മലപ്പുറം: മലപ്പുറം എടപ്പാളില അടക്കവ്യാപാരിയെ ആൽബത്തിൽ അഭിനയിക്കാനെന്ന വ്യാജേനെ തട്ടിക്കൊണ്ട് പോവുകയും മൂന്നര കോടി രൂപ നൽകാനുണ്ടെന്നും അത് നൽകണമെന്നും പറഞ്ഞ് 20 ഓളം പേരടങ്ങിയ ക്വട്ടേഷൻ സംഘം ഭീഷണിപ്പെടുത്തി കെട്ടിയിട്ട് മർദിച്ചിക്കുകയും 22 പവൻ സ്വർണ്ണവും കാറും കവർന്ന കേസിൽ എട്ടംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. സംഭവത്തിൽ പ്രധാന പ്രതി അടക്കമുള്ളവരെയാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് അറസ്റ്റ് ചെയ്തത്. നവാസ് (37) ,ഷഹീർ ഷാ ( 32 ),വിഷ്ണു എന്ന സൽമാൻ ( 32 ), അഷ്‌കർ ( 38 ), സുജിത്ത് ( 27 ), അജ്മൽ ( 24 ), സോമരാജൻ ( 47 ), ജിഷ്ണു ( 27 ) എന്നിവരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണ്ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുമായും ഒരുമാസം നീണ്ട പഴുതടച്ച അന്വേഷത്തിൽ വലയിലാക്കിയത് .

ഒക്ടോബർ 29 നാണ് ചാലിശ്ശേരി സ്വദേശിയും ചങ്ങരംകുളത്തെ അടക്കവ്യാപാരിയും ആയ ചാലിശ്ശേരി തോഴത്ത് ഷിജോയിയെയും സുഹൃത്ത് പാളിക്കാട്ടിൽ ഖാദറിനെയും മുഖ്യപ്രതിയും ആൽബം സംവിധായകനും കൂടിയായ ഷഹീർഷായുടെയും , നവാസിന്റെയും നേതൃത്വത്തിൽ ആൽബത്തിൽ അഭിനയിക്കാനെന്ന വ്യാജേനെ തട്ടിക്കൊണ്ട് പോയത്.

എടപ്പാൾ പാലപ്രക്കടുത്ത് ലൗലി കോർണ്ണറിൽ ലൊക്കേഷൻ പരിചയപ്പെടുത്തിയ ശേഷം അണ്ണംക്കംപാട് സാഗർ ലോഡ്ജിൽ എത്തിച്ച് മുൻ ബിസിനസ് പാർട്ട്ണർ കൂടിയായ ചാലിശ്ശേരി സ്വദേശിക്ക് മൂന്നര കോടി രൂപ നൽകാനുണ്ടെന്നും അത് നൽകണമെന്നും 20 ഓളം പേരടങ്ങിയ സംഘം ഭീഷണിപ്പെടുത്തുകയും വഴങ്ങാതിരുന്ന ഷിജോയിയെ കെട്ടിയിട്ട് മർദ്ദിക്കുകയും മയക്ക് ഗുളിക കൊടുത്ത് വയനാട്ടേക്ക് തട്ടിക്കൊണ്ട് പോവുകയും ചെയ്യുകയായിരുന്നു.

പിന്നീട് ഷിജോയിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന 22 പവൻ സ്വർണ്ണവും വിലകൂടിയ ഡയമണ്ട് മോതിരം , വാച്ച്, ആഡംബര കാറും അടക്കം 40 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും കവർച്ച ചെയ്ത ശേഷം 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നാട്ടിൽ ഇറക്കി വിടുകയായിരുന്നു.ഷിജോയിയെ കാണാനില്ലെന്ന് കാണിച്ച് ഷിജോയിയുടെ വീട്ടുകാർ ചാലിശ്ശേരി പൊലീസിന് നൽകിയ പരാതി പിന്നീട് ചങ്ങരംകുളം പൊലീസിന് കൈമാറുകയും ചെയ്തു.

തൃശ്ശൂർ റൈഞ്ച് ഡി.ഐ.ജി കെ.സുരേന്ദ്രന്റെയും മലപ്പുറം എസ്‌പി യു.അബ്ദുൽകരീമിന്റെയും മേൽനോട്ടത്തിൽ തിരൂർ ഡി.വൈ.എസ്‌പി സുരേഷ്ബാബുവിന്റെയും ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ചുള്ള ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയത്.എസ്‌ഐമാരായ വിജിത്ത് , ഹരിഹരസൂനു ,എഎസ്ഐ ശ്രീലേഷ് , എഎസ്ഐ സജീവ് , സിവിൽ പൊലീസ് ഓഫീസർമാരായ ഉദയകുമാർ , അരുൺ ചോലക്കൽ , തിരൂർ ഡി.വൈ.എസ്‌പി സ്‌കോഡ് അംഗങ്ങളായ എസ്‌ഐ പ്രമോദ് , എഎസ്ഐ ജയപ്രകാശ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് .