ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പെരുമാറ്റത്തിന് ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന് പിഴ. അംപയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന രീതിയിൽ ലെവൽ വൺ കുറ്റം രാഹുൽ ചെയ്തതയാണ് മാച്ച് റഫറിയുടെ കണ്ടെത്തൽ. ഐസിസി പെരുമാറ്റചട്ടത്തിലെ ആർട്ടിക്കിൾ 2.8 ലംഘിച്ചതായി കണ്ടെത്തിയ രാഹുലിന് മാച്ച് ഫീയുടെ 15 ശതമാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഓവൽ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യൻ രണ്ടാം ഇന്നിങ്സിലെ 34-ാം ഓവറിൽ വിക്കറ്റ് കീപ്പർ പിടിച്ച് പുറത്തായതിൽ രാഹുൽ അമർഷം പ്രകടിപ്പിക്കുകയായിരുന്നു. ആൻഡേഴ്സിന്റെ പന്തിൽ ബെയർ‌സ്റ്റോ ക്യാച്ചെടുത്തെങ്കിലും ഡിആർഎസാണ് വിധിയെഴുതിയത്. എന്നാൽ ബാറ്റ് പാഡിൽ തട്ടുന്നതിന്റെ ശബ്ദമാണ് കേൾക്കുന്നത് എന്ന് കാണിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോൾ രാഹുൽ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

പിഴയ്ക്കൊപ്പം ഒരു ഡീമെറിറ്റ് പോയിന്റ് കെ എൽ രാഹുലിന് വിധിച്ചു. 24 മാസത്തിനിടെ രാഹുലിന് ആദ്യമായാണ് ഡീമെറിറ്റ് പോയിന്റ് ലഭിക്കുന്നത്. ലെവൽ വൺ കുറ്റം കണ്ടെത്തിയാൽ മാച്ച് ഫീയുടെ 50 ശതമാനം പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകളോ ആണ് പരമാവധി ശിക്ഷയായി നൽകുക. എന്നാൽ 24 മാസ കാലയളവിനിടെ നാലോ അതിലധികമോ ഡീ മെറിറ്റ് പോയിന്റുകളായാൽ താരത്തിന് സസ്പെൻഷൻ ലഭിക്കും. 101 പന്തിൽ 46 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം