തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനു കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രാഥമിക യോഗ്യത ഇല്ലെന്നു വിവരാവകാശ രേഖ. യുജിസി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പിഎച്ച്ഡിയും 8 വർഷത്തെ അദ്ധ്യാപന പരിചയം വേണം. എന്നാൽ പ്രിയയ്ക്ക് പിഎച്ച്ഡി നേടിയശേഷം ഒരു മാസത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ളത്. ഈ വസ്തുതയാണ് വിവരാവകാശം ചർച്ചയാക്കുന്നത്.

സെനറ്റ് അംഗം ഡോ.ആർ.കെ.ബിജുവിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് പ്രിയയുടെ യോഗ്യതാ വിവരങ്ങളുള്ളത്. പ്രിയ 2019 ലാണു പിഎച്ച്ഡി നേടിയത്. ഡപ്യൂട്ടേഷനിൽ 2 വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടറായിരുന്നു. 2021 ജൂണിൽ തൃശൂർ കേരളവർമ കോളജിൽ അദ്ധ്യാപക തസ്തികയിൽ വീണ്ടും പ്രവേശിച്ചു. 2021 ജൂലൈയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി. അതായത് ജൂണിലും ജൂലൈയിലും മാത്രമായിരുന്നു അദ്ധ്യാപിക.

പ്രിയയ്ക്ക് പിഎച്ച്ഡി നേടിയശേഷം ഒരു മാസത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ളതെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും തസ്തികയ്ക്കു നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തിപരിചയമാണു യോഗ്യതയായി പരിഗണിക്കേണ്ടതെന്നു ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 2014 ൽ വിധിച്ചിരുന്നു. ഇതു സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് നീക്കം.

അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിൽ പ്രിയ ഉൾപ്പെടെ 6 പേരാണുണ്ടായിരുന്നത്. 4 പേർ പിഎച്ച്ഡി നേടിയ ശേഷം 813 വർഷം അദ്ധ്യാപന പരിചയമുള്ളവരാണ്. ഇവർ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ ദേശീയ, രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാൽ ഇന്റർവ്യൂ ബോർഡ് ഇവരെ പിന്തള്ളി പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകി. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം. പിന്നീട് വിസിക്ക് കാലാവധിയും നീട്ടിക്കൊടുത്തു.

പ്രിയ സമർപ്പിച്ച സാക്ഷ്യപത്രത്തിൽ 2012 മുതൽ 2021 വരെ 9 വർഷം കേരളവർമ കോളജിലെ അദ്ധ്യാപിക ആയിരുന്നുവെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. 3 വർഷം ഗവേഷണത്തിനു ചെലവഴിച്ചതും 2 വർഷം കണ്ണൂർ സർവകലാശാലയിൽ ഡപ്യൂട്ടേഷനിലായിരുന്നതും മറച്ചുവച്ചുവെന്നും ആരോപണമുണ്ട്. സർവകലാശാലയിൽ 2 വർഷം ഗെസ്റ്റ് അദ്ധ്യാപികയുമായിരുന്നു. ചുരുക്കപ്പട്ടികയിൽ പ്രിയയെ ഉൾപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റാങ്ക് പട്ടികയിൽനിന്നു പ്രിയയെ നീക്കണമെന്നും ആവശ്യപ്പെട്ട് ചാൻസലർക്കും വൈസ് ചാൻസലർക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നൽകി.

അതുകൊണ്ട് തന്നെ ഈ പരാതി വീണ്ടും ഗവർണ്ണറുടെ കോർട്ടിലെത്തുകയാണ്. വിഷയത്തിൽ ഗവർണ്ണർ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാകും. എന്നാൽ ചാൻസലർ എന്ന പദവി ഉപയോഗിക്കില്ലെന്ന നിലപാടിലാണ് ഗവർണ്ണര്. എന്നാൽ ഈ വിഷയത്തിൽ ഗവർണ്ണർ എന്തു നിലപാട് എടുക്കുമെന്നത് നിർണ്ണായകമാണ്. ഡോ. പ്രിയ വർഗീസിന്റെ നിയമന നടപടികൾ വൈകിപ്പിച്ച് കണ്ണൂർ യൂനിവേഴ്‌സിറ്റി വിവാദത്തിൽ നിലപാട് എടുക്കാതെ കാത്തിരിക്കുകയാണ്. വളരെ തിടുക്കത്തിൽ നടത്തിയ പ്രിയ വർഗീസിന്റെ നിയമന നടപടികൾക്ക് ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകേണ്ടതായിരുന്നു. എന്നാൽ, ഇക്കാര്യം യോഗത്തിന്റെ അജണ്ടയിൽനിന്ന് അവസാന നിമിഷം മാറ്റി.

ചട്ടം ലംഘിച്ചെന്ന് ആക്ഷേപമുയർന്ന സംഭവത്തിൽ പ്രിയ വർഗീസിന് ഇപ്പോൾ നിയമനം നൽകുന്നത് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന കണക്കുകൂട്ടലിലാണിത്. ഗവർണർ ഉയർത്തിയ എതിർപ്പുമായി ബന്ധപ്പെട്ട കോലാഹലം അടങ്ങിയശേഷം നിയമനം പരിഗണിക്കാനാണ് തീരുമാനം. ഇതിനിടെയാണ് പുതിയ തെളിവുകൾ പുറത്തു വരുന്നത്.

മലയാളം അസോസിയറ്റ് പ്രഫസർ സ്ഥാനത്തേക്ക് നവംബർ 12 വരെ അപേക്ഷ സ്വീകരിച്ച്, തൊട്ടടുത്ത ദിവസം തന്നെ വി സി നിയോഗിച്ച സ്‌ക്രീനിങ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് പ്രിയ ഉൾപ്പെടെ ആറുപേരുടെ ചുരുക്കപ്പട്ടികയാണ് തയാറാക്കിയത്. 21ന് ഓൺലൈനായി അഭിമുഖം നടത്തി. ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലുംഗ അഭിമുഖത്തിൽ പ്രിയ വർഗീസിന് ഒന്നാം സ്ഥാനം നൽകിയ വിവരം പുറത്തുവന്നിരുന്നു.

സിൻഡിക്കേറ്റ് യോഗത്തിൽ മാത്രമേ റാങ്ക് പുറത്തുവിടുകയുള്ളൂവെന്നായിരുന്നു നേരത്തെ വി സി പറഞ്ഞിരുന്നത്. എന്നാൽ, യോഗത്തിൽ മലയാള വിഭാഗത്തിലെ പട്ടിക മാത്രം സമർപ്പിച്ചില്ല. യോഗ്യത സംബന്ധിച്ച നിയമോപദേശം ലഭിച്ചശേഷം മാത്രമേ റാങ്ക് പട്ടികയിൽ തീരുമാനമെടുക്കാനാവൂ എന്നാണ് യോഗത്തിൽ അറിയിച്ചത്. യോഗ്യത സംബന്ധിച്ച നിയമോപദേശം പോലുമില്ലാതെ എങ്ങനെയാണ് ചുരുക്കപ്പട്ടിക തയാറാക്കിയതെന്ന ചോദ്യത്തിന് സർവകലാശാല മതിയായ ഉത്തരം നൽകിയിട്ടുമില്ല.

വി സി ഗോപിനാഥ് രവീന്ദ്രൻ സ്ഥാനമൊഴിയുന്നതിന് ദിവസങ്ങൾ മുമ്പാണ് നിയമന നടപടികൾ ഏറക്കുറെ പൂർത്തിയാക്കി പ്രിയ വർഗീസിന് നിയമനം ഉറപ്പിച്ചത്. തൊട്ടുപിന്നാലെ തീർത്തും അപ്രതീക്ഷിതമായി ഗോപിനാഥ് രവീന്ദ്രന് വി സി പദവിയിൽ പുനർനിയമനവും ലഭിച്ചു. ഈ പശ്ചാത്തലത്തിലാണ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിനുള്ള പ്രതിഫലമാണ് വി സിയുടെ പുനർനിയമനമെന്ന ആക്ഷേപം ഉയർന്നത്.