തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനിടെ കാരക്കോണം സ്വദേശി സുരേഷ് (54) മരിക്കാനിടയായത് ചികിത്സയിലെ വീഴ്ചകൊണ്ടല്ലെന്ന് ഡോക്ടർമാർ. രോഗിയെ സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളുവെന്നു നെഫ്രോളജി വിഭാഗം ഡോക്ടർമാർ പറഞ്ഞു. രോഗിയെ വീട്ടിൽനിന്ന് എത്തിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്നുള്ള സങ്കീർണതയാണ് മരണകാരണമെന്നും അവർ വിശദീകരിച്ചു.

അതേ സമയം രോഗി മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് ഡോക്ടർമാർ അറിയിച്ചെന്ന് സുരേഷിന്റെ ബന്ധു അനിൽകുമാർ വ്യക്തമാക്കി. ശസ്ത്രക്രിയയിൽ കാലതാമസമുണ്ടായോ എന്നതിൽ തെളിവില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബന്ധു പറഞ്ഞു

'ശസ്ത്രക്രിയയുമായി മുന്നോട്ടുപോകാൻ ഞങ്ങൾ നിർദേശിച്ചിരുന്നു. രോഗി മരിച്ചതിൽ വീഴ്ചയുണ്ടായില്ലെന്നും രോഗിയെ സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളുവെന്ന് നെഫ്രോളജി വിഭാഗം ഡോക്ടർമാർ പറഞ്ഞിരുന്നു. സുരേഷിനെ വീട്ടിൽ നിന്ന് എത്തിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്നുള്ള സങ്കീർണതയാണ് മരണകാരണമെന്നും ഡോക്ടർമാർ വിശദീകരിച്ചു' അനിൽകുമാർ പറഞ്ഞു.

കൊച്ചിയിൽ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാലുമണിക്കൂർ വൈകിയെന്ന് പരാതി ഉയർന്നിരുന്നു.സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തരയോഗം വിളിച്ചു. മെഡിക്കൽ കോളജ് അധികൃതരെ ഓഫിസിലേക്കു വിളിപ്പിച്ചു. അന്വേഷണത്തിനു മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. നേരത്തെ, ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആരോഗ്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി അന്വേഷിക്കും. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

പൊലീസിന്റെ സഹായത്തോടെ മൂന്നു മണിക്കൂറിൽ താഴെ സമയമെടുത്ത് എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് വൃക്ക എത്തിച്ചിട്ടും രോഗിയെ രക്ഷിക്കാനാകാത്തത് മെഡിക്കൽ സംഘത്തിലുണ്ടായിരുന്നവർക്കും വേദനയായി. ഇന്നലെ പുലർച്ചെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള രണ്ടു ഡോക്ടർമാരും ഒരു ജീവനക്കാരനും ആംബുലൻസിൽ എറണാകുളത്തേക്കു പോയത്.

മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയിൽനിന്ന് എടുത്ത വൃക്കയുമായി ഉച്ചയ്ക്ക് 2.40ന് എറണാകുളം രാജഗിരി മെഡിക്കൽ കോളജിൽനിന്നും ആംബുലൻസ് പുറപ്പെട്ടു. അപ്പോൾ മുതൽ മുന്നിൽ അകമ്പടിയായി പൊലീസ് വാഹനം ഉണ്ടായിരുന്നു. ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് വാഹനം സൈറൻ മുഴക്കി മുന്നിൽ പാഞ്ഞു. ജംക്ഷനുകളിൽ പൊലീസ് ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിനെ കടത്തി വിട്ടു. ഒരിടത്തുപോലും ആംബുലൻസിന്റെ വേഗം 60 കിലോമീറ്ററിൽ താഴെ പോകേണ്ടി വന്നിട്ടില്ലെന്ന് ആംബുലൻസ് ഡ്രൈവറായ അനസ് പറയുന്നു.

പൊലീസ് അകമ്പടിയോടെയാണ് വൈകിട്ട് 5.32ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഗേറ്റിനു വലതുവശത്തായുള്ള സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിലേക്ക് ആംബുലൻസ് എത്തിയത്. ഡോക്ടർമാരും ആംബുലൻസ് ജീവനക്കാരും ചേർന്നു പെട്ടി വാഹനത്തിനു പുറത്തേക്ക് എടുക്കുമ്പോൾ ജീവനക്കാർ ആരും സഹായിക്കാനെത്തിയില്ല. മുൻകൂട്ടി അറിയിച്ചിട്ടും ഇങ്ങനെ സംഭവിച്ചത് സംഘത്തിലുള്ളവരെ ഞെട്ടിച്ചു. റിസപ്ഷനിലേക്കു പെട്ടി കൊണ്ടുപോയെങ്കിലും അവിടെയും സ്വീകരിക്കേണ്ട ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ആംബുലൻസ് ജീവനക്കാർ പെട്ടിയുമായി ലിഫ്റ്റിൽ മുകളിലെ നിലയിലേക്കുപോയി. അവിടെ ഓപ്പറേഷൻ തിയറ്ററിന്റെ മുൻഭാഗത്തെ ആദ്യവാതിൽ അടച്ചിട്ട നിലയിലായിരുന്നു.

അഞ്ചു മിനിട്ടോളം അവിടെ നിൽക്കേണ്ടി വന്നതായി ആംബുലൻസ് ജീവനക്കാർ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിനു മുന്നിലായി മാലിന്യം ഇട്ടിരുന്ന സ്ഥലത്താണ് പെട്ടിയുമായി നിൽക്കേണ്ടി വന്നത്. പിന്നീട് ജീവനക്കാർ എത്തി പെട്ടി ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയി. എന്നാൽ, ഓപ്പറേഷൻ ആരംഭിച്ചത് 9 മണിക്ക്. ഇന്നു രാവിലെ രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവർമാർ അധികൃതരുടെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിഡിയോയും പുറത്തു വന്നു. മാധ്യമങ്ങളിൽ വാർത്ത ആയതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഡയാലിസിസ് നടക്കുന്നതിനാലാണ് ഓപ്പറേഷൻ വൈകിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

അണ്ടൂർക്കോണം സ്വദേശിയായ അനസ് വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്യുന്നു. നിരവധി രോഗികളെ ഇങ്ങനെ എത്തിച്ചിട്ടുണ്ടെങ്കിലും അശ്രദ്ധകാരണം മരിക്കുന്നത് ആദ്യമായാണെന്ന് അനസ് പറയുന്നു. ഒരുപോള കണ്ണടയ്ക്കാതെ, വെള്ളം പോലും കുടിക്കാതെയാണ് വണ്ടിയോടിച്ചത്. ഇത്രയൊക്കെ ചെയ്തിട്ടും രോഗിയെ രക്ഷിക്കാൻ സാധിക്കാതെ പോയതിൽ സങ്കടമുണ്ടെന്ന് അനസ് പറയുന്നു. സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

മെഡിക്കൽ കോളജ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ആരോഗ്യ മന്ത്രി ഓഫിസിലേക്കു വിളിച്ചു വരുത്തി വിശദീകരണം തേടി. രോഗി മരിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വൃക്ക തകരാറിലായ രോഗിക്ക് എറണാകുളത്ത് മസ്തിഷ്‌കമരണം സംഭവിച്ച ആളുടെ വൃക്കയുമായി കൃത്യ സമയത്ത് തന്നെ ആംബുലൻസ് എത്തിയിരുന്നു. എന്നാൽ ശസ്ത്രക്രിയ മണിക്കൂറുകൾ വൈകി. ഇതിന് പിന്നാലെ രോഗി മരിച്ചു.

നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്കു വേണ്ടി രോഗിയെ സജ്ജമാക്കുന്നതിൽ വീഴ്ച സംഭവിച്ചു. ശസ്ത്രക്രിയ നടത്തുന്ന വിവരം ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നിട്ട് കൂടി സെക്യൂരിറ്റി അലർട്ട് നൽകിയില്ല. ലിഫ്റ്റിനായുള്ള കാത്തിരിപ്പും ഓപ്പറേഷൻ തിയറ്ററിന് മുന്നിലെ കാത്തുനിൽപ്പും കാരണം വിലയേറിയ പത്ത് മിനിറ്റ് നഷ്ടപ്പെട്ടു. കുറ്റകരമായ ഉദാസീനത കാരണം ഒരു ജീവനാണ് നഷ്ടപ്പെട്ടത്.

ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകിരിക്കണം. കുറ്റകരമായ വീഴ്ചയുടെ ഉത്തരവാദിത്തത്തിൽനിന്ന് ആരോഗ്യമന്ത്രിക്കോ സർക്കാരിനോ ഒഴിഞ്ഞുമാറാനാകില്ല. കാലങ്ങൾ കൊണ്ട് ആരോഗ്യമേഖലയിൽ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ സർക്കാർ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.