഷ് ജോർജിന്റെ ഭാര്യയാണ് മിന്ന. മെയ് 2019ലായിരുന്നു മിന്നയുടെ നിയമനം. ഇതോടെ ജെയിംസ് ഡയറക്ടർ പദവി ഒഴിഞ്ഞു. 2020 ജൂണിൽ അരുണും ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. പകരം എത്തിയത് ജാൻസിയാണ്. ഇവരുടെ അഡ്രസിനും അനിൽകുമാറുമായുള്ള വിലാസത്തിനും സാമ്യമുണ്ട്. ഇവരുടെ ഇമെയിൽ പരിശോധിച്ചാലും അനിൽകുമാറിന്റെ അടുത്ത ബന്ധുവാണ് ഇവരെന്ന് മനസ്സിലാകും. ഇതിന് ഇടയിലാണ് ഫിറോസ് മീരാന്റെ കമ്പനിയിലേക്കുള്ള വരവ്.