ന്യൂഡൽഹി: ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി ടീമുകൾക്ക് താരങ്ങളെ നിലനിർത്താനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ കെ.എൽ രാഹുലിനും റാഷിദ് ഖാനും ഒരു വർഷത്തെ വിലക്ക് നേരിടേണ്ടി വന്നെക്കുമെന്ന് റിപ്പോർട്ടുകൾ.

രാഹുലിനേയും റാഷിദിനേയും പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദാരാബാദ് ടീമുകൾ ബിസിസിഐയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ വാക്കാലുള്ള പരാതിയാണ് ലഭിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്‌സിനെ നയിച്ച കെ എൽ രാഹുലിനെയും സൺറൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനെയും നിലനിർത്താൻ ടീമുകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇരുവരും ടീമിൽ തുടരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ലഖ്‌നൗവിന്റെ വമ്പൻ ഓഫറാണ് ഇരുവരുടേയും ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയാവും മുമ്പെ ലക്‌നോ ടീമിന്റെ ഉടമകളായ ആർപിഎസ്ജി ഗ്രൂപ്പ് ഇരുതാരങ്ങളെയും ചാക്കിലാക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് പഞ്ചാബ് കിങ്‌സും, സൺറൈസേഴ്‌സ് ഹൈദരാബാദും ബിസിസിഐക്ക് പരാതി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതി ഇപ്പോൾ ബിസിസിഐയുടെ പരിഗണനലിയാണെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ ബിസിസിഐ ഇരുതാരങ്ങളെയും ഒരു വർഷത്തേക്ക് വിലക്കിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും എന്നാൽ ലക്‌നോ ടീം കളിക്കാരെ ചാക്കിട്ടു പിടിക്കാൻ ശ്രമിക്കുന്നതായി വാക്കാൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായാണ് ഇൻസൈഡ് സ്പോർട്സ് റിപ്പോർട്ട് ചെയ്തത്.

രാഹുലിന് 20 കോടിയിൽ അധികം രൂപയും റാഷിദിന് 16 കോടി രൂപ വരെയുമാണ് ലഖ്‌നൗ ഓഫർ ചെയ്തതെന്നാണ് റിപ്പോർട്ട്. നിലവിൽ രാഹുലിന്റെ പ്രതിഫലം 11 കോടിയും റാഷിദിന്റേത് ഒമ്പത് കോടിയുമാണ്.

നിലവിലുള്ള ടീമുകളിലെ കളിക്കാരെ ഇത്തരത്തിൽ സമീപിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ബിസിസിഐ നിലപാട്. കളിക്കാർക്കായി കടുത്ത മത്സരം നടക്കുന്ന സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളൊക്കെ ഉണ്ടാകുമെങ്കിലും ഇത് ശരിയായ രീതിയല്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.

നേരത്തെ രവീന്ദ്ര ജഡേജയ്ക്ക് ബിസിസിഐ ഒരു ഐപിഎൽ സീസണിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2010-ൽ രാജസ്ഥാൻ റോയൽസുമായി കരാർ നിലനിൽക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയെന്ന് തെളിഞ്ഞതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്.