ന്യൂഡൽഹി: കായിക രംഗത്തെ മികവിനു നൽകുന്ന രാജ്യത്തെ പരമോന്നത ബഹുമതിയായ ഖേൽ രത്ന അവാർഡിന്റെ പേരു മാറ്റി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന ഖേൽ രത്ന അവാർഡിന്റെ പേരാണ് മാറ്റിയത്. പുരസ്‌ക്കാരം ഇനി മുതൽ ഇന്ത്യൻ ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ പേരിൽ അറിയപ്പെടും.

ഇന്നലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് മൂന്നു തവണ ഒളിമ്പിക്സ് ഹോക്കി സ്വർണം സമ്മാനിച്ച ഇതിഹാസ താരമായ ധ്യാൻചന്ദിനോടുള്ള ആദരവായി പരമോന്നത ബഹുമതിക്ക് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് വിവിധ കോണുകളിൽ നിന്ന് തനിക്ക് അഭ്യർത്ഥനകൾ ലഭിച്ചുവെന്നും ജനഹിതം മാനിച്ച് ഖേൽരത്ന പുരസ്‌കാരത്തിന് പുനർനാമകരണം നടത്തുകയാണെന്നുമാണ് പ്രധാനമന്ത്രി പേരുമാറ്റത്തെ കുറിച്ച് പ്രതികരിച്ചത്.

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബഹുമതി ഇനി മുതൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് എന്നായിരിക്കും അറിയപ്പെടുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 1991-ലാണ് കായികരംഗത്തെ മികവനുള്ള പരമോന്നത ബഹുമതിയായി ഖേൽരത്ന അവാർഡ് നൽകാൻ തീരുമാനിച്ചത്. ആ വർഷം ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേര് പുരസ്‌കാരത്തിന് നൽകുകയായിരുന്നു.

ചെസ് താരം വിശ്വനാഥൻ ആനന്ദിനാണ് പ്രഥമ അവാർഡ് ലഭിച്ചത്. ഇതുവരെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണി, ടെന്നീസ് താരം ലിയാൻഡർ പെയ്സ്, ബോക്സിങ് ഇതിഹാസം മേരി കോം തുടങ്ങി ഇതുവരെ 43 പേർക്കാണ് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വർഷം ക്രിക്കറ്റ് താരം രോഹിത് ശർമ, പാരാലിമ്പിക് താരം ടി. മാരിയപ്പൻ, ടേബിൾ ടെന്നീസ് താരം മാണിക ബത്ര, ഗുസ്തി താരം വിനേഷ് ഫോഗാട്ട്, വനിതാ ഹോക്കി ടീം നായിക റാണി രാംപാൽ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.