ന്യൂഡൽഹി: കർഷക സമരം അനുനിമിഷം ശക്തമാകുകയാണ്. ഇതിനിടെ ഭിന്നിപ്പിക്കലിലൂടെ സമരത്തെ നേരിടാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തന്ത്രം വിജയം കാണുന്നുവെന്ന് സൂചന. നോയിഡ-ഡൽഹി ദേശീയ പാത തുറക്കുന്നതിൽ കർഷക സംഘടന നേതാക്കൾക്കിടയിൽ ഭിന്നിപ്പ് ഇതിന്റെ ഭാഗമാണ്. ഇതോടെ നേതാക്കൾ രണ്ട് വഴിക്ക് പോകുകയാണ്.

അതിനിടെ കർഷകരെ പ്രതിരോധിക്കാൻ, തങ്ങൾക്കൊപ്പമുള്ള കർഷക സംഘടനകളെ രംഗത്തിറക്കി കേന്ദ്ര സർക്കാർ മറുനീക്കം നടത്തുന്നുണ്ട്. ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുപ്പതോളം കർഷക സംഘടനകൾ നിയമങ്ങൾക്കു പൂർണ പിന്തുണയറിയിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, സംഘടനാ നേതാക്കളെ ഡൽഹിയിൽ അണിനിരത്തി. കർഷകനെ സഹായിക്കുന്ന നിയമങ്ങൾ പിൻവലിച്ചാൽ സമരം ചെയ്യുമെന്നും സംഘടനാ നേതാക്കൾ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതും അമിത് ഷായുടെ തന്ത്രത്തിന്റെ ഭാഗമാണ്. ഇതിനിടെയാണ് സമരം നടത്തുന്ന പ്രധാന സംഘടനയിൽ ഭിന്നതയും ഉണ്ടാകുന്നത്.

ചില്ല അതിർത്തിയിലെ ദേശീയ പാത തുറക്കുന്നതിലാണ് ഭാരതീയ കിസാൻ യൂണിയന്റെ യുപി വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചത്. കർഷക സമരത്തിന് നേതൃത്വം നൽകുന്ന പ്രധാന സംഘടനകളിൽ ഒന്നാണ് ഭാരതീയ കിസാൻ യൂണിയൻ. കർഷകരുടെ പ്രതിഷേധം രൂക്ഷമാവുകയും രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്കു വരുന്ന കർഷകരെ തടയാൻ ഡൽഹി-ജയ്പുർ അതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു. നോയിഡയിൽ നിന്ന് ഡൽഹിയിലേക്കുള്ള ദേശീയപാത മാത്രമാണ് തുറന്നത്.

കഴിഞ്ഞ 14 ദിവസമായി അടഞ്ഞുകിടന്ന ദേശീയ പാത സംഘടനയുടെ അധ്യക്ഷനായ താക്കൂർ ഭാനു പ്രതാപ് സിങ്ങാണ് തുറന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി ശനിയാഴ്ച നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് അതിർത്തി തുറന്നത്. ഇതാണ് ഭിന്നിപ്പിന് കാരണം. 12 ദിവസമായി റോഡിൽ ഇരുന്ന് പ്രതിഷേധം നയിക്കുന്ന ഭാരതീയ കിസാൻ യൂണിയന്റെ ഉത്തർപ്രദേശ് യൂണിറ്റ് ചീഫ് യോഗേഷ് പ്രതാപ് ഇതിനെ എതിർത്തു. അതിർത്തി തുറക്കുന്നതിനെ എതിർത്ത യോഗേഷ് മരണം വരെ അവിടെ സത്യാഗ്രഹം ഇരിക്കുമെന്നും അറിയിച്ചു.

ഭാരതീയ കിസാൻ യൂണിയന്റെ ദേശീയ ജനറൽ സെക്രട്ടറി ചിംഹേന്ദ്ര സിങ് ചൗറോലിയും ദേശീയ വക്താവ് സതീഷ് ചൗധരിയും അതിർത്തി തുറക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് രാജിവച്ചു. കർഷകരെ ഭാനു പ്രതാപ് സിങ് ഒറ്റുകൊടുത്തെന്നാണ് ഇവർ ആരോപിക്കുന്നത്. അതിനിടെ കേന്ദ്രത്തിനു പിന്തുണയുമായി രംഗത്തുവന്നതു കടലാസ് സംഘടനകളാണെന്നു ഡൽഹി അതിർത്തിയിലെ സിംഘുവിൽ നിലയുറപ്പിച്ചിട്ടുള്ള കർഷകർ ആരോപിച്ചു. നിയമങ്ങളിലെ പോരായ്മ പരിഹരിക്കണമെന്നും വിളകൾക്കു താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കണമെന്നും ആർഎസ്എസിനു കീഴിലുള്ള സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു.

അതിനിടെ നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതിക്ക് ഒരുക്കമാണെന്നുമുള്ള മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. സമരത്തിൽ ഖലിസ്ഥാനികളുണ്ടെന്നു കേന്ദ്രം പറഞ്ഞിട്ടില്ലെന്നും അവരുമായി ബന്ധമുള്ളവർക്കു പ്രക്ഷോഭത്തിന്റെ നേട്ടം ലഭിക്കുന്നുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. പഞ്ചാബിൽനിന്നു വ്യത്യസ്ത കാർഷിക വിപണന രീതിയുള്ള കേരളത്തിൽ നിയമങ്ങൾ പ്രസക്തമല്ല. അവ നടപ്പാക്കില്ലെന്നു പറയുന്ന സംസ്ഥാന സർക്കാർ ഗ്യാലറിക്കു വേണ്ടി കളിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.

പഞ്ചാബിനും ഹരിയാനയ്ക്കും പുറമേ രാജസ്ഥാനിൽനിന്നും കർഷകർ കൂട്ടമായി ഇറങ്ങിയതോടെ, കർഷക പ്രക്ഷോഭം കടുക്കുകയാണ്. രാജസ്ഥാനിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട കർഷകരെ ഹരിയാന അതിർത്തിയിൽ വിവിധയിടങ്ങളിൽ പൊലീസ് തടഞ്ഞു. ഡൽഹി ജയ്പുർ ദേശീയപാത മണിക്കൂറുകളോളം അടച്ചു.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. 18 ദിവസം പിന്നിട്ട പ്രക്ഷോഭത്തിനു പരിഹാരം തേടി കർഷകരുമായി വീണ്ടും ചർച്ചയ്ക്കു ശ്രമം തുടരുകയാണെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.