പ്യോങ്യാങ്: ഉത്തര കൊറിയയിൽ കനത്ത ഭക്ഷ്യക്ഷാമം നേരിടുന്നതായി ഔദ്യോഗികമായി അംഗീകരിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതതലയോഗത്തിലാണ് കിം രാജ്യത്ത് ഭക്ഷ്യപ്രതിസന്ധിയുള്ളതായി സമ്മതിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

ജനങ്ങൾക്കുള്ള ഭക്ഷണ ലഭ്യതയേക്കുറിച്ച് നിലവിൽ ആശങ്കയുണ്ടെന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിൽ സംസാരിച്ച കിം പറഞ്ഞു. കഴിഞ്ഞ വർഷം ഉണ്ടായ കഴിഞ്ഞ വർഷത്തെ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കത്താൽ കാർഷിക മേഖലയിലെ ഉൽപാദന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്നും കിം പറഞ്ഞു.

രാജ്യം ഗുരുതരമായ ഭക്ഷ്യക്ഷാമത്തെ അഭിമുഖീകരിക്കുകയാണ്. തലസ്ഥാനമായ പ്യോങ്യാങ്ങിൽ ഈ ആഴ്ച ആരംഭിച്ച ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ കേന്ദ്ര സമിതി യോഗത്തിലാണ് രാജ്യത്തെ ഭക്ഷ്യസാഹചര്യത്തെക്കുറിച്ച് കിം വ്യക്തമാക്കിയത്. എന്നാൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ദേശീയ വ്യാവസായിക ഉൽപാദനത്തിൽ നാലിലൊന്ന് വർധനയുണ്ടായതായും യോഗത്തിൽ കിം പറഞ്ഞു.

കോവിഡ് വ്യാപനം മുൻനിർത്തി നേരത്തെ, ഉത്തര കൊറിയ അതിർത്തികൾ അടച്ചിരുന്നു. ചൈനയുമായുള്ള വ്യാപാരം ഇതോടെ ഇടിഞ്ഞു. ഭക്ഷ്യ വസ്തുക്കൾ, വളം, ഇന്ധനം എന്നിവയ്ക്കായി ഉത്തര കൊറിയ ചൈനയെയാണ് ആശ്രയിക്കുന്നത്. ഇതോടെ ഉത്തര കൊറിയയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതായി റിപ്പോർട്ടുകൾ ഉണ്ട്. രാജ്യത്ത് ഒരു കിലോഗ്രാം വാഴപ്പഴത്തിന് 45 ഡോളർ വിലയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഉത്തര കൊറിയയിൽ കടുത്ത ഭക്ഷ്യക്ഷമമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉണ്ടായിരുന്നില്ല. അതിനിടെയാണ് കിമ്മിന്റെ പ്രഭാഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

രാജ്യാന്തര ഉപരോധം നിലനിൽക്കുന്നതിനാൽ, ഉത്തര കൊറിയ പലപ്പോഴും ഭക്ഷ്യപ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ, കാർഷിക മേഖലയെ ശക്തിപ്പെടുത്തി ഈ പ്രതിസന്ധി നേരിടുകയാണ് പതിവ്. ചൈനയിൽനിന്നാണ് ഉത്തര കൊറിയ ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും വാങ്ങുന്നത്.

രാജ്യം കടുത്ത ക്ഷാമത്തെ നേരിടുകയാണെന്ന് രണ്ട് മാസങ്ങൾക്കു മുമ്പ് കിം സൂചന നൽകിയിരുന്നു. 1990-കളിൽ ഉത്തര കൊറിയയിലുണ്ടായ കു്രപസിദ്ധമായ ക്ഷാമത്തെ ഓർമ്മിപ്പിച്ച് എല്ലാവരും ഒത്തൊരുമിച്ച് ഈ അവസ്ഥയെ നേരിടണം എന്നാണ് അന്ന് കിം പറഞ്ഞിരുന്നത്.