കൊച്ചി: തൃശൂർ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷനിൽ (കില) അർബൻ ഫെലോ തസ്തികയിലേക്കുള്ള സിലക്ഷൻ നടപടി നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. സീനിയർ അർബൻ ഫെലോയായി ഡോ. രാജേഷിന്റെ നിയമനം ഹർജിയിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഹർജി മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കും.

യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള 'കില'യിലെ സീനിയർ അർബൻ ഫെലോ, അർബൻ ഫെലോ തസ്തികയിലേക്കുള്ള നിയമന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു 'കില'ഗവേണിങ് കൗൺസിൽ അംഗമായ രമ്യ ഹരിദാസ് എംപി നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്. സർക്കാർ, 'കില' അടക്കമുള്ള എതിർകക്ഷികൾ വിശദീകരണം നൽകാനും ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

അസോഷ്യേറ്റ് പ്രഫസറുടെയും അസി. പ്രഫസറുടെയും തസ്തികകൾക്കു തുല്യമായ സീനിയർ അർബൻ ഫെലോ, അർബൻ ഫെലോ തസ്തികകളിൽ സർവീസ് നിയമാവലി പ്രകാരമുള്ള യോഗ്യതയിൽ ഇളവു വരുത്തിയാണു നിയമനമെന്നാരോപിച്ചായിരുന്നു ഹർജി. ഈ തസ്തികകളിലേക്കു ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും വേണമെന്നു നിയമാവലിയിലുണ്ടെന്നു ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഇക്കാര്യത്തിൽ 2019 ഓഗസ്റ്റ് 27 നു ഗവേണിങ് കൗൺസിലും തീരുമാനമെടുത്തു. എന്നാൽ ഈ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദം മാത്രം മതിയെന്ന് 'കില' നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.