കൊച്ചി: കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികളിൽ 80 ശതമാനം പേർക്കും മിനിമം വേതനം നൽകുന്നില്ലെന്ന് സംസ്ഥാന തൊഴിൽ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ മിനിമംകൂലി നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കിറ്റെക്സിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നേരത്തെ നൽകിയ നോട്ടീസിൽ നിന്നും തൊഴിൽ വകുപ്പ് പിന്മാറി. പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ കിറ്റെക്സിന് ജൂൺ 30 ന് മിനിമം കൂലി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് നൽകിയ നോട്ടീസാണ് മരവിപ്പിച്ചത്.

2019 ലെ മിനിമം കൂലി ശുപാർശകൾ നടപ്പാക്കിയില്ലെന്ന് കാണിച്ചായിരുന്നു അസിസ്റ്റന്റ് ലേബർ ഓഫീസർ നോട്ടീസ് നൽകിയത്. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി 2021 മാർച്ച് 26 ന് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു. അസിസ്റ്റന്റ് ലേബർ ഓഫീസറുടെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നും സൂചിപ്പിച്ച് ജൂലൈ 1 ന് കിറ്റെക്സ് അഡ്വ ബ്ലെയ്സ് കെ ജോസ് മുഖേന ലേബർ സെക്രട്ടറിക്ക് വക്കീൽ നോട്ടീസ്അയച്ചിരുന്നു.

ഹൈക്കോടതിയിലുള്ള കേസിൽ ഒന്നാം കക്ഷിയാണ് സംസ്ഥാന ലേബർ സെക്രട്ടറി. ഹൈക്കോടതി സ്റ്റേയെ കുറിച്ച്അറിഞ്ഞില്ലെന്നാണ് അസിസ്റ്റന്റ് ലേബർ ഓഫീസർ നടപടിയിൽ നിന്നും പിൻവാങ്ങികൊണ്ടുള്ള നോട്ടീസിൽ പറയുന്നത്.ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവിന്മേൽ കോടതി അന്തിമ തീർപ്പിന് വിധേയമായിരിക്കും തുടർ നടപടികൾ എന്നും നോട്ടീസിൽ സൂചിപ്പിക്കുന്നുണ്ട്. നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അസിസ്റ്റന്റ് ലേബർ ഓഫീസറുടെ പിന്മാറ്റം.

കിറ്റക്‌സിൽ 20 വർഷത്തിലേറെയായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്കുപോലും 9000 മുതൽ 12000 രൂപ മാത്രമാണ് നൽകുന്നതെന്നാണ് തൊഴിൽ വകുപ്പിന്റെ കണ്ടെത്തൽ. തൊഴിലാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൊഴിൽ വകുപ്പ് റിപ്പോർട്ട് തയ്യാറാക്കിയത്. എണ്ണായിരത്തിലേറെപേർ തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ ആറുമാസത്തെ മിനിമം കൂലി കണക്കാക്കിയാൽപ്പോലും കമ്പനി മൂന്നുകോടിയോളം രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട്. കോവിഡ് മഹാമാരിയുടെ അതിതീവ്ര വ്യാപനഘട്ടത്തിൽപ്പോലും തൊഴിലാളികളുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയുയർത്തുന്ന തൊഴിലന്തരീക്ഷമാണ് കമ്പനിയിലും ലേബർ ക്യാമ്പിലുമുണ്ടായിരുന്നതെന്ന് ആരോഗ്യവകുപ്പും റിപ്പോർട്ട് നൽകിയിരുന്നു.

തുടർച്ചയായി സർക്കാർ വകുപ്പുകളുടെ റെയ്ഡിൽ പ്രതിഷേധിച്ച് 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാബു ജേക്കബ് അറിയിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കിറ്റെക്സിന്റെ യൂണിറ്റുകളിൽ പരിശോധന നടത്തിയതെന്നും വീണ്ടും ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയ സാഹചര്യത്തിലാണ് സർക്കാരുമായി ഒപ്പുവെച്ച പദ്ധതിയിൽ നിന്നും കിറ്റെക്സ് പിന്മാറുന്നതെന്ന് സാബു ജേക്കബ് പത്രക്കുറിപ്പ് വഴി അറിയിക്കുകയായിരുന്നു.ഇതിന് പിന്നാലെ വ്യവസായ മന്ത്രി പി.രാജീവ് അനുനയശ്രമവുമായി എത്തിയെങ്കിലും ഇതുവരെ ഒത്തുതീർപ്പായിട്ടില്ല.