ന്യൂഡൽഹി: ചെങ്കോട്ടയിലെ സിഖ് പതാക കത്തിക്കലിൽ വീണ്ടും ട്വിസ്റ്റ്. കർഷക സമരത്തിന് പേരുദോഷം വരുത്താൻ നടത്തിയ ശ്രമമാണ് അക്രമത്തിൽ കലാശിച്ചതെന്ന വാദമാണ് ശക്തമാകുന്നത്. ഡൽഹിയിലെ കിസാൻ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങൾക്ക് നേതൃത്വം നൽകിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും സംഘവുമാണെന്ന് ആണെന്ന് ആരോപണം. ഇയാൾക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. ദീപ് സിദ്ദു പ്രധാനമന്ത്രിക്കും സണ്ണി ഡിയോളിനുമൊപ്പവും നിൽക്കുന്ന ചിത്രവും ചർച്ചയാകുന്നുണ്ട്. എന്നാൽ ആ ആരോപണവും ദീപ് സിദ്ദു നിഷേധിച്ചു.

കിസാൻ മോർച്ച എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. പാർലമെന്റ് മാർച്ച് സംഘടന ആലോചിച്ചിരുന്നു. എന്നാൽ അത് വേണമോ എന്ന പുനർ ചിന്തനം ശക്തമാണ്. എന്നാൽ പ്രതിഷേധം ശക്തമായി തുടരും. ഇന്നലത്തെ ടാക്ടർ റാലിയിലെ സംഭവങ്ങളാണ് അതിന് കാരണം. ഫെബ്രുവരി ഒന്നിനുള്ള പാർലമെന്റ് ഉപരോധത്തിൽ കർഷക സംഘടനകൾ എല്ലാ വശവും പരിശോധിക്കും. ഇതിന് കാരണം ദീപ് സിദ്ദുവിന്റെ ഇടപെടലാണ്. ചെങ്കോട്ടയിൽ അക്രമം നടത്തിയതും പതാക ഉയർത്തിയതും ദീപ് സിദ്ദുന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങൾക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.

കർഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സിഖ് പതാകയാണ് ഞങ്ങൾ ചെങ്കോട്ടയിലുയർത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. ഗുണ്ടാത്തലവനിൽ നിന്ന് രാഷ്ട്രീയപ്രവർത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവർ കർഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടൽ നടത്തിയിരുന്നു. ചെങ്കോട്ടയിൽ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയത്. കർഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ദീപ് സിദ്ദുവാണ്. ഇതിൽ അന്വേഷണം നടത്തണണെന്ന് സമൂഹ്യപ്രവർത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

നടനും മോഡലുമായ ദീപ് സിദ്ദു പഞ്ചാബ് സ്വദേശിയാണ്. 2015ലാണ് ദീപിന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. എങ്കിലും 2018ൽ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുർദാസ്പുരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സണ്ണി ഡിയോളിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയവരിൽ പ്രധാനികളിലൊരാൾ ദീപ് സിദ്ദുവായിരുന്നു. ചെങ്കോട്ടയിലെ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സണ്ണി ഡിയോളും ദീപ് സിദ്ദുവും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ തനിക്കോ തന്റെ കുടുംബത്തിനോ ദീപ് സിദ്ദുവുമായി അടുത്ത ബന്ധമില്ലെന്ന് വിശദീകരിച്ച് സണ്ണി ഡിയോളും രംഗത്തെത്തിയിട്ടുണ്ട്. ചെങ്കോട്ടയിൽ നടന്ന സംഭവങ്ങളെ അദ്ദേഹം അപലപിച്ചു.

കർഷക പ്രതിഷേധങ്ങളിൽ പിന്തുണ പ്രഖ്യാപിച്ച് നിരവധി സാമൂഹ്യ പ്രവർത്തകരും സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപ് സിദ്ദു ഡൽഹി-ഹരിയാന അതിർത്തിയിലെ ശംഭുവിലെത്തിയത്. പിന്നീട് സമരത്തിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുമായി കർഷകപ്രശ്നങ്ങളെക്കുറിച്ച് സംവദിച്ചു. അതേസമയം ദീപ് സിദ്ദുവിന്റെ ഇടപെടലുകളെ എതിർത്ത് ചില കർഷക നേതാക്കൾ രംഗത്തെത്തി. ദീപ് സിദ്ദുവിന് ആർഎസ്എസ്-ബിജെപി ബന്ധമുണ്ടെന്നും അദ്ദേഹം അവരുടെ ഏജന്റാണെന്നും കർഷക നേതാക്കൾ ആരോപിച്ചിരുന്നു.

ദീപ് സിദ്ദുവിന്റെ ബിജെപി ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷൺ പുറത്തുവിട്ടിരിക്കുന്നത്. ഇതും ചർച്ചയാകുന്നതുണ്ട്. സംഘർഷത്തിൽ കലാശിച്ച റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ പൊലീസിനെ കായികമായി നേരിടുന്ന പ്രതിഷേധക്കാരുടെ വീഡിയോയും പുറത്തുവന്നു.

ചെങ്കോട്ടയുടെ മകുടങ്ങളിൽ വരെ കയറുകയും കൊടിമരത്തിൽ സിഖ്(ഖൽസ) പതാക നാട്ടുകയും ചെയ്ത പ്രതിഷേധക്കാർക്കിടയിൽ നിന്ന് രക്ഷപെടാനായി 15 അടി ഉയരമുള്ള ചെങ്കോട്ടയുടെ ചുറ്റുമതിൽ പൊലീസ് ഉദ്യോഗസ്ഥർ എടുത്ത് ചാടുന്നതാണ് ദൃശ്യങ്ങളിൽ. അതീവ സുരക്ഷാമേഖലയായ ചെങ്കോട്ടയിലേക്ക് വരെ പ്രതിഷേധക്കാർ ഇരച്ചെത്തുന്നതും സിഖ് പതാക നാട്ടുന്നതും എല്ലാം വലിയ വിവാദമായി മാറുകയാണ്.