തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ആഴ്ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കോവിഡ് മൂലം കൈത്തറി മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. നേരത്തെ സർക്കാർ ജീവനക്കാർക്ക് ഖാദി മാസ്‌കുകൾ നിർബന്ധമാക്കിയിരുന്നു. എല്ലാ സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസ്‌കുകൾ ഖാദി ബോർഡിൽ നിന്ന് വാങ്ങാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. നൂറിലേറെ തവണ കഴുകി ഉപയോഗിക്കാൻ പറ്റുന്ന കട്ടിയുള്ള 'മനില' തുണി ഉപയോഗിച്ചാണ് ഖാദി ബോർഡ് മാസ്‌കുകൾ നിർമ്മിക്കുന്നത്.